SignIn
Kerala Kaumudi Online
Friday, 23 January 2026 6.58 AM IST

ചില സമൂഹ മാദ്ധ്യമ 'മാനിയാക്കു'കൾ

Increase Font Size Decrease Font Size Print Page
s

വ്യക്തിയെന്ന നിലയിൽ ഒരാളുടെ 'സ്വീകാര്യത" എന്നത്,​ സോഷ്യൽ മീഡിയയിൽ അയാളോ അവളോ പോസ്റ്ര് ചെയ്യുന്ന കണ്ടന്റിനു കിട്ടുന്ന 'ലൈക്കി"നെ ആധാരമാക്കി നിർവചിക്കപ്പെടുകയും നിർണയിക്കപ്പെടുകയും ചെയ്യുന്ന വിചിത്രമായൊരു സാമൂഹിക കാലാവസ്ഥയിലാണ് നമ്മുടെ ജീവിതം. ഒരുദിവസത്തെ പോസ്റ്റിന് ലൈക്ക് കുറഞ്ഞുപോയാൽ തനിക്ക് എന്തോ സംഭവിച്ചിരിക്കുന്നുവെന്ന് ആകുലപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്ന നിലയിലേക്കുവരെ ഈ 'ലൈക്ക് മാനിയ" മാറിയിട്ടുണ്ട്. സ്വാഭാവികമായും ലൈക്കും ഷെയറും കൂട്ടാൻ അവർ എന്തും ചെയ്യും! മറ്റൊരാൾക്ക് മാനഹാനി സംഭവിക്കുന്ന ഏതു വിഷയവും എക്കാലത്തും ഏറ്റവും സ്വീകാര്യത കിട്ടുന്ന വിഷയമാണ്. കുളക്കടവിലെ കുന്നായ്മയിൽ നിന്നും,​ കിണറ്റിൻകരയിലെ ഏഷണി വർത്തമാനത്തിൽ നിന്നും ചരിത്രാതീതകാലം മുമ്പേ തുടങ്ങിയ പരദൂഷണ പ്രക്രിയയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലെ 'മോസ്റ്റ് വൈറൽ പോസ്റ്റുകൾ" വരെ എത്തിനില്ക്കുന്നത്.

കോഴിക്കോട്ട്,​ സ്വകാര്യ ബസിൽ യുവാവ് ലൈംഗിക അതിക്രമം കാണിച്ചുവെന്ന് ആരോപിച്ച് വടകര കൈനാട്ടി സ്വദേശിയായ ഷിംജിത മുസ്തഫ എന്ന മുപ്പത്തിയഞ്ചുകാരി ചിത്രീകരിച്ച്,​ പോസ്റ്റ് ചെയ്ത വീഡിയോദൃശ്യം സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുകയും,​ അതിൽ മനംനൊന്ത് യു. ദീപക് എന്ന യുവാവ് ജീവനൊടുക്കുകയും ചെയ്ത സംഭവം സോഷ്യൽ മീഡിയയുടെ ദുരുപയോഗം സംബന്ധിച്ച് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ദീപക്കിന്റെ അമ്മ നല്കിയ പരാതിയെ തുടർന്ന് കോഴിക്കോട് മെഡി. കോളേജ് പൊലീസ് കഴിഞ്ഞദിവസം ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയും,​ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി അവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. ആത്മഹത്യാ പ്രേരണയ്ക്കാണ് ഷിംജിതയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും,​ സമൂഹമാദ്ധ്യമത്തിലൂടെ ഒരു വ്യക്തിക്ക് അപകീർത്തികരമായ ദൃശ്യം പ്രചരിപ്പിച്ചതിലൂടെയാണ് ഈ പ്രേരണ സംജാതമായത് എന്നത്,​ ഡിജിറ്റൽ മീഡിയ കാലത്തെ അപകടകരമായൊരു സ്ഥിതിവിശേഷത്തിലേക്ക് വിരൽചൂണ്ടുന്നതാണ്.

തിരക്കേറിയ ബസിൽ ലൈംഗികാതിക്രമം നടന്നോ ഇല്ലയോ എന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ല. അഥവാ,​ ദൃശ്യം ചിത്രീകരിച്ച യുവതിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള പെരുമാറ്റം ഒരു യാത്രക്കാരനിൽ നിന്നുണ്ടായാൽത്തന്നെ,​ അതിനോട് രൂക്ഷമായി പ്രതികരിക്കുകയോ,​ കണ്ടക്ടറുടെയോ സഹയാത്രികരുടെയോ ശ്രദ്ധയിൽപ്പെടുത്തുകയോ,​ പൊലീസിൽ പരാതിപ്പെടുകയോ ചെയ്യുന്നതിനു പകരം വീഡിയോ ചിത്രീകരിച്ച് സമൂഹ മാദ്ധ്യമത്തിൽ പ്രചരിപ്പിക്കുകയാണ് യുവതി ചെയ്തത്. ചിത്രീകരിച്ച വീഡിയോ,​ പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് എഡിറ്റ് ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല,​ ബസിലെ സംഭവത്തെക്കുറിച്ച് താൻ അന്നുതന്നെ പൊലീസിൽ പരാതി നല്കിയിരുന്നുവെന്ന് ഷിംജിത ആദ്യം പറഞ്ഞത് കളവാണെന്നും വെളിപ്പെട്ടു. യുവാവിന്റെ ആത്മഹത്യ വിവാദമായതോടെ യുവതി ഒളിവിൽ പോവുകയും ചെയ്തു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമ്പോഴേ അറിയൂ.

ഒരു യുവാവിന്റെ ജീവൻ അപഹരിക്കുന്നതിൽ വരെ കലാശിച്ച സോഷ്യൽ മീഡിയ അതിക്രമത്തിന് അതിരുകൾ നിശ്ചയിക്കാൻ ഇനിയെങ്കിലും ഇതു സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന നിയമ നിർമ്മാണത്തിന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തയ്യാറാകണം. പോസ്റ്റ് ചെയ്യപ്പെടുന്ന കണ്ടന്റിന്റെ സത്യസന്ധതയും ആധികാരികതയും ഉറപ്പാക്കപ്പെടുകയും,​ വ്യക്തിയുടെ സ്വകാര്യതാ സംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കപ്പെടുകയും വേണം. അല്ലെങ്കിൽ,​ കുറ്റകൃത്യങ്ങളുടെ സാഹചര്യത്തിലും ഒരു ചെറുത്തുനില്പിനു പോലും ശ്രമിക്കാതെയും,​ പരാതിപ്പെടാൻ മുതിരാതെയും ലൈക്കും ഷെയറും കിട്ടുമെന്നു കരുതി ദൃശ്യം പകർത്താനാവും ചില 'മാനിയാക്കു"കളുടെ ശ്രമം. അതിക്രമങ്ങളെ ധീരമായി ചെറുത്തുനില്ക്കുകയും,​ പരിഹാരത്തിന് നിയമപരമായ മാർഗങ്ങൾ അവലംബിക്കുകയും ചെയ്യുന്നതിനു പകരം ഇത്തരം സമൂഹ മാദ്ധ്യമ അതിക്രമങ്ങൾക്കു തുനിയുന്ന പ്രവണതയ്ക്ക് തടയിട്ടേ മതിയാകൂ.

TAGS: SOCIALMEDIAMANIAC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.