SignIn
Kerala Kaumudi Online
Friday, 26 April 2024 1.41 PM IST

വൈദ്യുതി നിരക്ക് കുറയ്ക്കൽ അനിവാര്യം

kseb

സമീപഭാവിയിൽ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കുറയ്ക്കേണ്ടി വരുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. തികച്ചും സ്വാഗതാർഹവും അനിവാര്യവുമാണിത്.

കേന്ദ്ര വൈദ്യുതി നിയമഭേദഗതി നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ പാസായാൽ വൈദ്യുതിവിതരണ രംഗത്ത് സംസ്ഥാന വൈദ്യുതി ബോർഡ് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നുറപ്പ്. നിയമഭേദഗതിയുടെ ഭാഗമായി വിതരണരംഗത്താണ് പരിഷ്‌കരണ നടപടികൾ ആദ്യം പ്രാവർത്തികമാവുക. വമ്പൻ സ്വകാര്യ കമ്പനികൾ സജീവമാകുമ്പോൾ ഏറ്റവും കുറ‌ഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കി പരമാവധി ഉപഭോക്താക്കളെ ആകർഷിക്കും. ഇപ്പോൾത്തന്നെ കേരളത്തിൽ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി അറുപതോളം സ്ഥാപനങ്ങൾ സ്വകാര്യകമ്പനികളിൽ നിന്നും വൈദ്യുതി വാങ്ങുന്നുണ്ട്. കെ.എസ്.ഇ.ബി നൽകുന്നതിലും കുറഞ്ഞ നിരക്കിൽ ലഭിക്കുമ്പോഴുള്ള സാമ്പത്തികലാഭമാണ് അവരെ അതിന് പ്രേരിപ്പിച്ചത്. കേരളത്തിലേക്ക് വ്യവസായങ്ങളെ ആകർഷിക്കാനും അവശ്യം വേണ്ടത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുകയാണ്. ഇതെല്ലാം കണക്കിലെടുത്താണ് കെ.എസ്.ഇ.ബിക്കും വൈദ്യുതിനിരക്ക് കുറയ്ക്കേണ്ടി വരുമെന്ന് മന്ത്രി പറ‌ഞ്ഞത്. നിരക്ക് കുറച്ചാൽ മാത്രം പോരാ മികച്ച സേവനവും നൽകണം.

സ്വകാര്യവത്ക്കരണം ശക്തമാകുമ്പോൾ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഇ.ബി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരുകാര്യം നിലവിലുള്ള വിപുലമായ മാനവവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്താനും, നൂതന സാങ്കേതിക വിദ്യയിലൂടെ ആധുനികവത്ക്കരണം നടത്താനും തയ്യാറാകണമെന്നതാണ്. കെ.എസ്.ഇ.ബിയിൽ 35000ത്തോളം ജീവനക്കാരുണ്ട് . സർക്കാരിന്റെ ശമ്പള വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ബോർഡിലെ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം കൂടുതൽ ആകർഷകമാണെന്ന് പറയാതിരിക്കാനാവില്ല. അപ്പോൾ പുതിയ കാലത്തിന്റെ വെല്ലുവിളിയെ നേരിടാൻ ഈ മാനവവിഭവശേഷിയുടെ സർവസാദ്ധ്യതയും പ്രയോജനപ്പെടുത്തേണ്ടി വരും. അല്ലെങ്കിൽ കെ.എസ്.ഇ.ബിയുടെ സംവിധാനം ഉപയോഗിച്ച് നാമമാത്രമായ വീലിംഗ് ചാർജ്ജ് മാത്രം നൽകി സ്വകാര്യ മേഖല തഴച്ചുവളരും.

സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ എഴുപത് ശതമാനവും പുറത്തുനിന്നും വാങ്ങുകയാണ്. മുപ്പത് ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ചെലവ് കുറഞ്ഞ വൈദ്യുതിയുടെ ഉത്പാദനം കൂട്ടാനുള്ള നടപടികൾക്ക് വേഗം കൂട്ടേണ്ടിയിരിക്കുന്നു.

ജലവൈദ്യുതി,സൗരോർജ്ജം, കാറ്റിൽ നിന്നുള്ള വൈദ്യുതി എന്നീ മൂന്നു മേഖലകൾ ഏറ്റവും ഫലപ്രദമായി വിനിയോഗിച്ചാലേ കുറഞ്ഞ ചെലവിൽ ഉത്പാദനം സാദ്ധ്യമാവുകയും അതിലൂടെ നിരക്ക് കുറയ്ക്കാനും കഴിയുകയുള്ളൂ. ഇപ്പോൾ പെരിങ്ങൽക്കുത്ത്, പള്ളിവാസൽ, ഭൂതത്താൻകെട്ട്, കല്ലാർ, തോട്ടയാർ എന്നിവിടങ്ങളിലായി ഏകദേശം നൂറ് മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. അടുത്ത മാർച്ചിൽ ഇവ പൂർത്തിയാകും. ഇതുകൊണ്ട് ഒന്നുമാകുന്നില്ല. ഇടുക്കി രണ്ടാം നിലയത്തിന്റെ നിർമ്മാണം വേഗത്തിലാക്കുകയും സൗരോർജ്ജ ഉത്പ്പാദനം വ്യാപകമാക്കുകയും വേണം. ബോർഡിന്റെ സൗരോർജ്ജ പദ്ധതികളിൽ രജിസ്റ്റർ ചെയ്തവരുടെ കാത്തിരിപ്പ് അനന്തമായി നീളുന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.

സ്വകാര്യമേഖലയുടെ സാന്നിദ്ധ്യം ഈ കാലഘട്ടത്തിൽ ആർക്കും നിരാകരിക്കാനാവില്ല. മികച്ച സർവീസിലൂടെ ജനങ്ങൾക്ക് ഉപകാരപ്രദമാകും വിധം വൈദ്യുതിബോർഡിനെ സജ്ജമാക്കുകയെന്നതാണ് പ്രധാനം. അങ്ങനെ കെ.എസ്.ഇ.ബിയെ മത്സരരംഗത്ത് ഒന്നാമതാക്കണം. അനുഭവസമ്പത്തും എന്തും പഠിക്കാൻ മനസുമുള്ള മന്ത്രി കൃഷ്ണൻകുട്ടി ഈ വലിയ വെല്ലുവിളി ഏറ്റെടുക്കുമെന്ന് ഏവർക്കുമറിയാം. വൈദ്യുതിവകുപ്പ് മികച്ച രീതിയിൽ മുമ്പ് കൈകാര്യം ചെയ്തിട്ടുള്ള മുഖ്യമന്ത്രിയുടെ പിന്തുണ കൂടിയുള്ളതിനാൽ പ്രത്യേകിച്ച് പറയേണ്ടതുമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.