
തികച്ചും അവാസ്‌തവവും തെറ്റിദ്ധാരണാജനകവുമായ പ്രസ്‌താവനകൾ നടത്തുന്നതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാൻ ഉത്തരവാദിത്വബോധമുള്ള ഒരു ജനപ്രതിനിധിയും ശ്രമിക്കില്ല. ഇങ്ങനെയുള്ള പ്രസ്താവനകളും പരമാർശങ്ങളും വ്യാഖ്യാനങ്ങളും ജനങ്ങളിൽ ചിന്താക്കുഴപ്പം സൃഷ്ടിക്കാനും സമൂഹത്തിന്റെ സമാധാനം നശിപ്പിക്കാനുമേ ഇടയാക്കുകയുള്ളൂ എന്ന തിരിച്ചറിവാണ് ഒരു രാഷ്ട്രീയ പ്രവർത്തകനും ജനപ്രതിനിധിക്കും അടിസ്ഥാനപരമായി ആദ്യം വേണ്ടത്. സത്യത്തിന്റെ നൂറിരട്ടി വേഗത്തിലാണ് നുണകൾ പ്രചരിക്കുന്നത് എന്ന സാദ്ധ്യത മുതലെടുത്താണ് ചില രാഷ്ട്രീയ നേതാക്കന്മാരെങ്കിലും 'നുണ ഫാക്ടറി"കളുടെ ഉടമകളാകാൻ ശ്രമിക്കുന്നത്. ഇതിലൂടെ ഒരേസമയം അവരെ തിരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിക്കുകയും രാജ്യത്തിന്റെ ഭദ്രതയ്ക്ക് ദോഷം വരുത്തുകയുമാണ് ചെയ്യുന്നത്.
ജനക്കൂട്ടത്തിന്റെ ആവേശം കാണുമ്പോൾ ബെല്ലും ബ്രേക്കുമില്ലാതെ എന്തും വിളിച്ചുപറയുന്ന രാഷ്ട്രീയ നേതാക്കൾ ഇന്ത്യൻ ജനാധിപത്യത്തിൽ അന്യമല്ല. അതിലൂടെ സ്വന്തം വിശ്വാസ്യത കൂടിയാണ് അത്തരക്കാർ തകർക്കുന്നത്. ഇത്തരത്തിലൊരു പ്രസ്താവനയാണ് പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി രണ്ടുദിവസം മുമ്പ് നടത്തിയത്. ബി.ജെ.പിയെ സഹായിക്കാനായി കുറ്റവാളികൾക്ക് അഭയവും ആയുധങ്ങളും നൽകുന്നത് മലയാളിയായ ആനന്ദബോസ് ഗവർണറായിരിക്കുന്ന രാജ്‌ഭവനാണെന്ന പെരുംനുണയാണ് തൃണമൂൽ എം.പി ആധികാരിക വിവരമെന്ന നിലയിൽ വിമർശനമായി ഉന്നയിച്ചത്. ഭരണഘടനയെക്കുറിച്ചും അതിന്റെ ജനാധിപത്യപരമായ ഉന്നത മൂല്യങ്ങളെക്കുറിച്ചും അഗാധമായ ബോദ്ധ്യമുള്ള പ്രഗത്‌ഭനായ മുൻ ഐ.എ.എസ് ഓഫീസർ കൂടിയായ ആനന്ദബോസിന്റെ പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാകും എം.പി ഈ വിടുവായത്തം വിളിച്ചുപറഞ്ഞത്. മാത്രമല്ല, ഗവർണർമാരെ ആക്ഷേപിച്ച് സംസാരിക്കുന്നതിലൂടെ കൈയടി നേടാനുള്ള വിലകുറഞ്ഞ ശ്രമം അടുത്ത കാലത്തായി ചില സംസ്ഥാനങ്ങളിലെ പ്രമുഖരായ രാഷ്ട്രീയ - ഭരണരംഗത്തെ നേതാക്കൾ ഒരു ഫാഷനായി പിന്തുടരുന്നുണ്ട്.
കൈയടി കിട്ടുമെന്നു കരുതി വായിൽ തോന്നുന്നത് കോതയ്ക്കു പാട്ട് എന്ന മട്ടിൽ വിളിച്ചുപറയുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള പദവി വഹിക്കുന്ന ഒരു ജനപ്രതിനിധിയും പിന്തുടരാൻ പാടില്ലാത്ത കാര്യമാണ്. സാധാരണഗതിയിൽ ഗവർണർമാർ ഇത്തരം ആരോപണങ്ങൾ അതർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണ് പതിവ്. ബംഗാളിലും ആനന്ദബോസ് അങ്ങനെയാവും പ്രതികരിക്കുക എന്നാവും ഈ പ്രസ്താവന നടത്തുമ്പോൾ തൃണമൂൽ എം.പിയും കരുതിയിട്ടുണ്ടാവുക. എന്നാൽ അതിനു വിരുദ്ധമായ പ്രതികരണമാണ് ബംഗാൾ ഗവർണറിൽ നിന്ന് ഉണ്ടായത്. ഈ ആരോപണത്തെ വളരെ ഗൗരവമായെടുത്ത ഗവർണർ പൊലീസിനെയും സി.ആർ.പി.എഫിനെയും കൂട്ടി രാജ്‌ഭവനിൽ വ്യാപകമായ പരിശോധന നടത്തുകയാണ് ചെയ്തത്. ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ ഗവർണറുടെ നേതൃത്വത്തിൽ സംഘം രാജ്‌ഭവൻ മുഴുവൻ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഇതിനായി ഗവർണർ വടക്കൻ ബംഗാൾ പര്യടനം വെട്ടിച്ചുരുക്കിയാണ് രാജ്‌ഭവനിലെത്തിയത്.
ആരോപണം ഉന്നയിച്ച തൃണമൂൽ കോൺഗ്രസ് എം.പി ഇതുവരെ ഇതിൽ പ്രതികരിച്ചിട്ടില്ല. നാലുകാലിൽ വീഴുന്ന പൂച്ചയെപ്പോലെയാണ് പഠിച്ച കള്ളന്മാരായ രാഷ്ട്രീയക്കാർ. അതിനാൽ ആയുധങ്ങളും ബോംബും എടുത്തു മാറ്റിയതിനു ശേഷമാവും പരിശോധന നടത്തിയതെന്ന, വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ആരോപണം എം.പിയിൽ നിന്ന് ഉണ്ടാകില്ലെന്ന് പറയാനാകില്ല. അടിസ്ഥാനരഹിതമായ ആരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വസ്‌തുതകളുടെയും തെളിവുകളുടെയും യാതൊരു പിൻബലവുമില്ലാതെ എന്ത് ആരോപണവും ആർക്കെതിരെയും ഉന്നയിക്കാം എന്നതാണ് ഇന്ത്യൻ ജനാധിപത്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ പ്രധാനം. ഭരണഘടനാ പദവികൾ വഹിക്കുന്നവർ ഇങ്ങനെ അവാസ്തവമായ ആരോപണങ്ങൾ ഉന്നയിച്ചാൽ സ്ഥാനനഷ്ടം ഉൾപ്പെടെ കൂടുതൽ ശിക്ഷ അവർക്ക് നൽകാൻ നിയമഭേദഗതിയും പരിഗണിക്കാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |