SignIn
Kerala Kaumudi Online
Saturday, 27 April 2024 3.25 AM IST

മാദ്ധ്യമങ്ങളെ വിലക്കാനാവില്ല

editorial

കോടതികളുടെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ തടയാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരിക്കുന്നു. മദ്രാസ് ഹൈക്കോടതി നടത്തിയ 'കൊലക്കുറ്റ" നിരീക്ഷണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

''കോടതിയിൽ ജഡ്ജിമാർ നടത്തുന്ന വാക്കാലുള്ള പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാദ്ധ്യമങ്ങളെ വിലക്കാനാവില്ല. വിവരങ്ങൾ ജനങ്ങൾ അറിയുന്നത് കോടതിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുകയേ ഉള്ളൂ. ബാറും ബെഞ്ചും തമ്മിലുള്ള ചർച്ചകൾ മാദ്ധ്യമങ്ങൾക്ക് പ്രധാനമാണ്. പൊതുജനങ്ങൾക്ക് താത്‌പര്യമുള്ള കാര്യങ്ങളാണ് അവിടെ നടക്കുന്നത്. കോടതി അതിന്റെ ധർമ്മം നിറവേറ്റുന്നതെങ്ങനെയെന്ന് മാദ്ധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനാകും"- ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കോടതിയിൽ ജഡ്ജിമാർ വാക്കാൽ പറയുന്നതെല്ലാം ഉത്തരവിൽ കാണണമെന്നില്ല. വിഷയത്തിന്റെ ഗുരുതരാവസ്ഥയും പ്രകടമായ അനീതിയും ചൂണ്ടിക്കാട്ടാൻ ചില ജഡ്ജിമാർ വാക്കാൽ പരാമർശങ്ങൾ നടത്താറുണ്ട്. ഇതുപോലുള്ള ചില പരാമർശങ്ങൾ അന്തിമ ഉത്തരവിനെക്കാൾ ചർച്ചചെയ്യപ്പെട്ടിട്ടുമുണ്ട്. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന ഹൈക്കോടതി ജഡ്ജിയുടെ പരാമർശം വളരെയേറെ ചർച്ച ചെയ്യപ്പെടുകയും തുടർന്ന് ഒരു മന്ത്രിയുടെ രാജിയിൽ വരെ കലാശിക്കുകയും ചെയ്ത ചരിത്രം അത്ര പഴയതല്ല. ജനങ്ങളുടെ മനസിലെ ചോദ്യങ്ങളും സംശയങ്ങളുമാവും പലപ്പോഴും കോടതിമുറികളിൽ ചില ജഡ്ജിമാരുടെ വാക്കാൽ പരാമർശങ്ങളായി വരിക. ഇത് റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്ന് ഭരണഘടനാ സ്ഥാപനമായ ഇലക്‌ഷൻ കമ്മിഷൻ ആവശ്യപ്പെട്ടത് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷമായ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ്. എന്നാൽ ഈ വിമർശനത്തെത്തുടർന്നല്ലേ കമ്മിഷൻ വോട്ടെണ്ണലിന് കൊവിഡ് പ്രോട്ടോക്കോൾ കർശനമാക്കിയതെന്ന് സുപ്രീംകോടതി ചോദിച്ചത് ജനങ്ങൾ അനുഭവത്തിൽ അറിഞ്ഞ കാര്യങ്ങൾ അതേപടി പ്രതിഫലിപ്പിക്കുന്നതാണ്. കൊവിഡിന്റെ രണ്ടാം തരംഗം വീശിയടിക്കുമ്പോൾ നേരത്തെ തന്നെ കർശനമായ നിയന്ത്രണങ്ങൾ ഇലക്‌ഷൻ കമ്മിഷൻ ഗൃഹസന്ദർശന പരിപാടികൾക്കും മറ്റും ഏർപ്പെടുത്തേണ്ടതായിരുന്നു. അതിൽ വീഴ്ച വരുത്തിയതിലേക്ക് കൂടി വിരൽചൂണ്ടിയാണ് മദ്രാസ് ഹൈക്കോടതി 'കൊലക്കുറ്റ" നിരീക്ഷണം നടത്തിയത്. അതിന്റെ അർത്ഥം ഇലക്‌ഷൻ കമ്മിഷൻ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നല്ല. അതേസമയം പ്രശ്നത്തിന്റെ ഗൗരവം സൂചിപ്പിക്കാൻ അതുപോലൊരു പരാമർശം ആ സന്ദർഭത്തിൽ ആവശ്യമായി വന്നു എന്നേയുള്ളൂ.

ഇതൊരു അഭിമാന പ്രശ്നമായി ഇലക്‌ഷൻ കമ്മിഷൻ കാണേണ്ടതില്ല. കോടതിയിൽ നടന്ന ഈ പരാമർശം അതേപടി റിപ്പോർട്ട് ചെയ്യുക മാത്രമാണ് മാദ്ധ്യമങ്ങൾ ചെയ്തത്. അല്ലാതെ അത് വളച്ചൊടിക്കാനോ ഇലക്‌ഷൻ കമ്മിഷനെ കുറ്റപ്പെടുത്താനോ മാദ്ധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായില്ല. രാജ്യത്ത് നടക്കുന്ന വസ്തുതാപരമായ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുക എന്ന സാമാന്യ ധർമ്മം മാത്രമാണ് മാദ്ധ്യമങ്ങൾ നിറവേറ്റിയത്. ഇത്തരം കാര്യങ്ങൾ ജനങ്ങൾ അറിയുക തന്നെ വേണം. തുടർന്ന് അതിന്മേൽ നടക്കുന്ന ചർച്ചകളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. അതേസമയം ഇത്തരം പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി തെറ്റായ ധ്വനി സൃഷ്ടിക്കാനോ വളച്ചൊടിക്കാനോ ഭാവന കലർത്തി പൊലിപ്പിക്കാനോ ഏതെങ്കിലും മാദ്ധ്യമങ്ങൾ ശ്രമിച്ചാൽ അതിനെയും ന്യായീകരിക്കാനാവില്ല. അതിനാൽ ഇക്കാര്യത്തിൽ മാദ്ധ്യമങ്ങളും ജനാധിപത്യമായ കരുതലും ജാഗ്രതയും പുലർത്തണം. സുപ്രീംകോടതി അനുവദിച്ച സ്വാതന്ത്ര്യം ദുരുപയോഗപ്പെടാനും പാടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.