SignIn
Kerala Kaumudi Online
Saturday, 27 April 2024 7.16 AM IST

മെഡിക്കൽ ഫീസിലും തീർപ്പുണ്ടാകണം

neet

മെഡിക്കൽ പ്രവേശനത്തിൽ നടക്കുന്ന വൻതോതിലുള്ള ക്രമക്കേടുകൾ തടയാൻ കൊണ്ടുവന്ന ഏകീകൃത പ്രവേശന പരീക്ഷ വളരെയധികം ഗുണഫലം സൃഷ്ടിച്ചിട്ടുണ്ട്. അങ്ങിങ്ങ് ചില കൃത്രിമങ്ങൾ നടക്കുന്നില്ലെന്നല്ല. എന്നിരുന്നാലും പൊതുവേ സ്വാഗതാർഹമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ 'നീറ്റ്" പരീക്ഷ സഹായിച്ചിട്ടുണ്ട്. ഇനി മാറ്റം വരേണ്ടത് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയത്തിലാണ് . പല സംസ്ഥാനങ്ങളിലും ഫീസ് പലതരത്തിലാണ്. നാഷണൽ മെഡിക്കൽ കൗൺസിൽ ഇതിന് ഇതുവരെ നടപടിയെടുക്കാത്തത് സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജുമെന്റുകൾക്ക് ഈ രംഗത്ത് സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടുപോകാൻ അവസരം ഒരുക്കുന്നു. എല്ലാ വർഷവും ഇതുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് ഉന്നത നീതിപീഠങ്ങൾ മുമ്പാകെ എത്തുന്നത്. താത്കാലികമായി പ്രശ്നപരിഹാരം ഉണ്ടാകുമെന്നല്ലാതെ ദീർഘകാലാടിസ്ഥാനത്തിലുള്ള തീർപ്പ് ഇനിയും ഉണ്ടായിട്ടില്ല. കേന്ദ്രത്തിനു വേണമെങ്കിൽ പ്രത്യേക നിയമ നിർമ്മാണം വഴി മെഡിക്കൽ ഫീസ് ഘടന നിർണയിക്കാവുന്നതാണ്. എന്നാൽ ഈ ആവശ്യത്തോട് കേന്ദ്രം മുഖംതിരിച്ച് നിൽക്കുകയാണ്.

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും കല്പിത മെഡിക്കൽ കോളേജുകളിലെയും ഫീസ് ഘടനയുമായി ബന്ധപ്പെട്ട് നാഷണൽ മെഡിക്കൽ കമ്മിഷൻ ഏറെ വൈകി ഇപ്പോൾ ഒരു കരട് മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചർച്ചകൾക്കും പഠനത്തിനും ശേഷം ബന്ധപ്പെട്ടവരുടെ അംഗീകാരത്തോടെ അവ നടപ്പായാൽ ആണ്ടുതോറുമുള്ള നിയമയുദ്ധത്തിന് അറുതിയാകുമെന്നു കരുതാം. ചെലവുകൾ പെരുപ്പിച്ച് കാണിച്ച് അമിത ഫീസ് ചുമത്താൻ കോളേജ് മാനേജ്‌മെന്റുകൾ ഒരുങ്ങുമ്പോൾ വെട്ടിലാകുന്നത് മെഡിക്കൽ പഠനം സ്വപ്നം കണ്ടുകഴിയുന്ന സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ്. ഇരുപതും ഇരുപത്തഞ്ചും ലക്ഷം വാർഷിക ഫീസ് നൽകി പഠിക്കാൻ കുബേര കുടുംബങ്ങളിലെ കുട്ടികൾക്കേ സാധിക്കൂ. കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകൾ കഴിഞ്ഞ വർഷം മുന്നോട്ടുവച്ച ഫീസ് ഘടന ഇതിന് ഉദാഹരണമാണ്. മുൻ വർഷങ്ങളിൽ നിശ്ചയിച്ച ഫീസ് കോടതി കയറിയതിന്റെ അടിസ്ഥാനത്തിൽ ഫീസ് നിർണയ സമിതിയോട് പുതിയ ഫീസ് ഘടന നിശ്ചയിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതാകട്ടെ ഇനിയും പൂർത്തിയായതുമില്ല.

മേയ് 23 ന് മുമ്പ് നിർദ്ദേശം സമർപ്പിക്കാനാണ് സുപ്രീംകോടതി ഫീസ് നിർണയ സമിതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് മാസത്തെ സാവകാശം ചോദിച്ചിരിക്കുകയാണ്. 2017 - 18 മുതലുള്ള ഫീസ് നിർണയമാണ് നടക്കാനുള്ളത്. ഫീസ് നിർണയ സമിതി നേരത്തെ നിശ്ചയിച്ച ഫീസ് ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് വിഷയം സുപ്രീംകോടതിയിലെത്തിയതും പുതുക്കിയ ഫീസ് നിശ്ചയിക്കാൻ ഉത്തരവായതും. സർക്കാർ നിർദ്ദേശിച്ചതിന്റെ നാലും അഞ്ചും ഇരട്ടി ഫീസാണ് അവർ ആവശ്യപ്പെട്ടത്. പുതിയ പ്രവേശന നടപടികൾ അകലെയല്ലാത്തതിനാൽ പ്രശ്നം നീട്ടിക്കൊണ്ടു പോകാതെ സമിതി അതിന്റെ ദൗത്യം എത്രയും വേഗം പൂർത്തിയാക്കാൻ നടപടി എടുക്കണം. അതിനിടെ മെഡിക്കൽ കമ്മിഷന്റെ ഫീസ് നിർണയ തീരുമാനം വരികയാണെങ്കിൽ എല്ലാ സ്വാശ്രയ കോളേജുകൾക്കും അത് ബാധകമാകുമെന്ന സൗകര്യവുമുണ്ട്. അടുത്ത അദ്ധ്യയന വർഷം മുതലെങ്കിലും വ്യവസ്ഥാപിതമായ ഫീസ് ഘടന നിലവിൽ വരേണ്ടത് മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ചൂഷണം അവസാനിപ്പിക്കാൻ അത്യാവശ്യം തന്നെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.