
ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന നിയമ നിർമ്മാണ സഭകൾ പാസാക്കുന്ന ബില്ലുകൾക്ക് ഗവർണർ (ആർട്ടിക്കിൾ 200), രാഷ്ട്രപതി (ആർട്ടിക്കിൾ 201) എന്നിവർ അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ അധികാരങ്ങളെക്കുറിച്ച് സുപ്രധാനമായ ഒരു വിശകലനമാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം നടത്തിയത്. 2025-ലെ പ്രത്യേക റഫറൻസ് നമ്പർ ഒന്ന് ആയി കണക്കാക്കപ്പെടുന്ന ഈ വിഷയം, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 143 (1) പ്രകാരം രാഷ്ട്രപതിയുടെ, ഉപദേശം തേടാനുള്ള അധികാരപരിധിയിൽ വന്നതാണ്.
സംസ്ഥാന സർക്കാരുകളും ഗവർണർമാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിൽ, ആർട്ടിക്കിൾ 200, 201 എന്നിവയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട 14 ചോദ്യങ്ങളാണ് കോടതിയുടെ പരിഗണനയ്ക്കു വന്നത്. ഈ വിഷയത്തെ ഭരണഘടനാപരമായ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 'പ്രവർത്തനപരമായ റഫറൻസ് (Functional Reference)" ആയി കോടതി വിലയിരുത്തി. ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലെ ആശയക്കുഴപ്പം ഒഴിവാക്കി ഫെഡറൽ സ്വഭാവം നിലനിറുത്താൻ ഇത് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗവർണറുടെ
ഓപ്ഷനുകൾ
ആർട്ടിക്കിൾ 200 പ്രകാരം ഒരു ബിൽ ഗവർണറുടെ മുന്നിലെത്തുത്തുമ്പോൾ അദ്ദേഹത്തിന് ലഭ്യമായ ഭരണഘടനാപരമായ ഓപ്ഷനുകൾ എന്തൊക്കെയാണ് എന്നതായിരുന്നു പ്രധാന ചോദ്യങ്ങളിലൊന്ന്. ഒരു ബിൽ അവതരിപ്പിക്കുമ്പോൾ ഗവർണർക്ക് മൂന്ന് വഴികളാണ് പ്രധാനമായുമുള്ളത്: ബില്ലിന് അംഗീകാരം നൽകുക, ബില്ലിന് അംഗീകാരം നൽകാതിരിക്കുക (അതായത്, പുനഃപരിശോധനയ്ക്കായി മടക്കി അയക്കുക), രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവയ്ക്കുക എന്നിവയാണ് ഈ മൂന്ന് ഓപ്ഷനുകൾ.
കൂടാതെ, ആദ്യത്തെ വ്യവസ്ഥ (First Proviso) അനുസരിച്ച്, ബിൽ ധനബിൽ അല്ലെങ്കിൽ, അത് നിയമസഭയ്ക്ക് പുനഃപരിശോധനയ്ക്കായി മടക്കി അയയ്ക്കാനുള്ള അധികാരവും ഗവർണർക്കുണ്ട്. ഗവർണർ 'അംഗീകാരം നൽകാതിരിക്കുക (withhold assent)" എന്നത് 'പുനഃപരിശോധനയ്ക്കായി മടക്കി അയക്കുക" എന്നതിലേക്ക് ചുരുങ്ങുന്നു എന്നും വിധിന്യായത്തിൽ വ്യക്തക്കുന്നു.
പുനഃപരിശോധനയ്ക്കു ശേഷം നിയമസഭ ഭേദഗതിയോടുകൂടിയോ അല്ലാതെയോ ബിൽ വീണ്ടും പാസാക്കി അയച്ചാൽ, ഗവർണർക്ക് വീണ്ടും അംഗീകാരം നൽകാതിരിക്കാൻ (withhold assent) കഴിയില്ല. എങ്കിലും, ആ സമയത്തും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ബിൽ മാറ്റിവയ്ക്കാനുള്ള അധികാരം ഗവർണർക്കുണ്ട്. ഗവർണറുടെ ഈ അധികാരങ്ങൾ ഇന്ത്യൻ ഫെഡറലിസത്തിന്റെ സഹകരണ സ്വഭാവവും 'ചെക്ക്സ് ആൻഡ് ബാലൻസസ്" സംവിധാനവും വ്യക്തമാക്കുന്നു.
മന്ത്രിസഭാ
ഉപദേശം
ബില്ലിന് അംഗീകാരം നൽകുന്ന കാര്യത്തിൽ ഗവർണർ മന്ത്രിസഭയുടെ ഉപദേശത്തിന് (Aid and Advice) വിധേയനാണോ എന്നതും പ്രധാനമായി പരിഗണിച്ചു. എല്ലാ സാഹചര്യങ്ങളിലും മന്ത്രിസഭയുടെ ഉപദേശം അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനല്ല. ഭരണഘടനയെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്ന തന്റെ കർത്തവ്യം നിറവേറ്റാൻ, ബിൽ രാഷ്ട്രപതിക്കായി മാറ്റിവയ്ക്കുന്നതുപോലുള്ള ചില ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നതിൽ ഗവർണർക്ക് വിവേചനാധികാരം (Discretion) ഉണ്ട്.
ബില്ലുകളിൽ തീർപ്പുകൽപ്പിക്കുന്നതിന് ഗവർണർക്കും രാഷ്ട്രപതിക്കും ഒരു സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് കഴിയുമോ എന്നതായിരുന്നു മറ്റൊരു ശ്രദ്ധേയമായ ചോദ്യം. ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ, കോടതിക്ക് ഒരു സമയപരിധി നിർബന്ധമാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൂടാതെ, ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അംഗീകാരം ഇല്ലാതെ ബില്ലുകൾ നിയമമായി മാറുന്ന 'അംഗീകാരം ലഭിച്ചതായി കണക്കാക്കുക' (Deemed Assent) എന്ന ആശയം ഭരണഘടനാ പദ്ധതിക്ക് വിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ആർട്ടിക്കിൾ 361 പ്രകാരം ഗവർണർക്ക് വ്യക്തിപരമായ നിയമ പരിരക്ഷയുണ്ടെങ്കിലും, ദീർഘകാലമായുള്ള നിഷ്ക്രിയത്വത്തിന്റെ (Prolonged Inaction) സാഹചര്യങ്ങളിൽ ഗവർണർ എന്ന ഭരണഘടനാ പദവിക്ക് പരിമിതമായ ജുഡീഷ്യൽ അവലോകനത്തിന് വിധേയമാക്കേണ്ടി വരും. 'തടസപ്പെടുത്തലല്ല, സംവാദവും അനുരഞ്ജനവും സന്തുലിതാവസ്ഥയു"മാണ് ഭരണഘടനാ തത്വങ്ങളുടെ കാതൽ എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് സുപ്രധാനവും നിയമപരവുമായ ഈ അഭിപ്രായം ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ ഘടനയിൽ കൂടുതൽ വ്യക്തത നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |