
കൂടുതൽ മാർക്ക് നേടിയാൽ സംവരണ വിഭാഗങ്ങൾക്ക് ജനറൽ വിഭാഗത്തിലും പ്രവേശനം നേടാൻ അർഹതയുണ്ടെന്ന് സുപ്രീംകോടതി ഒരു വിധിയിൽ വ്യക്തമാക്കിയിരിക്കുന്നു. സംവരണ വിഭാഗത്തിൽ നിന്നുള്ള അപേക്ഷകന് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചാലും ജനറൽ വിഭാഗത്തിൽ പരിഗണിക്കാതെ, സംവരണ വിഭാഗത്തിലെ ഒന്നാം പേരുകാരനായേ പരിഗണിക്കൂ എന്നതാണ് കേരളത്തിലെ പി.എസ്.സി ഉൾപ്പെടെയുള്ള നിയമനങ്ങളിൽ ദീർഘകാലമായി പിന്തുടരുന്ന രീതി. പിന്നാക്ക വിഭാഗക്കാർ പൊതുവിഭാഗത്തിൽ പരിഗണിക്കപ്പെടാതിരിക്കുമ്പോൾ, പൊതുവിഭാഗം എന്നാൽ സംവരണാനുകൂല്യമില്ലാത്ത മുന്നാക്ക വിഭാഗം എന്നു തന്നെയാണ് പറയേണ്ടത്. കേന്ദ്ര സർക്കാർ നിയമം പാസാക്കിയതിനു ശേഷം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്കും 10 ശതമാനം സംവരണം പാലിക്കുന്നുണ്ട്.
സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർ ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും ഇപ്പോൾ സംവരണം ഏറക്കുറെ ലഭിക്കുന്നുണ്ട്. കൂടുതൽ മാർക്ക് ലഭിക്കുന്ന, സംവരണാനുകൂല്യമുള്ള പിന്നാക്ക വിഭാഗക്കാരെ പൊതുവിഭാഗത്തിൽ പരിഗണിക്കാതിരിക്കുന്നതിന് പലപ്പോഴും കാരണമായി ചൂണ്ടിക്കാട്ടുന്നത് അവർ അപേക്ഷിച്ചത് സംവരണ വിഭാഗം എന്ന ഓപ്‌ഷനിലൂടെയാണ് എന്നതാണ്. പല മത്സരപരീക്ഷകളിലും സംവരണത്തിന്റെ ആനുകൂല്യമുള്ള ഈഴവ, മുസ്ളിം വിഭാഗങ്ങളിൽപ്പെട്ട കുട്ടികളും ഉദ്യോഗാർത്ഥികളും പൊതുവിഭാഗത്തിൽ വരുന്നവർ നേടുന്നതിനേക്കാൾ മാർക്ക് നേടുന്ന ഒരു സ്ഥിതി നിലനിൽക്കുന്നുണ്ട്. എന്നാൽ ഇവരെയും സംവരണത്തിന്റെ സഹായത്തോടെ പ്രവേശനം നേടിയവർ എന്ന മട്ടിലാണ് കണക്കാക്കുന്നത്. പരീക്ഷാ റിസൽട്ട് വന്നതിനു ശേഷം സംവരണാനുകൂല്യം വേണ്ടെന്നുവച്ച് പൊതുവിഭാഗത്തിലേക്ക് മാറാനുള്ള ഓപ്‌ഷൻ പിന്നാക്ക വിഭാഗത്തിലെ അപേക്ഷകനു നൽകിയാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. പക്ഷേ ഇങ്ങനെ ചെയ്യാൻ സർക്കാർ ഒരിക്കലും തയ്യാറാകില്ല.
ഏതു പരീക്ഷയിലും കൂടുതൽ മാർക്ക് നേടുന്നവർക്കാണ് പ്രാമുഖ്യം നൽകേണ്ടതെന്നും, സംവരണ ആനുകൂല്യത്തോടെ മുന്നിൽ വരുന്നവർക്കല്ല എന്നുമാണ് മുന്നാക്ക വിഭാഗക്കാർ തുടക്കം മുതൽ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പിന്നാക്ക വിഭാഗക്കാരും ഉയർന്ന റാങ്കുകൾ കരസ്ഥമാക്കാൻ തുടങ്ങിയതോടെ 'മെരിറ്റിന്റെ" പേരിലുള്ള ഈ ആവശ്യം പഴയതുപോലെ ആരും ഉന്നയിക്കുന്നില്ല. ആദ്യം സംവരണത്തെ എതിർത്ത വരേണ്യ വിഭാഗം പിന്നീട് സംവരണത്തിന്റെ ഗുണഭോക്താക്കളായി മാറുകയും ചെയ്തു. ഇവിടത്തെ പിന്നാക്ക വിഭാഗങ്ങളൊന്നും അതിനെ എതിർക്കുന്നുമില്ല. പക്ഷേ ജനറൽ മെരിറ്റിൽ ഉൾപ്പെടാൻ സംവരണ വിഭാഗക്കാർക്കും അർഹതയുണ്ടെന്നത് നിഷേധിക്കപ്പെടുന്നത് ശരിയല്ല. സുപ്രീംകോടതിയുടെ പുതിയ ഉത്തരവും സമാനമായ ചിന്താഗതി ഉയർത്തിപ്പിടിക്കുന്നതാണ്. ഒരാൾക്ക് സംവരണാനുകൂല്യം ലഭിക്കുന്നത് പൊതുവിഭാഗത്തിൽ പരിഗണിക്കപ്പെടുന്നതിന് തടസമാകില്ലെന്നാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. രാജസ്ഥാൻ ഹൈക്കോടതിയുടെ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
രാജസ്ഥാൻ ഹൈക്കോടതിയുടെ ഉദ്യോഗങ്ങളിൽ പൊതുവിഭാഗത്തിന് നിശ്ചയിച്ച കട്ട് ഓഫിനേക്കാൾ കൂടുതൽ മാർക്ക് നേടിയിട്ടും സംവരണക്കാരെ പൊതുവിഭാഗത്തിൽ നിയമിച്ചില്ല. അത് ചോദ്യംചെയ്ത സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതി തന്നെയാണ് സുപ്രീംകോടതിയെ സമീപിച്ച് സംവരണക്കാരെ പൊതുവിഭാഗത്തിൽ പരിഗണിക്കുന്നത് ഇരട്ട ആനുകൂല്യം അനുവദിക്കുന്നതിനു തുല്യമാണെന്ന് വാദിച്ചത്. ഇത് തള്ളിയാണ് സംവരണ വിഭാഗത്തിലെ ഉദ്യോഗാർത്ഥി പൊതുവിഭാഗത്തിനുള്ള കട്ട് ഓഫിനേക്കാൾ മാർക്ക് നേടിയാൽ പൊതുവിഭാഗത്തിൽ പരിഗണിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. മാത്രമല്ല, പൊതുവിഭാഗത്തിനുള്ള കട്ട് ഓഫിനേക്കാൾ കുറവാണ് മാർക്കെങ്കിൽ, അവരെ സംവരണ വിഭാഗത്തിൽ പരിഗണിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് വളരെ സ്വാഗതാർഹമായ ഉത്തരവാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |