
ആർത്തവ ശുചിത്വം ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം ജീവിക്കാനും സ്വകാര്യത സൂക്ഷിക്കാനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമൊണെന്നും സർക്കാർ- സ്വകാര്യ സ്കൂളുകളിൽ സൗജന്യമായി സാനിറ്ററി പാഡുകൾ ലഭ്യമാക്കണമെന്നുമുള്ള സുപ്രീം കോടതി വിധി സുപ്രധാനവും അടിയന്തര നടപടി ആവശ്യപ്പെടുന്നതുമാണ്. ശുചിത്വമുള്ള പെൺ ടോയ്ലെറ്റുകൾ ഉറപ്പാക്കണം. ഇത്തരം സൗകര്യങ്ങൾ വിദ്യാഭ്യാസ അവകാശത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യതയും അന്തസും ഉറപ്പാക്കി ആർത്തവകാല പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാകാത്ത പെൺകുട്ടികൾക്ക് മാനസിക സമ്മർദ്ദമേറും. സ്കൂളിൽ മുഴുവൻ സമയം കഴിയാൻ അവർക്ക് പ്രയാസമാകുമെന്നും , 'ആർത്തവ ശുചിത്വ നയം" മൂന്നുമാസത്തിനുള്ളിൽ രാജ്യമെമ്പാടും നടപ്പാക്കണമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
വൃത്തിയുള്ളതും പ്രവർത്തനക്ഷമവുമായ ടോയ്ലെറ്റുകൾ, സാനിട്ടറി പാഡുകൾ, നിർമ്മാർജന സംവിധാനം തുടങ്ങിയവയുടെ അഭാവം പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനും മത്സരിച്ച് മുന്നേറാനുമുള്ള അവകാശത്തിനും തടസം സൃഷ്ടിക്കുന്നതായി കോടതി വിലയിരുത്തി. സ്കൂളിൽ പോകാതിരിക്കാനും സുരക്ഷിതമല്ലാത്ത രീതികൾ സ്വീകരിക്കാനും അവർ നിർബന്ധിതരായേക്കാം. മറ്റു മാർഗങ്ങൾ സ്വീകരിക്കുന്നത് ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തെയും ബാധിക്കാം. ആർത്തവ ആരോഗ്യം സ്ത്രീയുടെ രഹസ്യപ്രശ്നമല്ലെന്നും പുരുഷ സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. വളരെ ഉത്തരവാദിത്വ പൂർണ്ണവും ഗൗരവമേറിയതുമായ കാര്യങ്ങളാണ് ഈ വിഷയത്തിൽ രാജ്യത്തെ പരമോന്നത നീതിപീഠം നിർദ്ദേശിച്ചിട്ടുള്ളത്. ഇവ ചുമതലാബോധത്തോടെ പ്രാവർത്തികമാക്കാൻ ഓരോ സംസ്ഥാന സർക്കാരുകളും തയ്യാറാകണം.
നഗര - ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ സർക്കാർ -സ്വകാര്യ സ്കൂളുകളിലും പെൺകുട്ടികൾക്ക് മാത്രമായി ടോയ്ലെറ്റുകൾ ഉറപ്പാക്കണമെന്നും സോപ്പും വെള്ളവും ഉണ്ടാവണമെന്നും സ്വകാര്യത ഉറപ്പാക്കുന്ന രൂപകല്പനയാവണമെന്നും ഉത്തരവിൽ പറയുന്നു. ഓക്സോ- ബയോ ഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകണം. ഇവ പെട്ടെന്ന് എടുക്കാൻ തക്കവിധം വെൻഡിംഗ് യന്ത്രങ്ങൾ ടോയ്ലെറ്റ് പരിസരത്തോ, മറയുള്ള ഇടങ്ങളിലോ വയ്ക്കണം. അടിവസ്ത്രങ്ങൾ, യൂണിഫോമുകൾ, ഡിസ്പോസിബിൾ പാഡുകൾ, മറ്റ് ആവശ്യമായ വസ്തുക്കൾ എന്നിവ ലഭ്യമാവുന്ന 'ആർത്തവ ശുചിത്വ മാനേജ്മെന്റ് കോർണർ" സ്ഥാപിക്കണം.
സാനിട്ടറി പാഡുകൾ സുരക്ഷിതമായി സംസ്കരിക്കാനുള്ള സംവിധാനം വേണം. ഉപയോഗിച്ച സാനിട്ടറി പാഡുകൾ നിക്ഷേപിക്കാൻ ടോയ്ലെറ്റുകളിൽ മൂടിയുള്ള, വൃത്തിയുള്ള വേസ്റ്റ് ബിൻ വേണം. പൊതുപ്രവർത്തകയായ ഡോ. ജയാ താക്കൂർ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. 6മുതൽ 12വരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ പെൺകുട്ടികൾക്കും സൗജന്യ സാനിട്ടറി പാഡ്, പ്രത്യേക സ്ത്രീ ടോയ്ലെറ്റ് തുടങ്ങിയവ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. കഴിഞ്ഞ നവംബറിൽ ഹരിയാനയിലെ
മഹർഷി ദയാനന്ദ് സർവകലാശാലയിൽ ആർത്തവ സമയത്ത് ജോലിക്ക് ബുദ്ധിമുട്ട് പ്രകടിപ്പിച്ച മൂന്ന് വനിതാ ശുചീകരണ തൊഴിലാളികളോട് സാനിറ്ററി പാഡുകളുടെ ഫോട്ടോ കാണിക്കാൻ ആവശ്യപ്പെട്ട സംഭവം കോടതി ഗൗരവത്തിലെടുക്കുകയായിരുന്നു.പെൺകുട്ടികളുടെ നിശബ്ദതയുടെ ആഘാതം മനസ്സിലാക്കാത്ത സമൂഹത്തിനുവേണ്ടിയും ശരീരം ഭാരമായി കണക്കാക്കി സ്കൂളിൽ വരാത്ത ഓരോ പെൺകുട്ടിക്കും വേണ്ടിയുമാണ് വിധിയെന്ന് ജസ്റ്റീസ് പർദിവാല ചൂണ്ടിക്കാട്ടി.
യഥാർത്ഥത്തിൽ മനുഷ്യന്റെ ഏറ്റവും ആവശ്യമായ പ്രശ്നങ്ങളിലേക്ക് സർക്കാരുകൾ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നു കൂടിയാണ് ഈ വിധിന്യായം നൽകുന്ന സൂചന. നമ്മുടെ തലസ്ഥാനത്ത് തന്നെ യാത്ര ചെയ്തെത്തുന്ന സ്ത്രീകൾക്ക് പൊതുയിടങ്ങളിലൊന്നും ടോയ്ലെറ്റുകൾ ലഭ്യമല്ല. ഉണ്ടെങ്കിൽത്തന്നെ അവ വൃത്തിയുള്ളവയായിരിക്കില്ല. ഷീ ടോയ്ലെറ്റ് ഒക്കെ തുടങ്ങിയെങ്കിലും അത് പൂർണ്ണതോതിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞതുമില്ല. സുപ്രീം കോടതിയുടെ ഈ വിധിന്യായം ഭരണകർത്താക്കളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |