SignIn
Kerala Kaumudi Online
Wednesday, 03 December 2025 1.09 AM IST

സാഹസിക ടൂറിസത്തിന് സുരക്ഷ ഉറപ്പാക്കണം

Increase Font Size Decrease Font Size Print Page

sky-dining

ഇന്നത്തെ കാലത്ത് വിനോദസഞ്ചാര സംഘങ്ങൾ പോകുന്നത് അതുവരെ കണ്ടിട്ടില്ലാത്ത ഒരു സ്ഥലം കാണാനായി മാത്രമല്ല, അത്തരം സ്ഥലങ്ങളിലെ മറ്റെങ്ങുമില്ലാത്ത പ്രത്യേകതകൾ ആസ്വദിക്കാനും പ്രാദേശിക ഭക്ഷണം രുചിക്കാനും സാഹസിക വിനോദങ്ങളിൽ ഏർപ്പെടാനും മറ്റും കൂടിയാണ്. ഇതെല്ലാം ഉൾപ്പെടുത്തിയ പാക്കേജാവും ടൂറുകൾ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ഏജൻസികൾ മുന്നോട്ടുവയ്ക്കുന്നത്. ഇതിൽ തന്നെ സാഹസിക ടൂറിസം ആസ്വദിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവരുന്നതിനാൽ സ്കൈയിംഗ്, സ്‌കീയിംഗ്, ട്രെക്കിംഗ് എന്നിവയൊക്കെ ടൂറിസത്തിന്റെ അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുന്നു.

ആധുനിക ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പരിശീലകരുടെയും മറ്റും സഹായത്തോടെയാണ് സാഹസിക സംവിധാനങ്ങൾ ഒരുക്കുന്നതെങ്കിലും ഏതു നിമിഷവും അപകടത്തിന്റെ സാദ്ധ്യത കൂടി ഉൾപ്പെടുന്നതാണ് ഇത്തരം സംരംഭങ്ങൾ. കൃത്യമായ ഓഡിറ്റിംഗിന്റെയും മാർഗ്ഗരേഖയുടെയും അടിസ്ഥാനത്തിലാവണം സാഹസിക ടൂറിസം നടത്തപ്പെടേണ്ടത് എന്നതിലേക്ക് വിരൽചൂണ്ടുന്ന സംഭവമാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇടുക്കിയിലെ മൂന്നാറിന് സമീപമുള്ള ആനച്ചാലിൽ നടന്നത്. ക്രെയിനിന്റെ ഹൈഡ്രോളിക് ലിവർ തകരാറിലായതിനെത്തുടർന്ന് രണ്ട് കൊച്ചു കുട്ടികളും ഭാര്യയും ഭർത്താവും അടങ്ങുന്ന കുടുംബത്തിനും ഒരു ജീവനക്കാരിക്കും മൂന്ന് മണിക്കൂറോളമാണ് ആകാശത്ത് 120 അടി ഉയരത്തിൽ കുടുങ്ങിക്കിടക്കേണ്ടിവന്നത്. ആശങ്കയുടെ മുൾമുനയിൽ നിറുത്തിയ മണിക്കൂറുകൾക്ക് ശേഷം ഫയർഫോഴ്സ് എത്തിയാണ് റോപ്പ് ഉപയോഗിച്ച് ഓരോരുത്തരെയായി താഴെ എത്തിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായി മാത്രം കണ്ട് അവഗണിക്കാനാവുന്നതല്ല. ടൂറിസ്റ്റുകളുടെ ജീവൻ വച്ച് പന്താടുന്നതായി സാഹസിക ടൂറിസം മാറാനും പാടില്ല. അതിനാൽ ഇത്തരം പദ്ധതികൾക്ക് ലൈസൻസ് നൽകുന്നതിന് മുമ്പ് സർക്കാർ ശക്തമായ നിയമങ്ങളും വ്യക്തമായ പ്രോട്ടോക്കോളും രൂപീകരിക്കണം.

ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു അനാസ്ഥ ഉണ്ടാകാൻ പാടുള്ളതല്ല. വിദേശ രാജ്യങ്ങളിൽ സാഹസിക ടൂറിസത്തിന് കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ഉള്ളത്. അതൊക്കെ അവർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് അധികാരികൾ ഉറപ്പാക്കുകയും ചെയ്യും. ഇത്തരം പദ്ധതികൾ കൃത്യമായ ഇടവേളകളിൽ നിരീക്ഷിക്കാനും നിർദ്ദേശം നൽകാനും പഞ്ചായത്ത് അധികൃതർക്ക് വൈദഗ്ദ്ധ്യം ഉണ്ടാകണമെന്നില്ല. അതിനാൽ ഇതിനായി പ്രത്യേക സാങ്കേതിക സമിതിയെ രൂപീകരിക്കുന്ന കാര്യം ടൂറിസം വകുപ്പ് ആലോചിക്കേണ്ടതാണ്.

അപകടം ഉണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള പദ്ധതിയും ഓരോ സ്ഥാപനത്തിനും ഉണ്ടായിരിക്കണം. ക്രെയിനിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായാൽ പോലും മുകളിലെത്തിയവരെ എങ്ങനെ താഴെയിറക്കാമെന്നതിന് മുൻതൂക്കം നൽകുന്ന രക്ഷാപദ്ധതിയും നേരത്തേ ആവിഷ്കരിച്ച് ഉറപ്പിക്കേണ്ടതാണ്.

ആനച്ചാലിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് നടത്തിയ രക്ഷാപ്രവർത്തനം അങ്ങേയറ്റം അഭിനന്ദനീയമാണ്. കയർ ഉപയോഗിച്ച് ഒരാൾ മുകളിലെത്തി കുടുങ്ങിയവരെ താഴെയിറക്കുകയും സുരക്ഷാവല വിരിക്കുകയും ചെയ്യാൻ കഴിഞ്ഞത് അവർക്ക് അതിനുള്ള ശാസ്‌ത്രീയമായ പ്രത്യേക പരിശീലനം നേരത്തേ ലഭിച്ചിരുന്നതിനാലാണ്. ടൂറിസം മേഖലകളിലുള്ള അഗ്നിശമനാ യൂണിറ്റുകളിൽ ഇത്തരം പ്രത്യേകം പരിശീലനം ലഭിച്ചവരെ നിയോഗിക്കുന്നതിനും മുൻതൂക്കം നൽകേണ്ടതാണ്. സാഹസികത ആസ്വദിക്കാൻ പോകുന്ന ഓരോ വ്യക്തിക്കും നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകളും വളരെ പ്രധാനമാണ്.

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാൽ ലൈസൻസ് നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് കർശനമായി നൽകുകയും വേണം. ഇടുക്കിയിലെ ഈ സംഭവം ഒരു ജാഗ്രതാ നിർദ്ദേശമായി കണക്കിലെടുത്ത് ഉചിതമായ നടപടികൾ അധികൃതർ സ്വീകരിച്ചാൽ ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതെ ഒഴിവാക്കാനാകും.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.