SignIn
Kerala Kaumudi Online
Saturday, 27 April 2024 2.37 AM IST

സേവനം തപസാക്കിയ ഡോ. പി.കെ. വാരിയർ

kk

ആതുര സേവനരംഗത്ത് ചരിത്രം സൃഷ്ടിക്കുകയും ചരിത്രമായി മാറുകയും ചെയ്ത വൈദ്യകുലപതിയാണ് ഇന്നലെ അന്തരിച്ച മഹാവൈദ്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാരിയർ. കുട്ടിക്കാലത്ത് എൻജിനീയറാകാൻ മോഹിച്ച പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ ഗാന്ധിജിയുടെ ആദർശങ്ങളിലും പിന്നീട് കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളിലും ആകൃഷ്ടനായി കുറെ ദൂരം സഞ്ചരിച്ചെങ്കിലും പ്രകൃതി കൈപിടിച്ചെത്തിച്ചത് ആയുർവേദത്തിലായിരുന്നു. ജന്മനിയോഗവും അതായിരുന്നെന്ന് ജീവിതം തെളിയിച്ചു.

ആയുർവേദത്തിൽ ജ്ഞാനത്തിന്റെയും ധ്യാനത്തിന്റെയും സേവനത്തിന്റെയും മാഹാത്മ്യം ഋഷീശ്വരന്മാർ ദർശിച്ചിരുന്നു. ആ ദർശനം ഉൾക്കൊണ്ട് ജീവിക്കുകയും സേവിക്കുകയും ചെയ്ത മഹാത്മാവായിരുന്നു ഡോ. വാരിയർ. ശരീരത്തിന്റെ ദോഷമകറ്റാൻ ഒൗഷധവും മനസിന്റെ ദോഷമകറ്റാൻ കലയും എന്ന് അദ്ദേഹം വിശ്വസിച്ചു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ എന്ന ഗ്രാമത്തെ ലോകത്തിന്റെ നെറുകയിൽ കേരളത്തിന്റെ അഭിമാനക്കുറിയായി അദ്ദേഹം ചാർത്തിച്ചു. ആയുർവേദത്തിൽ നടത്തിയ ഗവേഷണങ്ങളും സേവന മനോഭാവത്തോടെയുള്ള ചികിത്സകളുമാണ് അതിന് കാരണമായത്.

1999- ൽ പത്മശ്രീ, 2011- ൽ പത്മഭൂഷൺ, വൈദ്യരത്‌നം ബഹുമതികൾ, എണ്ണമറ്റ പുരസ്കാരങ്ങൾ.... ഇവയെക്കാൾ അദ്ദേഹം വില കല്പിച്ചത് രോഗം ഭേദമായിപ്പോകുന്നവരുടെ നിറഞ്ഞ പുഞ്ചിരിക്കാണ്. രോഗികൾക്കൊപ്പം ചെലവഴിക്കുമ്പോൾ അദ്ദേഹം സമയത്തെപ്പോലും മറന്നിരുന്നു. നിരന്തരമായ അദ്ധ്വാനം, അതിനിടയിലെ ചെറിയ ഇടവേള മാത്രമാകണം വിശ്രമം എന്ന വിശ്വാസക്കാരനായിരുന്നു ഡോ. വാരിയർ. ദിവസത്തിന്റെ മുക്കാൽ ഭാഗവും ആതുരസേവനത്തിനായി നീക്കിവച്ചു. ഇടവേളകളിൽ സംഗീതം ആസ്വദിച്ചു. നല്ല പുസ്തകങ്ങൾ വായിച്ചു. ആലംബഹീനർക്ക് നി​ത്യവും അന്നം നൽകാൻ സംവി​ധാനവും ഉണ്ടായി​രുന്നു.

ഇക്കഴി​ഞ്ഞ ജൂൺ​ എട്ടി​നായി​രുന്നു ഡോ. വാരി​യർ നൂറാംപി​റന്നാൾ ആഘോഷി​ച്ചത്. 114 വർഷത്തെ പാരമ്പര്യമുള്ള കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സുവർണകാലം അദ്ദേഹത്തിൽ തുടങ്ങുന്നു. അരനൂറ്റാണ്ടായി സ്ഥാപനത്തിന്റെ നെടുംതൂണായി മാറിയ അദ്ദേഹം വൈദ്യശാലയെ ലോകോത്തര നിലവാരത്തിൽ ഉയർത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഗവേഷണത്തിനും പഠനത്തിനും ചികിത്സയ്ക്കുമായി വിദേശികൾ എത്തുമായിരുന്നു. ആയുർവേദത്തിന്റെ മാഹാത്മ്യവും കേരളത്തിന്റെ മഹനീയതയും ലോകമെങ്ങും പ്രസരിച്ചു.

ആയുർവേദത്തെ ആധുനിക കാലഘട്ടത്തിന് അനുസൃതമായി കൂട്ടിയിണക്കുമ്പോഴും പാരമ്പര്യ വിശുദ്ധി കാത്തുസൂക്ഷിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. പാവപ്പെട്ടവരോടുള്ള അനുകമ്പ, മതേതര സമഭാവന, ലാളിത്യം, നിരന്തര പഠനം എന്നിവ സവിശേഷതകളായിരുന്നു. ഉപനിഷത്തുകൾക്കൊപ്പം ബൈബിൾ, ഖുർ - ആൻ എന്നിവ പഠിച്ചു വളർന്ന അടിത്തറയും അദ്ദേഹത്തിന്റെ കർമ്മരംഗത്തെ സുരഭിലമാക്കി.

കല, സാഹിത്യം, സംഗീതം എന്നിവ പരിപോഷിപ്പിക്കാനായി വരുമാനത്തിലൊരു പങ്ക് നീക്കിവച്ചു. ആതുര സേവനത്തെ കേവലം വാണിജ്യമാർഗമായി കാണാത്ത വിശാല മനസായിരുന്നു അതിന് പിന്നിൽ.

അഷ്ടാംഗഹൃദയത്തിന്റെ ഹൃദയ സ്പന്ദനമറിഞ്ഞ ഡോ. വാരിയർ തികഞ്ഞ ഭക്തനായിരുന്നു. ആതുര സേവനത്തെ ഭക്തിയുടെ ഭാഗമായി കണ്ടു. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സ്മൃതിപർവം എന്ന ആത്മകഥയിൽ അക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

പുരാണങ്ങളിൽ മഹാവൈദ്യനാഥനാണ് പരമശിവൻ. ശിവചൈതന്യസ്ഥാനമായ കൈലാസത്തോടുള്ള ആരാധനകൊണ്ടാകാം തന്റെ വസതിക്ക് ഡോക്ടർ വാരിയർ `കൈലാസ മന്ദിരം' എന്ന് പേരിട്ടത്. ശരീരം വെടിഞ്ഞെങ്കിലും ആതുര സേവനത്തെ തപസായി കണ്ട മഹാവൈദ്യൻ അനശ്വരസ്മരണയായി നമുക്കൊപ്പമുണ്ടാകും. എക്കാലവും കേരളകൗമുദിയുടെ ഉറ്റബന്ധുവായിരുന്ന അദ്ദേഹത്തിന്റെ വേർപാടിലുള്ള ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL, 100 ACRE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.