SignIn
Kerala Kaumudi Online
Saturday, 06 December 2025 7.33 AM IST

ഒരു യുവനേതാവിന്റെ ഉദയവും പതനവും

Increase Font Size Decrease Font Size Print Page

sa

മഗ്‌ദലന മറിയത്തെ ആൾക്കൂട്ടം കല്ലെറിഞ്ഞപ്പോൾ,​ കല്ലെറിയരുത് എന്നല്ല യേശുദേവൻ പറഞ്ഞത്,​ 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്നാണ്. അങ്ങനെ വരുമ്പോൾ ആർക്കും കല്ലെറിയാനാകില്ല. കാരണം മനസ്സുകൊണ്ടെങ്കിലും പാപം ചെയ്യാത്തവരായി ആരും സമൂഹത്തിൽ ഉണ്ടാകില്ല. ഇത് ആരുടെയും തെറ്റല്ല. മനസ്സിന്റെ നിർമ്മിതി തന്നെ അങ്ങനെയാണ്. 'മനമോടാത്ത കുമാർഗമില്ലെടോ" എന്നാണല്ലോ കവിയും പറഞ്ഞിരിക്കുന്നത്. എന്നാൽ ഒരു വ്യക്തി സമൂഹത്തിന്റെ ഭാഗമായി ജീവിക്കുമ്പോൾ മനസ്സിൽ തോന്നുന്ന അരുതാത്ത ചിന്തകൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ വിവേകമുള്ള ആരും തുനിയില്ല. മനുഷ്യനെയും മൃഗങ്ങളെയും വേർതിരിക്കുന്ന പ്രധാന വ്യത്യാസവും അതാണ്. സമൂഹത്തിന്റെ കാഴ്ചപ്പാട്, മുതിർന്നവരുടെ വാക്കുകൾ, മാനഹാനി, നീതിപീഠങ്ങളെക്കുറിച്ചുള്ള ഭയം തുടങ്ങിയവയാണ് തെറ്റു ചെയ്യുന്നതിൽ നിന്ന് മനുഷ്യനെ കടിഞ്ഞാണിട്ട് പിറകോട്ടു വലിക്കുന്ന ഘടകങ്ങൾ. അതാണ് പിന്നീട് ഒരു വ്യക്തിയുടെ സംസ്കാരവും സ്വഭാവ വൈശിഷ്ട്യവുമായി മാറുന്നത്.

പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നവർ മറ്റുള്ളവർക്ക് മാതൃകയാകേണ്ടവരാണ്. അവരുടെ ഭാഗത്തുനിന്ന് സംസ്കാരശൂന്യവും സദാചാരവിരുദ്ധവുമായ പ്രവൃത്തികൾ ഉണ്ടായാൽ അതിനെ സമൂഹം നിശിതമായി വിമർശിക്കും. ജനങ്ങളെ നയിക്കാൻ നിയോഗിക്കപ്പെട്ടവർ തെറ്റായ വഴിയിലൂടെ സഞ്ചരിച്ചെന്ന് ബോദ്ധ്യപ്പെട്ടാൽ അവരെ കൈയൊഴിയുക എന്നതല്ലാതെ ജനങ്ങൾക്കു മുന്നിൽ മറ്റൊരു വഴിയില്ല. പാലക്കാട് എം.എൽ.എ ആയ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് അതാണ്. അദ്ദേഹം ആത്യന്തികമായി തെറ്റ് ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്നതൊക്കെ വിധിക്കേണ്ടത് നീതിപീഠമാണ്. എന്നാൽ,​ അതുവരെ അദ്ദേഹത്തിന് ഒരു കുറ്റാരോപിതന്റെ തണൽ ഒരുമാതിരിപ്പെട്ട ഒരു സമൂഹത്തിനും പാർട്ടിക്കും നൽകാനാവില്ല. അതിനാൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ നടപടി മാതൃകാപരമാണെന്നു തന്നെ പറയണം.

തിരഞ്ഞെടുപ്പുകളുടെ സമയത്ത് രാഷ്ട്രീയക്കാർ എളിമയും വിനിയവും പ്രത്യക്ഷമായി പ്രകടിപ്പിക്കുകയും ജനങ്ങൾ ഒരു വിഷയത്തിൽ എങ്ങനെയാവും പ്രതികരിക്കുക എന്ന് ആശങ്കപ്പെടുകയും ചെയ്യും. പലപ്പോഴും 'ഇന്ന തെറ്റിന് ഇന്ന ശിക്ഷ" എന്ന രീതിയിൽ തത്വത്തിന്റെ അടിസ്ഥാനത്തിലല്ല ഇവിടെ ഒരു രാഷ്ട്രീയകക്ഷിയും നടപടിയെടുക്കുന്നത്. നിലനിൽക്കുന്ന സാഹചര്യവും സന്ദർഭവുമാണ് മറ്റെന്തിനേക്കാളും നടപടിക്ക് അവരെ പ്രേരിപ്പിക്കുന്നത്. താത്‌കാലികമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയഭാവിക്കു മേൽ ഈ സംഭവം കരിനിഴൽ വീഴ്‌ത്തിയിരിക്കുകയാണ്. 'വേലി ചാടുന്ന പശുവിന് കോലുകൊണ്ട് മരണം" എന്ന് പഴമക്കാർ പറയുന്നത് ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലാവണം. എന്തായാലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് സ്വീകരിച്ച നടപടിയെക്കുറിച്ചും,​ ശാരീരികമായി ചൂഷണം ചെയ്തതായുള്ള വനിതകളുടെ ആരോപണവും കേസും നേരിടുന്ന ഇടതുപക്ഷത്തെ ജനപ്രതിനിധിക്കും ചില നേതാക്കൾക്കുമെതിരെ ഇടതുപക്ഷം സ്വീകരിക്കാത്ത നടപടിയെക്കുറിച്ചും കോൺഗ്രസ് നേതാക്കൾ പ്രസംഗിക്കുമെന്ന് ഉറപ്പാണ്.

ഇടതുപക്ഷം ഇതിനെ എങ്ങനെ പ്രതിരോധിക്കുന്നു എന്നതും വളരെ പ്രധാനമാണ്. വിമർശനങ്ങളും മറുപടികളും എന്താണെങ്കിലും അതെല്ലാം എത്രത്തോളം പ്രസക്തമായിരുന്നു,​ അല്ലെങ്കിൽ അപ്രസക്തമായിരുന്നു എന്നു തെളിയിക്കുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ ചർച്ച പൊടിയിട്ട പോലെ അടങ്ങാനാണ് സാദ്ധ്യത. പക്ഷേ അപ്പോഴും തീരാതെ തുടരുന്നതാവും ശബരിമല വിഷയം. അതാകട്ടെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്തോറും ആളിക്കത്തുന്നതുമായിരിക്കും.

രാഷ്ട്രീയത്തിൽ വളർന്നുവരുന്ന പുതുതലമുറക്കാർ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉദയവും നട്ടുച്ചയ്ക്കുള്ള പതനവും ഒരു പാഠമാക്കിയാൽ അവർക്കും സമൂഹത്തിന്റെ ഭാവിക്കും അത് നല്ലതായിരിക്കും.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.