SignIn
Kerala Kaumudi Online
Friday, 26 April 2024 9.53 PM IST

സർവകലാശാലകൾക്ക് പാഠമാകേണ്ട വിധി

jj

ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട നമ്മുടെ സർവകലാശാലകളുടെ സ്വജന പക്ഷപാതവും അഴിമതിയും കുപ്രസിദ്ധമാണ്. നിയമനങ്ങളിലാണ് സർവ മര്യാദകളും ലംഘിച്ചുകൊണ്ട് ഏറ്റവുമധികം ക്രമക്കേടുകൾ നടക്കാറുള്ളത്.

നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥാപിതമായ കീഴ്‌വഴക്കങ്ങളുമൊക്കെ അവിടെ കാറ്റിൽ പറന്നുപോകും. സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും ചാർച്ചക്കാർക്കുമൊക്കെ കണ്ണായ സ്ഥാനങ്ങളിൽ നിയമനം നൽകാൻ ഏതു വളഞ്ഞവഴിയും സ്വീകരിക്കും. ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണ് അദ്ധ്യാപക തസ്തികയിൽ ഒന്നാംസ്ഥാനത്തിന് എല്ലാത്തരം അർഹതയുണ്ടായിട്ടും സിൻഡിക്കേറ്റംഗത്തിന്റെ ഭാര്യയെ തിരുകിക്കയറ്റാൻ മാറ്റിനിറുത്തപ്പെട്ട ഡോ. ടി.വി. ബിന്ദുവിന്റെ അനുഭവം. നീതിതേടി ദീർഘമായ പതിന്നാലു വർഷം അവർക്ക് നിയമപോരാട്ടം നടത്തേണ്ടിവന്നു. ഒടുവിൽ രാജ്യത്തെ പരമോന്നത കോടതി കേരള സർവകലാശാല പതിന്നാലു വർഷം മുൻപ് കാണിച്ച അനീതി തിരുത്തുകയും മുൻകാല പ്രാബല്യത്തോടെ ബിന്ദുവിന് നിയമനം നൽകാൻ ഉത്തരവിടുകയും ചെയ്തു. എല്ലാ അർത്ഥത്തിലും പൂർണമായും അർഹതപ്പെട്ട നിയമനം നേടാൻ ഔദ്യോഗിക ജീവിതത്തിന്റെ പകുതിയോളം കാലം അവർക്ക് പോരാട്ടം നടത്തേണ്ടിവന്നത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കോ വിദ്യാർത്ഥി ലോകത്തിന് നേർവഴി കാണിച്ചുകൊടുക്കേണ്ട സർവകലാശാലകൾക്കോ ഒട്ടും ഭൂഷണമല്ല. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും നടക്കാറുള്ള നിയമന ക്രമക്കേടുകളിൽ ഒന്നു മാത്രമാണിത്. ഉന്നത നിയമനങ്ങളുമായി ബന്ധപ്പെട്ട് ഓരോവർഷവും ഉയരുന്ന പരാതികളുടെ കണക്കെടുത്താലറിയാം എത്ര വലിയ ക്രമേക്കടുകളാണ് ഓരോ സർവകലാശാലയിലും അരങ്ങേറുന്നതെന്ന്. നിയമയുദ്ധത്തിൽ വിജയശ്രീലാളിതയായ ബിന്ദുവിന്റെ കാര്യം തന്നെയെടുക്കാം. 2007-ൽ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ നിയമനത്തിന് അപേക്ഷ സമർപ്പിക്കുമ്പോൾ അവർക്ക് ആവശ്യമായതിലും അധികം യോഗ്യതകളുണ്ടായിരുന്നു. എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും മറ്റുള്ളവരെക്കാൾ മുന്നിലെത്തുകയും ചെയ്തു. എന്നാൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ അംഗീകാരമില്ലാത്ത ജേർണലുകളിലാണെന്നു ഇല്ലാവചനം പറഞ്ഞ് നിയമനപട്ടികയിൽ അവരെ മൂന്നാം സ്ഥാനത്താക്കുകയായിരുന്നു. സിൻഡിക്കേറ്റ് അംഗത്തിന്റെ ഭാര്യയെ ഒന്നാംറാങ്ക് നൽകി നിയമിക്കുകയും ചെയ്തു. സ്വാധീനിക്കാൻ സർവകലാശാലാ തലപ്പത്ത് ആളുകളുള്ള പലർക്കും ഇതുപോലുള്ള നിയമനങ്ങൾ കൈവെള്ളയിലൊതുങ്ങുമെന്ന് കാര്യങ്ങൾ അടുത്തറിയുന്നവർക്കെല്ലാം ബോദ്ധ്യമുണ്ട്. ബിന്ദു തനിക്കു നേരിട്ട നീതിനിഷേധം ഉള്ളിലടക്കി വെറുതെ ഇരുന്നില്ലെന്നതാണ് എടുത്തുപറയേണ്ടത്. അർഹമായ നിയമനം ഏറെ വൈകിയാണെങ്കിലും അവർ നേടിയെടുക്കുകതന്നെ ചെയ്തു.

സംവരണ തത്വങ്ങൾ അട്ടിമറിച്ചും ദുർവ്യാഖ്യാനിച്ചും സർവകലാശാലകളിൽ നടന്നുവരുന്ന നിയമന ക്രമക്കേടുകൾ നിരവധിയുണ്ട്. തുടർച്ചയായി ഇതൊക്കെ നടന്നിട്ടും സർക്കാരുകൾ മൗനം ഭജിക്കുന്നതാണ് ഇത്തരം അനീതികൾ അവിരാമം തുടരാൻ കാരണം. രാഷ്ട്രീയാതിപ്രസരം കലശലായ സർവകലാശാലാ ഭരണത്തിൽ സർക്കാർ ഇടപെടലുകൾക്ക് ഏറെ പരിമിതികളുമുണ്ട്. നിയമത്തിനും നീതിക്കുമുപരി പലപ്പോഴും രാഷ്ട്രീയ കക്ഷികളുടെ താത്‌പര്യങ്ങൾക്കാണ് സർവകലാശാലകളിൽ മുഖ്യപരിഗണന ലഭിക്കാറുള്ളത്. ഉന്നത നിയമനങ്ങളിൽ മാത്രമല്ല, താഴെത്തട്ടിലുള്ള നിയമനങ്ങളിൽ വരെ നടക്കാറുള്ള ക്രമക്കേടുകൾ അങ്ങാടിപ്പാട്ടാണ്. കേരള സർവകലാശാലയിൽ വർഷങ്ങൾക്കു മുമ്പു നടന്ന അസിസ്റ്റന്റ് നിയമന കുംഭകോണം മറക്കാറായിട്ടില്ല.

എല്ലാ യോഗ്യതകളുമുള്ളവർ തഴയപ്പെടുകയും പാർശ്വവർത്തികൾക്ക് നിയമനം തരപ്പെടുത്തുകയും ചെയ്യുന്ന അനീതി ഇല്ലാതാകണമെങ്കിൽ സർക്കാർ ഈ വക കാര്യങ്ങളിൽ നിലപാട് അതീവ കർക്കശമാക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽത്തന്നെ ഇതിനുവേണ്ടിയുള്ള സംവിധാനമൊരുക്കണം. സംസ്ഥാനത്തെ സർവകലാശാലകളിൽ ഉന്നത നിയമനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും നടന്നുവരുന്ന കേസുകളുടെ പട്ടിക പരിശോധിക്കുന്നതും നന്നായിരിക്കും. നീതിക്കുവേണ്ടി നടത്തുന്ന ഇത്തരം പോരാട്ടങ്ങൾക്ക് അദ്ധ്വാനവും സമ്പത്തും ഏറെ വേണ്ടിവരുന്നു. നിയമന ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെടുമ്പോൾത്തന്നെ ഫലപ്രദമായി ഇടപെടാനുള്ള സംവിധാനമുണ്ടായാൽ ഇരയാകുന്നവരുടെ കഷ്ടനഷ്ടങ്ങൾ കുറയ്ക്കാം. സർവകലാശാലകളെ സ്വന്തമായി വച്ചനുഭവിക്കുന്നവർക്കെല്ലാം പാഠമാകേണ്ടതാണ് ടി.വി. ബിന്ദു ഒറ്റയ്ക്കു പൊരുതി നേടിയ ഈ വിജയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.