
ജി.എസ്.ടി ഇളവ് പ്രാബല്യത്തിലാകുന്നതോടെ അവശ്യസാധന വിലയിലും മറ്റും വലിയ കുറവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജ്യത്താകമാനമുള്ള വിലക്കയറ്റ തോത് വർദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. ജി. എസ്.ടിയിൽ കുറവു വരുത്തിയ പല ഉത്‌പന്നങ്ങളും അതിന്റെ ഫലം ഉപഭോക്താക്കൾക്കു നൽകാതെ ഉയർന്ന വിലയിൽത്തന്നെ തുടർന്നും വിൽക്കുന്നതായ പരാതികൾ ഉയരുകയും ചെയ്‌തിരുന്നു. മിനറൽ വാട്ടറിന്റെ ജി.എസ്.ടി അഞ്ച് ശതമാനമായി കുറച്ചിട്ടും വില കുറയ്ക്കാതെ കമ്പനികൾ ജനങ്ങളെ പിഴിയുകയാണെന്ന് 'കേരളകൗമുദി" ഒരു റിപ്പോർട്ടിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. നിരക്ക് ഏകീകരിച്ചിട്ടില്ലെന്നും 18 ശതമാനം നിരക്ക് തുടരുകയാണെന്നും അവകാശപ്പെട്ടാണ് കമ്പനികൾ കൂടിയ തുക ഈടാക്കിയിരുന്നത്.
എന്നാൽ ഞങ്ങളുടെ വാർത്തയുടെ അടിസ്ഥാനത്തിൽ ജി.എസ്.ടി അധികൃതർ പരിശോധനകൾ കർശനമാക്കിയതോടെ വില കുറയ്ക്കാതിരുന്ന കമ്പനികൾ ഇപ്പോൾ വഴങ്ങിയിരിക്കുകയാണ്. ജനുവരി മുതൽ പുറത്തിറക്കിയ എല്ലാ ബ്രാൻഡ് കുപ്പിവെള്ളത്തിനും ഒരു ലിറ്റർ ബോട്ടിലിന് രണ്ട് രൂപയും, രണ്ട് ലിറ്ററിന് മൂന്നും,അഞ്ച് ലിറ്ററിന് ഏഴ് രൂപയും കുറച്ചിരിക്കുന്നു. ചില ജി.എസ്.ടി സ്ളാബുകൾ ഒഴിവാക്കിക്കൊണ്ട് കേന്ദ്രം ക്രമീകരണം വരുത്തിയപ്പോൾ കാറുകൾ പോലുള്ള ഉത്പന്നങ്ങൾക്ക് ഉടനടി വിലക്കുറവ് വന്നെങ്കിലും മറ്റ് പല ചെറിയ സാധനങ്ങളുടെയും വില കുറയാത്തത് ചില്ലറ വില്പനക്കാരിൽ ഇതു സംബന്ധിച്ച് വ്യക്തത വരാത്തതിനാലായിരുന്നു. ജി.എസ്.ടി കുറച്ചതിനൊപ്പം അധികൃതർ പരിശോധനകളും കർശനമാക്കിയിരുന്നെങ്കിൽ വിലക്കയറ്റ തോത് ഇത്രമാത്രം ഉയരില്ലായിരുന്നു.
എല്ലാ സംസ്ഥാനങ്ങളിലും വിലക്കയറ്റ തോത് മൂന്ന് ശതമാനത്തിൽ താഴെ നിൽക്കുമ്പോൾ കേരളത്തിൽ അത് വളരെ ഉയർന്ന നിലയായ 9.49 ശതമാനമാണ് എന്നത് ആശങ്കാജനകമാണ്. നവംബറിൽ കേരളത്തിലെ വിലക്കയറ്റ തോത് 8.27 ശതമാനമായിരുന്നതാണ് ഇപ്പോൾ 9.49 ശതമാനമായി ഉയർന്നത്. ഒരു വർഷത്തിലേറെയായി വിലക്കയറ്റ തോത് സംബന്ധിച്ച പട്ടികയിൽ കേരളം ഒന്നാമതായി തുടരുകയും ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പച്ചക്കറി, മത്സ്യം, മാംസം, മുട്ട, പയറുവർഗങ്ങൾ തുടങ്ങിയവയ്ക്ക് കേരളത്തിൽ ഉയർന്ന വില നിലനിൽക്കുന്നതാണ് വിലക്കയറ്റ തോത് ഇത്രകണ്ട് വർദ്ധിക്കാൻ ഇടയാക്കിയിരിക്കുന്നത്. സ്വർണത്തിനൊപ്പം മറ്റ് പല സാധനങ്ങൾക്കും കേരളത്തിൽ പിടിവിട്ട രീതിയിൽ വില ഉയരുന്നത് നിയന്ത്രിക്കാൻ സംസ്ഥാന അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാവേണ്ടതാണ്.
മിക്കാവും ഹോട്ടലുകളിലെ മുഖ്യ വിഭവം കോഴിക്കറി ആയതിനാൽ ഇറച്ചിക്കോഴിയുടെ വിലയിൽ വലിയ വർദ്ധനവാണ് വന്നിരിക്കുന്നത്. ഒക്ടോബർ - നവംബർ മാസങ്ങളിൽ 140 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോൾ അതിൽ 40 രൂപയോളം വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. ഈ അവസരം മുതലെടുത്ത് ഹോട്ടലുകാരും തട്ടുകടക്കാരും ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടുകയും ചെയ്‌തിരിക്കുന്നു. എത്തുംപിടിയുമില്ലാതെ കുതിക്കുന്ന ഈ വിലവർദ്ധന നിയന്ത്രിക്കാൻ വിവിധ വകുപ്പുകൾ ഇടപെടലുകളും പരിശോധനകളും നടത്തിയില്ലെങ്കിൽ സാധാരണക്കാരുടെ ജീവിതം ഏറെ ദുസ്സഹമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |