SignIn
Kerala Kaumudi Online
Saturday, 27 April 2024 7.40 AM IST

ട്രാക്കിലെ ഇതിഹാസം

milka-singh

ഇന്ത്യ ലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ച അത്‌ലറ്റ് മിൽഖാസിംഗ് ജീവിതമെന്ന ഓട്ടമത്സരത്തിന്റെ ഫിനിഷിംഗ് ലൈൻ കടന്നിരിക്കുന്നു. വിഭജനത്തിന്റെ നാളുകളിൽ പാകിസ്ഥാനിലെ ഗോവിന്ദ്പുരയിലെ കലാപമുഖത്തുനിന്ന് ജീവൻ നിലനിറുത്താനായി തുടങ്ങിയ ഓട്ടമായിരുന്നു അത്. പിന്നീട് നിരവധി രാജ്യാന്തര കായികവേദികളിൽ ആ കാലുകളുടെ കുതിപ്പ് ഇന്ത്യയ്ക്ക് അഭിമാന മുഹൂർത്തങ്ങളൊരുക്കി. കോമൺവെൽത്ത് ഗെയിംസിലെയും ഏഷ്യൻ ഗെയിംസിലെയും ട്രാക്കുകളിൽ സ്വർണമണിയാൻ ഇന്ത്യക്കാരനും കഴിയും എന്ന് തെളിയിച്ചത് മിൽഖയാണ്.

കലാപകാരികളുടെ കത്തിമുനയ്ക്ക് മുന്നിൽനിന്ന് ഇന്ത്യയിലേക്ക് ഓടിക്കയറിയ മിൽഖ കഷ്ടപ്പാടുകൾക്കൊടുവിലാണ് പട്ടാളത്തിലേക്കെത്തിയത് . ആർമിയിലെ പരിശീലനത്തിന്റെ ഭാഗമായ ഓട്ടത്തിൽ മിൽഖയുടെ പ്രകടനം കണ്ട ഹവിൽദാർ ഗുർദേവ് സിംഗ് എന്ന ട്രെയിനറാണ് ട്രാക്കിലേക്ക് വഴിതിരിച്ചത്. ആർമി നടത്തിയ ക്രോസ് കൺട്രി മീറ്റിൽ ആദ്യ 10 സ്ഥാനങ്ങൾക്കുള്ളിൽ എത്തുന്നവർക്ക് ദിവസവും ഒരു ഗ്ളാസ് പാൽ അധികം ലഭിക്കും എന്ന 'ഓഫർ' ഓടാനുള്ള അധിക ഉൗർജ്ജമായി.

ഒളിമ്പിക്സ് എന്ന് കേട്ടിട്ടു കൂടിയില്ലായിരുന്ന മിൽഖ തന്റെ പ്രതിഭകൊണ്ട് 1956 ലെ മെൽബൺ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിലും ആ അനുഭവ പരിചയം രണ്ടുവർഷത്തിന് ശേഷം വെയ്ൽസിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്ററിലെ സ്വർണക്കുതിപ്പിന് പ്രേരണയായി. 1958ലെ ടോക്കിയോ ഏഷ്യൻ ഗെയിംസിലും 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും രണ്ട് സ്വർണം വീതം നേടി ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റ് എന്ന പെരുമ സ്വന്തമാക്കി.

1960 ലെ റോം ഒളിമ്പിക്സിൽ 0.1 സെക്കൻഡിന്റെ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടമായതാണ് മിൽഖയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദന. ആദ്യ 200 മീറ്ററിൽ മുന്നിലായിരുന്ന അദ്ദേഹം ഇടയ്ക്ക് പിന്നിലേക്കൊന്ന് തിരിഞ്ഞു നോക്കിയതാണ് തിരിച്ചടിയായത്. 1964ലേത് ഉൾപ്പടെ മൂന്ന് ഒളിമ്പിക്സുകളിൽ മിൽഖ ഇന്ത്യയ്ക്കായി ട്രാക്കിലിറങ്ങി. മിൽഖയുടെ ജീവിതം ഫിനിഷിംഗ് ലൈൻ കടക്കുമ്പോഴും ഒളിമ്പിക് ട്രാക്കിൽ നിന്നൊരു മെഡൽ ഇന്ത്യയുടെ സ്വപ്നമായി അവശേഷിക്കുകയാണ്.

ഒരിക്കൽ വിട്ടോടിപ്പോരേണ്ടി വന്ന പാകിസ്ഥാന്റെ പ്രസിഡന്റായിരുന്ന ജനറൽ അയൂബ് ഖാനാണ് മിൽഖയെ ' പറക്കും സിഖ് ' എന്ന് ആദ്യം വിശേഷിപ്പിച്ചത്. 1959ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2001ൽ അർജുന അവാർഡിന് തിരഞ്ഞെടുത്തെങ്കിലും യുവതാരങ്ങൾക്കാണ് അത് നൽകേണ്ടതെന്ന് ചൂണ്ടിക്കാട്ടി നിരസിച്ചു. കായികരംഗത്തെ കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിക്കാൻ ആരെയും ഭയന്നില്ല. 'ഭാഗ് മിൽഖ,ഭാഗ് ' എന്ന ഹിന്ദി സിനിമ മിൽഖയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്.

അവസാനം വരെ പൊരുതിനിൽക്കാനുള്ള വീറായിരുന്നു മിൽഖ എന്ന അത്‌ലറ്റിന്റെ മുഖമുദ്ര. ഒടുവിൽ തന്നെ കീഴടക്കാനെത്തിയ കൊവിഡിനോടും അദ്ദേഹം പോരാടി. ജീവിതപങ്കാളിയായ നിർമ്മൽ കൗറിനെ കവർന്ന കൊവിഡ് അധികം വൈകാതെ അദ്ദേഹത്തെയും ഒപ്പം കൂട്ടി.

ഒളിമ്പിക്സിൽ നേടാനാകാതെ പോയ ഒരു മെഡലല്ല, പ്രയത്നിച്ചാൽ എന്തും നേടാനാകുമെന്ന പ്രചോദനമായിരുന്നു തലമുറകൾക്ക് മിൽഖ. മുൻപേ പറന്നുകാട്ടിയ ഗുരുവും പിന്നാലെ വന്നവർക്ക് വേണ്ടി ശബ്ദമുയർത്തിയ പോരാളിയുമായിരുന്നു. ഇന്ത്യൻ കായികരംഗം എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL, MILKA SINGH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.