SignIn
Kerala Kaumudi Online
Friday, 26 April 2024 1.44 PM IST

കേന്ദ്ര സഹായം നഷ്ടപ്പെടുത്തരുത്

kk

കേന്ദ്ര സർക്കാരിന്റെ അവഗണനയെക്കുറിച്ച് പറയാൻ സംസ്ഥാനങ്ങൾ ഭരിക്കുന്നവർ ഒരു അവസരവും പാഴാക്കാറില്ല. എന്നാൽ കേന്ദ്രം പല പദ്ധതികൾക്കായി അനുവദിക്കുന്ന തുക അതത് പദ്ധതികൾക്കായി സമയബന്ധിതമായി പൂർത്തിയാക്കാതെയും വിശദാംശങ്ങൾ വേണ്ട സമയത്ത് സമർപ്പിക്കാതെയും നഷ്ടം വരുത്തുന്നത് പതിവ് കലാപരിപാടിയാണ്. പ്രധാനമായും ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ നേതൃത്വവുമാണ് ഈ വീഴ്ച വരുത്തുന്നത്.

ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകാനുള്ള പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള കേന്ദ്ര വിഹിതത്തിന് നടപടിയെടുക്കാത്തതിനാൽ സംസ്ഥാനത്തിന് 195.82 കോടിയുടെ നഷ്ടം നേരിട്ടതായി നിയമസഭയുടെ മേശപ്പുറത്ത് വച്ച സി.എ.ജി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. 2016-17ൽ 32, 559 വീടുകൾക്ക് ആദ്യ ഗഡുവായി 121.90 കോടി കേന്ദ്രം അനുവദിച്ചു. രണ്ടാം ഗഡുവായ 121.90 നേടിയെടുക്കുന്നതിലാണ് സംസ്ഥാനം പരാജയപ്പെട്ടതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2017-18ൽ 73.92 കോടിയുടെ കേന്ദ്ര വിഹിതവും ലഭിച്ചില്ല. ഇതിലൂടെ രണ്ട് വർഷത്തിനകം 25144 കുടുംബങ്ങൾക്ക് വീട് കിട്ടാനുള്ള അവസരമാണ് നഷ്ടപ്പെട്ടത്. പലപ്പോഴും ഗുണഭോക്താക്കളെ കണ്ടെത്തുന്നതിൽ ഭരിക്കുന്ന കക്ഷിയുടെ രാഷ്ട്രീയം കലരാറുണ്ട്. ഇത് പരാതികൾക്കും എതിർപ്പുകൾക്കും ഇടയാക്കും.

1,68,747 പേരുടെ സാദ്ധ്യതാ ലിസ്റ്റിൽ നിന്ന് പഞ്ചായത്തുകളാണ് അനർഹരെ ഒഴിവാക്കി 75,709 പേരുടെ സ്ഥിര ലിസ്റ്റ് സമർപ്പിച്ചത്. ഇതിൽത്തന്നെ 30,300 പേർ മാത്രമേ അർഹരായുള്ളൂ എന്നാണ് പിന്നീട് കണ്ടെത്തിയത്. ഇക്കാരണങ്ങളാൽ പദ്ധതി നടത്തിപ്പ് പൂർണമായി പൂർത്തിയാക്കാനായില്ല. ഇതോടെയാണ് കേന്ദ്രത്തിന്റെ ധനസഹായം നഷ്ടമായത്. പണം ലഭിച്ചിട്ടും അത് വേണ്ടരീതിയിൽ വിനിയോഗിക്കാതിരിക്കുന്നതിന് ആരാണ് ഉത്തരവാദി? ഇവർക്കെതിരെ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ? ഇതിനിടയിലും കേരളം പട്ടിക വിഭാഗങ്ങൾക്ക് 5796 ഉം മറ്റുള്ളവർക്ക് 10305 ഉം വീടുകൾ പൂർത്തിയാക്കിയത് നല്ല കാര്യമാണ്. അർഹരായ പലർക്കും വീട് പണിയാനുള്ള സഹായം ലഭിക്കാതിരിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തും വീഴ്ചയുണ്ട്. അതിൽ ഏറ്റവും പ്രധാനം ഭൂരഹിതരയ കണ്ടെത്തിയാലും സമയക്രമം പാലിച്ച് അവർക്ക് ഭൂമി നൽകില്ല എന്നതാണ്. അങ്ങനെ വീട് നിഷേധിക്കപ്പെട്ട 5712 ഗുണഭോക്താക്കൾ കേരളത്തിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാമെന്ന മന്ത്രി തലത്തിലെ തീരുമാനം നടപ്പാക്കുന്നതിൽ വന്ന വീഴ്ച മൂലമാണ് അർഹരായവർക്ക് ഭൂമി കിട്ടാതിരുന്നത്. എല്ലാം വലിച്ച് നീട്ടിക്കൊണ്ട് പോകാനുള്ള ഒരു പ്രവണത പൊതുവെ ഉദ്യോഗസ്ഥർക്ക് ജന്മാവകാശമായുണ്ട്. ഇത് ഒരു തരത്തിലും അനുവദിക്കാൻ പാടില്ല. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായാൽ ഇതൊക്കെ കൃത്യസമയത്ത് തീർക്കാൻ അവർ തയ്യാറാകും. അതിനു പകരം എപ്പോഴും കേന്ദ്ര അവഗണനയ്ക്കെതിരെ പ്രസംഗിച്ചുകൊണ്ടിരുന്നാൽ അതിന്റെ മറവിൽ ജോലി എടുക്കാത്തവരാണ് രക്ഷപ്പെടുന്നത്.

തിരുവനന്തപുരം പാളയത്ത് ആധുനിക രീതിയിലുള്ള മത്സ്യമാർക്കറ്റ് പണിയാൻ 23 ലക്ഷം രൂപ ചെലവഴിച്ചു. വിട്രിഫൈഡ് ടൈലുകൾ പാകി മാർബിൾ കല്ലുകൾ ഇട്ട് മാർക്കറ്റ് പൂർത്തിയാക്കിയെങ്കിലും അത് ഇതുവരെ ആർക്കും ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. അനുബന്ധമായി ചെയ്യേണ്ട ജലവിതരണ സംവിധാനം ഒരുക്കാത്തതാണ് പ്രധാന കാരണം. അത് ഒഴിവാക്കിയ ഉത്തരവാദപ്പെട്ട കോർപ്പറേഷന്റെ എൻജിനിയറിൽ നിന്ന് ഈ തുക തിരിച്ച് പിടിക്കുകയാണ് വേണ്ടത്. ആനയെ വാങ്ങാൻ പണമുണ്ട് തോട്ടി വാങ്ങാനില്ല എന്ന് പറഞ്ഞതുപോലെയാണ് ഇത്തരം സംഭവങ്ങൾ. ഫലത്തിൽ ആർക്കും ഒരു പ്രയോജനവുമില്ലാതെ പണം കുഴിച്ചിടപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.