
കൊല്ലം കൊട്ടിയത്തിനടുത്ത് ദേശീയപാതയിലെ ഉയരപ്പാത നിർമ്മാണം തകർന്നത് നാടിനെ നടുക്കിയെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. അത്യാഹിതം ഒന്നും സംഭവിച്ചില്ലെന്നത് ഭാഗ്യമെന്നേ പറയേണ്ടു. സർവീസ് റോഡിലൂടെ കടന്നുപോയ സ്വകാര്യ സ്‌കൂൾ ബസും മൂന്നു കാറുകളും വിള്ളലുണ്ടായ ഭാഗത്ത് കുടുങ്ങിയിരുന്നു . കുട്ടികളെ മറ്റു വാഹനങ്ങളിൽ വീടുകളിൽ എത്തിക്കുകയായിരുന്നു. തിരക്കേറിയ ഈ പാത ഏതു സമയവും അപകടം പതിയിരിക്കുന്ന ഒന്നാണെന്ന ചിന്ത യാത്രക്കാരിൽ ശക്‌തിപ്പെടാൻ ഇതിടയാക്കുമെന്നതിൽ സംശയമില്ല. ഇന്നലെ അഗാധ ഗർത്തം ഉണ്ടായ സ്ഥലത്ത് ശരിക്കും മേൽപ്പാലം പണിയുകയായിരുന്നു വേണ്ടിയിരുന്നതെന്ന് നേരത്തെ വിദഗ്ദ്ധോപദേശം ലഭിച്ചിരുന്നതാണ്. എന്നാൽ അത് വകവച്ചില്ലെന്നുവേണം കരുതാൻ .
മണ്ണിന്റെ സ്വഭാവം ശാസ്‌ത്രീയമായി പഠിച്ച് ഡിസൈൻ തയ്യാറാക്കാതിരുന്നതാണ് ഇപ്പോഴത്തെ സംഭവത്തിലേക്ക് വഴിതെളിച്ചതെന്നാണ് പ്രാഥമിക നിഗമനം. വയലിനോടു ചേർന്നുള്ള ഭാഗത്ത് പാത ബലപ്പെടുത്തുന്നതിനുള്ള യാതൊരു നടപടിയും ദേശീയപാത അതോറിട്ടിയും കരാർ കമ്പനിയും സ്വീകരിച്ചിരുന്നില്ല. പദ്ധതിയുടെ വിശദരേഖ തയ്യാറാക്കുമ്പോൾ തന്നെ മണ്ണിന്റെ ബലം സംബന്ധിച്ചു പഠനം നടത്തി നിർമ്മാണരീതി നിർദ്ദേശിക്കേണ്ടതാണ്. എന്നാൽ ഇക്കാര്യത്തിലെല്ലാം ഗുരുതരമായ വീഴ്‌ചയാണ് സംഭവിച്ചിട്ടുള്ളത്. മാത്രമല്ല ഉയരപ്പാതയുടെ മുകൾ ഭാഗത്ത് നാലടിയോളം താഴ്‌ചയിൽ മാത്രമാണ് പശയുള്ള ചെമ്മണ്ണിട്ടത്. അതിനു താഴെയാകട്ടെ അഷ്ടമുടിക്കായലിൽ നിന്നുള്ള മണൽ കലർന്ന ചെളിയാണ് നിറച്ചിരുന്നത്. പാർശ്വഭിത്തി റോഡിലേക്ക് പതിക്കാതിരുന്നതിനാലാണ് വൻ ദുരന്തമൊഴിവായത്. റോഡ് തകർന്ന ഭാഗത്ത് ഇരുവശങ്ങളിലും 150ഓളം മീറ്റർ നീളത്തിൽ വയലാണ്. വയലിനു നടുവിലൂടെയുള്ള തോട് റോഡിനു കുറുകെയാണ് കടന്നുപോകുന്നത്. തോട്ടിൽ നിന്നും വെറും പത്തു മീറ്റർ മാറി സമാന്തരമായാണ് അടിപ്പാത നിർമ്മാണം.
റോഡ് ഇടിഞ്ഞ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്തയച്ചിട്ടുണ്ട്. പൊതുമരാമത്ത് സെക്രട്ടറിയോട് അടിയന്തര റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പൊതുമരാമത്ത് വകുപ്പുമായി ഉറ്റബന്ധം പുലർത്തുകയും കേരളത്തിലെ റോഡ് നിർമ്മാണ പ്രക്രിയയിൽ വേണ്ട സഹായങ്ങൾ നൽകാനും മുൻകൈയെടുക്കുന്ന മന്ത്രിയാണ് നിതിൻ ഗഡ്‌കരി. മലബാറിൽ ദേശീയപാത നിർമ്മാണത്തിനിടെ ഇടിവുണ്ടായപ്പോൾ അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നു. ഉത്തരവാദികളായവരെ പിരിച്ചുവിടാനും മടിച്ചില്ല.
ഉയരപ്പാത നിർമ്മാണത്തിന്റെ ഉത്തരവാദിത്വം പലപ്പോഴും കരാറുകാരിൽ പഴിചാരി കൈകഴുകുന്ന സ്വഭാവമാണ് ദേശീയപാത അതോറിട്ടി സ്വീകരിക്കാറുള്ളത്. കരാർ ലഭിക്കുന്ന കമ്പനിയാകട്ടെ സബ് കോൺട്രാക്‌ടുകളും നൽകും. പിന്നെയെല്ലാം തോന്നുംപടിയായിരിക്കും. ഇക്കാര്യത്തിൽ ദേശീയപാത അതോറിട്ടിക്കു തന്നെയാണ് സുപ്രധാന ഉത്തരവാദിത്വം. അവരുടെ ഉദ്യോഗസ്ഥർ നേരിട്ടു മേൽനോട്ടം വഹിച്ചു വേണം പാത നിർമ്മാണം പൂർത്തിയാക്കാൻ. അല്ലാതെ ജനങ്ങളുടെ ജീവൻ വച്ചു പന്താടുകയല്ല വേണ്ടത്. കേരളത്തിലെ റോഡുകളുടെ വികസനത്തിൽ സസ്ഥാന പൊതുമരാമത്ത് വകുപ്പ് നല്ല പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. ദേശീയപാത വികസന കാര്യങ്ങളിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരികരിയെ നേരിട്ടു കണ്ട് നിർമ്മാണപ്രക്രിയ വേഗത്തിലാക്കാനുള്ള പരിശ്രമവുംനടത്തുന്നുണ്ട്.എന്നാൽ ദേശീയ പാത അതോറിട്ടിക്കാരുടെ കെടുകാര്യസ്ഥത കാരണം കേരളത്തിലെ ദേശീയപാത നിർമ്മാണം വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മുമ്പുണ്ടായ അപകടങ്ങൾ തന്നെ ഉദാഹരണം.
കൊട്ടിയം സംഭവത്തിൽ കടുത്ത നടപടികൾ സ്വീകരിക്കാൻ ദേശീയപാത അതോറിട്ടി
തയ്യാറാകണം. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും കരാർ കമ്പനിയെ ഒഴിവാക്കി കരിമ്പട്ടികയിൽ പെടുത്തുകയുംവേണം.അല്ലാതെ ഉദ്യോഗസ്ഥർക്കു സ്ഥലംമാറ്റവും കരാർ കമ്പനിയെ ഒരുമാസം മാറ്റി നിറുത്തുന്നതുമായ നടപടികളല്ല വേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |