
നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും നിർബാധം സമൂഹത്തിൽ സാക്ഷരരുടെയും നിരക്ഷരരുടെയും ഇടയിൽ നടന്നുവരുന്ന ചില കാര്യങ്ങളുണ്ട്. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് സ്‌ത്രീധനം. ഏതു മതവിഭാഗത്തിൽപ്പെട്ടവരായാലും മാതാപിതാക്കൾക്ക് ഏറ്റവും ചെലവ് വരുത്തിവയ്‌ക്കുന്ന ഒന്നാണ് പെൺമക്കളുടെ വിവാഹം. ആഭരണങ്ങൾ വാങ്ങാനും വിവാഹം സാമാന്യം നല്ല രീതിയിൽ നടത്താനും ഇന്നത്തെ കാലത്ത് കുറഞ്ഞ തുകയൊന്നും പോരാ. അതിസമ്പന്നർ നടത്തുന്ന അത്യാഡംബര വിവാഹങ്ങളെ ചെറിയ തോതിലെങ്കിലും അനുകരിക്കാനാണ് മദ്ധ്യവർഗ്ഗത്തിലുള്ളവർപോലും ശ്രമിക്കുന്നത്. വിവാഹവേദി ബുക്ക് ചെയ്യുന്നതിന് തന്നെ ലക്ഷങ്ങൾ വേണ്ടിവരും. ഇതിന് പുറമെ ആഭരണത്തിനും വസ്‌ത്രങ്ങൾക്കും അലങ്കാരത്തിനും മേക്കപ്പിനും ഫോട്ടോഗ്രഫിക്കും മറ്റുമായി ഇവന്റ് മാനേജ്‌മെന്റുകാർക്ക് വലിയ ഒരു തുക കൈമാറേണ്ടിവരുന്നു. വിവാഹം എങ്ങനെ നടത്തുന്നു എന്നത് വിലയിരുത്തിയാണ് സമൂഹത്തിലെ ഓരോരുത്തരുടെയും സ്ഥാനം പോലും നിശ്ചയിക്കപ്പെടുന്നത്. ലോകത്ത് മറ്റൊരിടത്തുമില്ലാത്ത രീതിയിലുള്ള ദുർവ്യയമാണ് വിവാഹങ്ങളുടെ പേരിൽ നമ്മുടെ രാജ്യത്ത് നടക്കുന്നത്. വിദേശങ്ങളിലും മറ്റും ഏറ്റവും അടുപ്പമുള്ള പരമാവധി 200 പേരാവും ഒരു വിവാഹത്തിൽ പങ്കെടുക്കുക. ഇവിടെയാകട്ടെ അത് രണ്ടായിരമായി മാറും. ലളിതമായ രീതിയിൽ വിവാഹം നടത്തണമെന്ന് പറയാനും ഉദ്‌ബോധിപ്പിക്കാനും പറയത്തക്ക നവോത്ഥാന നായകരൊന്നും യത്നിക്കുന്നുമില്ല. ഈ വിവാഹ ചെലവിന്റെ എത്രയോ ഇരട്ടിയാണ് സ്‌ത്രീധനമായി കൈമാറുന്നത്. ഭൂരിപക്ഷം പേരും ഇതിന് തെളിവൊന്നും അവശേഷിപ്പിക്കാറില്ല. നിയമപരമായി അത് തെറ്റാണെന്നതാണ് അതിനിടയാക്കുന്നത്. എന്നാൽ ചിലർ സമുദായങ്ങളുടെ വിവാഹ രജിസ്റ്ററിൽ നൽകിയ സ്വർണത്തിന്റെയും തുകയുടെയും വിവരങ്ങൾ രേഖപ്പെടുത്താറുണ്ട്. വിവാഹം വേർപിരിയലിൽ കലാശിച്ചാൽ പിന്നീട് തിരിച്ച് ചോദിക്കുന്നതിന് ഇത് തെളിവായി മാറും. എന്നാൽ വിവാഹ മോചിതയാകുന്ന മുസ്ളിം സ്‌ത്രീക്ക് ഇതിന് അർഹതയില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. അതേസമയം ഇത് തെറ്റാണെന്നും വിവാഹ സമയത്ത് ഭർത്താവിന് തന്റെ പിതാവ് നൽകിയ പണവും സ്വർണാഭരണങ്ങളും തിരിച്ചെടുക്കാൻ വിവാഹ മോചിതയായ മുസ്ളിം സ്‌ത്രീക്ക് അർഹതയുണ്ടെന്നും സുപ്രീംകോടതി വിധിച്ചിരിക്കുന്നു.1986-ലെ മുസ്ളിം സ്ത്രീ വിവാഹമോചന അവകാശ സംരക്ഷണ നിയമം ഇതിനുള്ള അർഹത നൽകുന്നുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കരോൾ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പിതാവ് ഭർത്താവിന് നൽകിയതും വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്തിയതുമായ ഏഴുലക്ഷം രൂപയും സ്വർണാഭരണങ്ങളും തിരിച്ചുകിട്ടണമെന്ന, വിവാഹമോചിതയായ മുസ്ളിം സ്‌ത്രീയുടെ പരാതി കൽക്കട്ട ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 2005-ലായിരുന്നു പരാതിക്കാരിയുടെ വിവാഹം. 2011-ൽ വിവാഹ മോചിതയായി. തുടർന്നാണ് 7 ലക്ഷം രൂപയും സ്വർണാഭരണങ്ങളുമടക്കം 17.67 ലക്ഷം രൂപയുടെ വിവാഹ സമ്മാനങ്ങൾ തിരിച്ചുകിട്ടാൻ പരാതിക്കാരി നടപടി ആരംഭിച്ചത്. വിവാഹ രജിസ്ട്രാറുടെയും വധുവിന്റെ പിതാവിന്റെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കൽക്കട്ട ഹൈക്കോടതി പരാതി തള്ളിയത്.
സ്‌ത്രീകൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്ന തരത്തിലായിരിക്കണം നിയമത്തെ വ്യാഖ്യാനിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി ഉന്നത കോടതി റദ്ദാക്കിയത്. പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകണമെന്ന് ഭർത്താവിന് നിർദ്ദേശം നൽകിയ കോടതി, വൈകുന്നപക്ഷം ഒമ്പതു ശതമാനം പലിശ നൽകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
വിവാഹം വേർപിരിഞ്ഞിട്ടും വധുവിന്റെ സ്വർണാഭരണങ്ങളും സ്വത്തുക്കളും തിരിച്ച് നൽകാത്ത നിരവധി സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്. പെണ്ണിനെ വേണ്ട, എന്നാൽ പെണ്ണിന്റെ സ്വത്ത് വേണം എന്ന മനോഭാവം പുലർത്തുന്ന എല്ലാ മതത്തിൽപ്പെട്ടവർക്കും ശക്തമായ ഒരു മുന്നറിയിപ്പ് നൽകുന്നതാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |