
ചികിത്സാ പിഴവുകളെല്ലാം മനഃപൂർവമാണെന്ന് പറയാനാവില്ല. രോഗികളുടെ ബാഹുല്യം കാരണം സർക്കാർ ആശുപത്രികളിൽ അങ്ങനെയൊക്കെ സംഭവിച്ചാൽ 'സിസ്റ്റം എറർ" എന്നാണ് മുകളിലുള്ളവർ സാധാരണ പറയുന്നത്. ചികിത്സാ നേട്ടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഒട്ടേറെപ്പേർ രംഗത്തുവരും. എന്നാൽ ഒരു ചികിത്സാപിഴവ് ഉണ്ടായാൽ അതുണ്ടായില്ലെന്ന് തെളിയിക്കാനാണ് ആരോഗ്യവകുപ്പിലെ ഉന്നതരും അന്വേഷകരും വ്യഗ്രത കാട്ടുക. അതൊരു ശരിയായ കാര്യമല്ല. തെറ്റുപറ്റിയാൽ തുറന്നു സമ്മതിക്കുന്നതാണ് ഈ ആധുനിക കാലത്ത് ഏറ്റവും നല്ലത്. അല്ലെങ്കിൽ ആ തെറ്റ് എന്തുകൊണ്ട് പറ്റി എന്നുവരെ ചൂണ്ടിക്കാണിക്കാനും രേഖപ്പെടുത്താനും നിരവധി സോഷ്യൽ മീഡിയാ പ്ളാറ്റ്‌ഫോമുകൾ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന കാലമാണിത്. സർക്കാർ ആശുപത്രിക്കു പറ്റിയ പിഴവ് ഏറ്റുപറഞ്ഞ് ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സഹായത്തോടെ പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിക്ക് കൃത്രിമക്കൈ സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ല.
വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ 2005 സെപ്തംബറിലാണ് പല്ലശ്ശന സ്വദേശിനിയായ ഒമ്പതുവയസുകാരി വിനോദിനിക്ക് വീണ് പരിക്കേറ്റത്. വലതു കൈയുടെ എല്ല് പൊട്ടിയിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്ളാസ്റ്ററിട്ട് മടക്കിയയച്ചു. മുറിവ് വൃത്തിയാക്കാതെ പ്ളാസ്റ്ററിട്ടതിനാൽ അണുബാധയുണ്ടായി കൈമുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടിവന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് കൈ മുറിച്ചുമാറ്റിയത്. ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചതിനെത്തുടർന്ന് സർക്കാർ രണ്ടുലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും കൃത്രിമക്കൈ ഘടിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതിനെത്തുടർന്നാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായത്. ഇതോടെ കൃത്രിമക്കൈ വയ്ക്കാൻ സഹായം നൽകുമെന്ന് സർക്കാരും ഉത്തരവിറക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവിന്റെ ഇടപെടലിന്റെ ഭാഗമായാണ് വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിക്കാനായത്.
എറണാകുളത്തെ സ്വകാര്യ ക്ളിനിക്കിൽ വച്ച് ഞായറാഴ്ചയാണ് കൈ ഘടിപ്പിച്ചത്. ഇതിനായി കുട്ടിയും രക്ഷാകർത്താക്കളും ഒരു ദിവസം മുമ്പുതന്നെ ആശുപത്രിയിൽ എത്തിയിരുന്നു. കൃത്രിമക്കൈ ഘടിപ്പിച്ച ശേഷം അതേ കൈ ഉപയോഗിച്ച് വിനോദിനി പ്രതിപക്ഷ നേതാവിന് ഹസ്തദാനം ചെയ്യുകയുമുണ്ടായി. വിരലുകൾ മടക്കാൻ പറ്റുന്ന ആധുനിക രീതിയിലുള്ള കൈയാണ് ഘടിപ്പിച്ചത്. കുട്ടിയുടെ വളർച്ചയ്ക്കനുസരിച്ച് കൈ മാറ്റേണ്ടിവരും. ഇതിനുള്ള സഹായവും പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചത്. വിരലുകൾ ഇഷ്ടാനുസരണം ചലിപ്പിക്കാനും എഴുതാനുമെല്ലാം കഴിയുമെന്നതിനാൽ വിനോദിനിയുടെ തുടർ പഠനത്തിനും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ലക്ഷങ്ങൾ വിലയുള്ള ഈ കൃത്രിമക്കൈ സഹായിക്കും. അതിനാൽ വരും ദിവസങ്ങളിൽ സ്‌കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് വിനോദിനി.
പ്രതിപക്ഷ നേതാവിന്റെ ഈ ഇടപെടൽ രാഷ്ട്രീയ ലാഭത്തിനുള്ളതല്ല, മനുഷ്യകാരുണ്യപരമായി തന്നെയാണ് നമ്മൾ കാണേണ്ടത്. ചികിത്സാ പിഴവുകൾ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുന്നത് ശരിയായ കാര്യമല്ല. തുടർന്നും ഇത്തരം സംഭവങ്ങളുണ്ടായാൽ അതിന് നഷ്ടപരിഹാരം നൽകുകയോ തുടർ ചികിത്സാ ചെലവ് സർക്കാർ വഹിക്കുകയോ ചെയ്യുന്നതിന് ആവശ്യമായ ഒരു സ്ഥിരം സംവിധാനത്തിന് രൂപം നൽകേണ്ടതാണ്. അതിന് ആവശ്യമായ തുക ആദ്യം സർക്കാർ നൽകിയിട്ട്, ചികിത്സാ പിഴവ് വരുത്തിയതായി കണ്ടെത്തുന്ന ഡോക്ടർമാരിൽ നിന്ന് ഈടാക്കാവുന്നതുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |