SignIn
Kerala Kaumudi Online
Friday, 26 April 2024 7.24 PM IST

ഇത്രയ്ക്കാകരുത് നിസംഗത

editorial-

കൊവിഡ് പിടിപെട്ട് മരണമടയുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന പൊതുതാത്‌പര്യ ഹർജി പരിഗണിച്ച സുപ്രീംകോടതി അരലക്ഷം രൂപവീതം നല്‌കാനാണ് വിധിച്ചത്. തുച്ഛമായ ഈ സഹായം പോലും നല്‌കാൻ സംസ്ഥാനങ്ങൾ ശുഷ്കാന്തി കാണിക്കുന്നില്ലെന്നത് ദുഃഖകരമാണ്. സഹായ വിതരണത്തിൽ ഏറെ അലംഭാവം കാട്ടുന്നത് കേരളമാണെന്ന് പരമോന്നത കോടതി കഴിഞ്ഞ ദിവസം എടുത്തുപറഞ്ഞത് കൊവിഡ് പ്രതിരോധ രംഗത്ത് ഏറെ നേട്ടങ്ങളുണ്ടാക്കിയ സംസ്ഥാന സർക്കാരിന് വലിയ ക്ഷീണമായി. കൊവിഡ് മരണനിരക്കിൽ കേരളം രണ്ടാം സ്ഥാനത്താണ്. നാല്പത്തിനായിരത്തിലധികം പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ദിനംപ്രതി ഇത് കൂടിക്കൊണ്ടിരിക്കുകയുമാണ്.

കൊവിഡ് മരണങ്ങളുണ്ടായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നിട്ട് മാസങ്ങളായെങ്കിലും സംസ്ഥാനത്ത് നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. മരണങ്ങൾ നാല്പതിനായിരത്തിൽ അധികമാണെന്നാണ് ഔദ്യോഗിക രേഖകളെങ്കിലും ധനസഹായത്തിന് ഇതുവരെ 10,777 കുടുംബങ്ങൾ മാത്രമാണ് അപേക്ഷ നല്‌കിയത്. സഹായം നൽകിയതാകട്ടെ 548 കുടുംബങ്ങൾക്കു മാത്രവും. ശേഷിക്കുന്ന അപേക്ഷകളിൽ പരിശോധന നടക്കുകയാണെന്നും തീരുന്ന മുറയ്ക്ക് സഹായധനം നല്‌കുമെന്നുമാണ് സർക്കാർ വാദം. ക്രൂരമെന്നു പറയാവുന്ന ഈ മെല്ലെപ്പോക്കിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച സുപ്രീംകോടതി അർഹരായ മുഴുവൻ പേർക്കും ഒരാഴ്ചയ്ക്കകം സഹായം വിതരണം ചെയ്യാൻ സംസ്ഥാനത്തിന് നിർദ്ദേശം നല്‌കിയിരിക്കുകയാണ്.

ഇതിനകം ലഭിച്ച അപേക്ഷകൾ പരിശോധിച്ച് നഷ്ടപരിഹാരത്തിന് അർഹതയുള്ളവരെ കണ്ടെത്തുക വിഷമമുള്ള പണിയൊന്നുമല്ല. കൊവിഡ് മൂലമാണ് മരണമെന്ന് ഉറപ്പാക്കാൻ വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ആശുപത്രി രേഖകൾ മതിയായ തെളിവാണ്. അപേക്ഷയ്ക്കൊപ്പം ഇത്തരം രേഖകൾ കൂടി സമർപ്പിച്ചിട്ടുള്ളവർക്ക് ഒറ്റ പരിശോധന കൊണ്ടുതന്നെ അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കാവുന്നതേയുള്ളൂ. നിർദ്ധനരായ നിരവധി കുടുംബങ്ങൾക്ക് അത് ആശ്വാസമാകും. അർഹതാ മാനദണ്ഡം സംബന്ധിച്ച അവ്യക്തതകളാണ് അപേക്ഷകളിൽ തീരുമാനം വൈകിപ്പിക്കുന്നതെന്ന് പറയുന്നുണ്ട്. മുമ്പിലെത്തുന്ന ഏത് അപേക്ഷയും സംശയത്തോടെ മാത്രം വീക്ഷിക്കുന്ന സ്ഥിരം ഉദ്യോഗസ്ഥ മനോഭാവമല്ലേ ഇതിനു പിന്നിലെന്നും കരുതേണ്ടിയിരിക്കുന്നു. കൊവിഡ് മരണ സഹായവിതരണവുമായി ബന്ധപ്പെട്ട് രണ്ട് സമിതികളെ നിയോഗിച്ചിരുന്നു. അവയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നതിന്റെ തെളിവാണ് അപേക്ഷകളിൽ നാലിൽ മൂന്നു ഭാഗവും തീരുമാനമാകാതെ കിടക്കുന്നത്. സമിതിയുടെ പ്രവർത്തനം ഉൗർജ്ജ്വസ്വലമാക്കാനും കുടിശിക അപേക്ഷകളിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാനും അടിയന്തര ഇടപെടലുകളുണ്ടാകണം. സാധാരണ ധനസഹായ അപേക്ഷ കൈകാര്യം ചെയ്യുന്നതു പോലെയാകരുത് കൊവിഡ് സഹായവുമായി ബന്ധപ്പെട്ട അപേക്ഷകൾ. കൊവിഡ് അമ്പേ തളർത്തിയ നിരവധി പാവപ്പെട്ട കുടുംബങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. മരണം കൊവിഡ് മൂലമാണെങ്കിലും ജീവിക്കാൻ മതിയായ ചുറ്റുപാടുകളുള്ള കുടുംബങ്ങൾ നഷ്ടപരിഹാരത്തിന് സർക്കാരിനെ സമീപിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ആ നിലയ്ക്ക് ലഭിച്ച അപേക്ഷകൾ കെട്ടിവച്ച് സഹായം വൈകിക്കുന്നതിന് ഒരു നീതീകരണവുമില്ല. റവന്യൂ ഓഫീസുകളിലെ ഫയൽനീക്കം അറിയാവുന്ന ആർക്കും ഇതൊന്നും അത്ഭുതമായി തോന്നില്ല. പൊതുജനങ്ങൾക്കു അർഹമായ സാമ്പത്തിക സഹായം എങ്ങനെയെല്ലാം വൈകിപ്പിക്കാനാകുമെന്ന് ഉദ്യോഗസ്ഥർ ഗവേഷണം നടത്തുന്നത് പുതിയ കാര്യമല്ല. കൊവിഡ് മരണസഹായ വിതരണത്തിലും അതാണ് കാണുന്നത്. കൊവിഡ് ബാധിച്ച് ഉറ്റവരെ നഷ്ടപ്പെട്ട പാവപ്പെട്ട കുടുംബങ്ങൾക്ക് ചെറിയതെങ്കിലും അരലക്ഷം രൂപയുടെ സഹായം ഈ വറുതിക്കാലത്ത് വലിയ ആശ്വാസമാണ്. സർക്കാർ നേരത്തെതന്നെ ഇതിൽ ഇടപെടേണ്ടതായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.