SignIn
Kerala Kaumudi Online
Friday, 26 April 2024 5.42 PM IST

കള്ളം ഒളിക്കാനുള്ളതല്ല വിവരാവകാശ നിയമം

m

പുതിയ ഇടതുമുന്നണി സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിച്ച മരംമുറി അപവാദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. അടിമുടി ദുരൂഹതകളും അസത്യങ്ങളും നിറഞ്ഞ ഈ പകൽക്കൊള്ളയിൽ മുഖ്യമായും സംശയനിഴലിൽ നിൽക്കുന്നത് റവന്യൂ - വനം വകുപ്പുകളാണ്. പരസ്യമായി കൊള്ള നടത്താൻ വനം മാഫിയയ്ക്കു കൂട്ടുനിന്നതിന്റെ പേരിലാണ് റവന്യൂവകുപ്പു പ്രതിക്കൂട്ടിലായത്. വിവാദ ഉത്തരവുകളുടെ മറവിൽ കോടിക്കണക്കിനു രൂപയുടെ വിലപിടിപ്പുള്ള അനേകം മരങ്ങളാണ് കടത്തിക്കൊണ്ടുപോയത്. കേസും അന്വേഷണവുമൊക്കെ ഒരുഭാഗത്തു നടക്കുമ്പോൾത്തന്നെ എല്ലാം തേച്ചുമാച്ചു കളയാനുള്ള ആസൂത്രിത നീക്കങ്ങളും മറുവശത്തു നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഇതിനിടെ മരംകൊള്ളയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ കൈമാറിയതിന്റെ പേരിൽ റവന്യൂവകുപ്പിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കൂടിയായ വനിതാ അണ്ടർ സെക്രട്ടറിക്കു നേരിടേണ്ടിവന്ന അവമതിയാണ് ഇപ്പോൾ പൊതുജനങ്ങൾക്കിടയിലും സമൂഹമാദ്ധ്യമങ്ങളിലും ചൂടുപിടിച്ച ചർച്ചാവിഷയം. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ സാധാരണക്കാർക്ക് ഭരണകൂടത്തിൽ നിന്നു ലഭിച്ച ഏറ്റവും മൂർച്ചയുള്ളതും നിർഭയം പ്രയോഗിക്കാവുന്നതുമായ നിയമമെന്ന നിലയ്ക്കാണ് വിവരാവകാശ നിയമം അറിയപ്പെടുന്നത്. ഭരണത്തിന്റെ ഉന്നതതലങ്ങളിൽ നടക്കുന്ന ഔദ്യോഗിക നടപടികളുടെ രഹസ്യങ്ങൾ വരെ തേടിച്ചെല്ലാൻ ജനങ്ങളെ അനുവദിക്കുന്നതാണ് ഈ നിയമം.

മരംമുറി കേസുമായി ബന്ധപ്പെട്ട് വിവാദ ഫയലിലെ വിവരങ്ങൾ അപേക്ഷകനു നൽകിയതിന്റെ പേരിൽ റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറിയ്ക്കെതിരെ സർക്കാർ സ്വീകരിച്ച നടപടി യഥാർത്ഥത്തിൽ വിവരാവകാശ നിയമത്തെത്തന്നെയാണ് അപമാനിച്ചതെന്നു പറയാം. സ്തുത്യർഹമായ സേവനത്തിന്റെ പേരിൽ മുൻപ് ഈ ഉദ്യോഗസ്ഥയ്ക്ക് നൽകിയിരുന്ന 'ഗുഡ് സർവീസ് എൻട്രി"യാണ് റദ്ദാക്കിയിരിക്കുന്നത്. കേട്ടുകേൾവിയില്ലാത്തതും അപമാനകരവും അല്പത്തം നിറഞ്ഞതുമായിപ്പോയി ഇത്. മരംമുറി കേസ് ഉത്ഭവിക്കും മുമ്പ് ചെയ്ത സ്തുത്യർഹമായ സേവനം കണക്കിലെടുത്ത് സമ്മാനിച്ച പ്രശംസാപത്രം പിന്നീട് വിവരാവകാശ നിയമ പ്രകാരമുള്ള കർത്തവ്യ നിർവഹണത്തിന്റെ ഭാഗമായി ചെയ്ത ഒരു നടപടിയുടെ പേരിൽ എങ്ങനെയാണു റദ്ദാക്കാൻ കഴിയുക? പ്രശംസാപത്രം റദ്ദാക്കിക്കൊണ്ട് നൽകിയ സർക്കാർ ഉത്തരവിൽ ഉദ്യോഗസ്ഥയുടെ സ്വഭാവ മഹിമയിലും ആർജ്ജവത്തിലും സംശയവും പ്രകടിപ്പിക്കുന്നുണ്ട്. നിയമത്തിനു വിരുദ്ധമായി എന്തെങ്കിലും ഈ ഉദ്യോഗസ്ഥ പ്രവർത്തിച്ചതായി ആരും പറയുന്നില്ല. അവർ ആകെ ചെയ്തത് വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലെ ആവശ്യപ്രകാരം ബന്ധപ്പെട്ട ചില വിവരങ്ങൾ അപേക്ഷകന് കൈമാറി എന്നതു മാത്രമാണ്. ആ വിവരങ്ങളാകട്ടെ നിയമാനുസൃതം അപേക്ഷകന് ലഭിക്കാൻ അവകാശമുള്ളതുമാണ്. ഏതൊക്കെ വിവരങ്ങളാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്തതെന്ന് നിയമത്തിൽ പറയുന്നുണ്ട്. പ്രധാനമായും രാജ്യരക്ഷയുമായി ബന്ധപ്പെട്ടവ ഉൾപ്പെടെയുള്ള തീർത്തും രഹസ്യസ്വഭാവമുള്ളവയാണവ. അണ്ടർ സെക്രട്ടറി കൈമാറിയ മരം മുറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ്യരക്ഷയെ ഹനിക്കുന്നതോ ദേശീയ താത്പര്യത്തിന് ദോഷകരമായതോ ആണെന്ന് ആർക്കു പറയാനാകും? വിവരാവകാശ അപേക്ഷകർക്ക് നിയമാനുസൃതം നൽകിയ വിവരങ്ങളുടെ പേരിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥയെ പ്രതിക്കൂട്ടിലാക്കുന്ന സർക്കാർ അങ്ങേയറ്റം തെറ്റായ ഒരു സന്ദേശം കൂടിയാണു നൽകുന്നത്. സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുന്ന സംഭവങ്ങളിൽ വിവരങ്ങൾ നൽകുന്നതിൽനിന്ന് ഉദ്യോഗസ്ഥരെ അകറ്റുന്ന സമീപനം കൂടിയാണിത്. ഈ നടപടി തിരുത്താൻ റവന്യൂമന്ത്രി ഇടപെടേണ്ടതായിരുന്നു. മരംകൊള്ളയുടെ പിന്നാമ്പുറക്കഥകൾ വെളിച്ചത്താകുന്നതിന്റെ പാരവശ്യമായി ഇതിനെ ബന്ധപ്പെടുത്തുന്നവർ ധാരാളമുണ്ട്. അവരുടെ സംശയങ്ങൾക്ക് ആക്കം കൂട്ടാൻ മാത്രമേ ഉദ്യോഗസ്ഥക്കെതിരായ സങ്കുചിത നടപടി ഉപകരിക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.