SignIn
Kerala Kaumudi Online
Friday, 26 April 2024 8.58 PM IST

കർഷകരുടെ ദുരിതത്തിന് പരിഹാരം കാണണം

kk

കൊവിഡ് മഹാമാരി തളർത്തിയ സംസ്ഥാനത്തെ കൃഷിമേഖല കർക്കശമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൂടി വന്നതോടെ പറഞ്ഞറിയിക്കാനാകാത്ത ദുരിതാവസ്ഥയിലാണ്. ഉത്‌പന്നങ്ങൾ വിറ്റഴിക്കാൻ വഴികാണാതെ കർഷകർ തലയിൽ കൈ വച്ചിരിപ്പാണ്. കടുത്ത ഗതാഗത നിയന്ത്രണങ്ങളെത്തുടർന്ന് വിളകൾ കെട്ടിക്കിടക്കുന്നു. അവ തറവിലയ്ക്കു പോലും വില്‌ക്കാനാകാതെ,​ ചുറ്റുമുള്ളവർക്ക് സൗജന്യമായി നൽകുന്നവർ വരെയുണ്ട്. പുതിയ സർക്കാരിന്റെ പ്രഥമ പരിഗണന ലഭിക്കേണ്ട സജീവമായ പ്രശ്നങ്ങളിലൊന്നാണിത്. കർഷകരുടെ കണ്ണീരിന് അടിയന്തര പരിഹാരം ഉണ്ടാവുക തന്നെ വേണം.

ക്ഷീരമേഖലയാണ് ഇപ്പോൾ ഏറ്റവും കടുത്ത പരീക്ഷണം നേരിട്ടുകൊണ്ടിരിക്കുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കടുത്തതോടെ പാലിന് ആവശ്യക്കാർ കുറഞ്ഞു. ഹോട്ടലുകളും ചായക്കടകളും തട്ടുകടകളുമൊക്കെ അടഞ്ഞപ്പോൾ പാൽ പകുതിയിലധികവും മിച്ചമായി. ഏറ്റവും വലിയ പാൽസംസ്കരണ കേന്ദ്രമായ മിൽമ ഔദ്യോഗികമായിത്തന്നെ ഉത്പാദനം പകുതികണ്ടു വെട്ടിക്കുറച്ചു. ഇതിന്റെ ആഘാതം താങ്ങേണ്ടി വരുന്നത് നാടാകെയുള്ള ക്ഷീരകർഷകരാണ്. ദിവസേന കറക്കുന്ന പാലിന്റെ പകുതിയേ മിൽമ ഇപ്പോൾ വാങ്ങുന്നുള്ളൂ. അതുതന്നെ മുഴുവൻ ചെലവാകുന്നില്ലെന്നാണു മിൽമയുടെ പരിദേവനം. ക്ഷീരകർഷകരെ രക്ഷിക്കാൻ 'പാൽ ചലഞ്ചുമായി" ഇറങ്ങുകയാണു മിൽമ. ഉപഭോക്താക്കൾ അരലിറ്ററെങ്കിലും കൂടുതൽ വാങ്ങാൻ മനസു കാണിച്ചാൽ കർഷകർക്കു വലിയ സഹായമാകുമെന്നാണ് പറയുന്നത്. മിൽമ സംസ്കരിക്കുന്ന പാലിൽ അധികം വരുന്നത് കൊവിഡ് സെന്ററുകൾക്കും അങ്കണവാടികൾക്കും വൃദ്ധ സദനങ്ങൾക്കും അഗതികേന്ദ്രങ്ങൾക്കും മറ്റുമായി നൽകാൻ സർക്കാർ നിർദ്ദേശം വന്നിട്ടുണ്ട്. നല്ല കാര്യമാണത്. വെറുതെ പാഴാക്കുന്നതിനെക്കാൾ പുണ്യപ്രവൃത്തി കൂടിയായിരിക്കുമത്. മിച്ചം വരുന്ന പാൽ പാൽപ്പൊടിയായി സംഭരിക്കാൻ കഴിഞ്ഞാൽ നേട്ടമുണ്ടാക്കാം. അതുപോലെ വൈവിദ്ധ്യമാർന്ന പാലുത്പന്നങ്ങൾക്കും വിപണിയിൽ വൻ ഡിമാൻഡാണുള്ളത്. ഇതിനൊക്കെയുള്ള പദ്ധതികൾ പലതും മുൻകാലങ്ങളിൽ പറഞ്ഞുകേട്ടിട്ടുണ്ട്. പലതും നടപ്പായില്ലെന്നു മാത്രം. പാലിനു ക്ഷാമം നേരിട്ടിരുന്ന കാലത്ത് അതൊന്നും ആവശ്യമായി വന്നതുമില്ല. എന്നാൽ ഇന്ന് സ്ഥിതി അതല്ല.

വിറ്റഴിക്കാൻ മാർഗമില്ലാതെ കെട്ടിക്കിടക്കുന്ന മറ്റ് കാർഷികോത്‌പന്നങ്ങളുടെ കാര്യത്തിൽ കൂടി കർഷകർക്കു സഹായകമായ പരിഹാരമാർഗങ്ങൾ അടിയന്തരമായി ഉണ്ടാകേണ്ടതാണ്. കാർഷികോത‌്പന്നങ്ങളുടെ കടത്ത് അനുവദിച്ചിട്ടുണ്ടെങ്കിലും ലോക്ക് ഡൗൺ കർക്കശമായതോടെ യാത്രാമാർഗങ്ങളെല്ലാം തടസപ്പെട്ട നിലയിലാണ്. ചന്തകളും കടകളും കുറച്ചു സമയം മാത്രം പ്രവർത്തിക്കുന്നതിനാൽ ഉത്‌പന്നങ്ങൾ വാങ്ങി സൂക്ഷിക്കാൻ വ്യാപാരികൾ വിമുഖരാണ്. യാത്രാനിയന്ത്രണമുള്ളതിനാൽ ആളുകളും പൊതുവേ പുറത്തിറങ്ങുന്നില്ല. മുമ്പുണ്ടായിരുന്ന വില്പനയുടെ നാലിലൊന്നു പോലും നടക്കാതായതോടെ കർഷകർക്കൊപ്പം കച്ചവടക്കാരും വല്ലാത്ത പ്രതിസന്ധിയാണു നേരിടുന്നത്. കാർഷികോത്പന്നങ്ങൾ വീടുവീടാന്തരം കൊണ്ടുനടന്നു വിറ്റിരുന്നവർക്കു പോലും പുറത്തിറങ്ങാൻ കഴിയാത്തത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾക്കൊപ്പം പ്രതികൂല കാലാവസ്ഥ കൂടിയായപ്പോൾ കാർഷിക മേഖലയുടെ തകർച്ച പൂർത്തിയായെന്നു പറയാം. കാറ്റിലും പേമാരിയിലും വമ്പിച്ച കൃഷിനാശമുണ്ടായിട്ടുണ്ട്. പ്രാഥമിക കണക്കനുസരിച്ചു തന്നെ നാനൂറു കോടി രൂപയുടെ കൃഷിനാശമുണ്ടായെന്നാണു സർക്കാർ കണക്ക്. യഥാർത്ഥ നഷ്ടം ഇതിലും എത്രയോ വലുതായിരിക്കും.

നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണും മറ്റിടങ്ങളിൽ ലോക്ക് ഡൗണും പ്രാബല്യത്തിലുള്ളതിനാൽ കാർഷികോത്‌പന്നങ്ങളുടെ വില്പന ഗണ്യമായി ഇടിഞ്ഞതും കർഷകർക്കു ക്ഷീണമായി. പല സ്ഥലത്തും വിളയെടുക്കാൻ പോലും തയ്യാറാകുന്നില്ല. വിപണി സൗകര്യമില്ലാത്തതിനാൽ ഉത്‌പന്നങ്ങൾ അപ്പാടെ ഉപേക്ഷിക്കുന്ന പ്രവണതയും വർദ്ധിച്ചു വരികയാണ്. പ്രകൃതിക്ഷോഭത്തിൽ വിളകൾ നശിച്ചാൽ ഇൻഷ്വറൻസ് സഹായം ലഭിക്കുമെങ്കിലും വിൽക്കാൻ വഴിയില്ലാതെ കെട്ടിക്കിടന്നാൽ ഒരിടത്തു നിന്നും സഹായം ലഭിക്കില്ല. കർഷകരുടെ ദുരിതാവസ്ഥ മനസിലാക്കി സഹായിക്കാൻ സർക്കാരിനു മാത്രമേ സാധിക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.