SignIn
Kerala Kaumudi Online
Friday, 26 April 2024 9.43 AM IST

ധന്യമായ ജീവിതം

kk

കേരളത്തിന്റെ സാഹിത്യ സാംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന അതുല്യവ്യക്തിത്വത്തെയാണ് സി.വി.ത്രിവിക്രമന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. മലയാളസാഹിത്യത്തിന്റെ ദിശാസൂചിക നിർണയിക്കുംവിധം വയലാർ അവാർഡിനെ ശ്രദ്ധേയമാക്കുകയും നാലരദശകത്തിലേറെയായി അതിനെ നിത്യഭാസുരമായി നിലനിർത്തുകയും ചെയ്തതിനു പിന്നിലെ ഊർജ്ജപ്രവാഹമായിരുന്നു ത്രിവിക്രമൻ.

അനശ്വരമായ ഗാനങ്ങളിലൂടെയും കവിതകളിലൂടെയും ഓർമ്മിക്കപ്പെടുന്നുണ്ടെങ്കിലും മലയാളത്തിന്റെ ജ്ഞാനപീഠമായി വിശേഷിപ്പിക്കപ്പെടുന്ന വയലാർ സാഹിത്യ അവാർഡാണ് പ്രിയ കവി വയലാർരാമവർമ്മയുടെ സചേതന സ്മാരകമെന്ന് പറയാതെ വയ്യ. സ്വജനപക്ഷപാതവും മത്സരവും നിറഞ്ഞുനിൽക്കുന്ന സാഹിത്യരംഗത്ത് പരാതികളില്ലാതെ നാലരപ്പതിറ്റാണ്ട് കാലം ഈ അവാർഡ് മുന്നോട്ടു കൊണ്ടുപോയതിന് മലയാള സാഹിത്യരംഗം ത്രിവിക്രമനോട് എന്നും കടപ്പെട്ടിരിക്കുന്നു. സാഹിത്യരംഗത്തെ പലർക്കും ഒരു അത്താണികൂടിയായിരുന്നു അദ്ദേഹം .

വയലാർ രാമവർമ്മ സ്മാരക സാഹിത്യ ട്രസ്റ്റിന്റെ സെക്രട്ടറിയായി ത്രിവിക്രമനെ നിർദ്ദേശിച്ചത് ട്രസ്റ്റിന്റെ ആദ്യ പ്രസിഡന്റ് കൂടിയായ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനായിരുന്നു.1976 ൽ ട്രസ്റ്റ് രൂപീകരിച്ചു. 1977 ൽ ആദ്യ വയലാർ അവാർഡ് ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷിക്കു നൽകി. അന്നുമുതൽ ഏറ്റവുമൊടുവിൽ നടന്ന അവാർഡ് ദാനം വരെയും സെക്രട്ടറി എന്നനിലയിൽ വളരെ ഭംഗിയായിത്തന്നെ തന്റെ ഉത്തരവാദിത്തം അദ്ദേഹം നിറവേറ്റി. സ്വന്തം പോക്കറ്റിൽ നിന്നുപോലും അതിനായി അദ്ദേഹം പണം വിനിയോഗിച്ചു.ഉപദേശകസമിതിയും ട്രസ്റ്റ് ഭാരവാഹികളും ഒക്കെയുണ്ടെങ്കിലും അവാർഡ് നിർണയത്തിന്റെ ഭാഗമായി കത്തെഴുതുന്നതു മുതൽ, പുസ്തകം വാങ്ങുന്നതും കണക്ക് സൂക്ഷിക്കുന്നതും തുടങ്ങി, ചടങ്ങ് സംഘടിപ്പിക്കുന്നതുവരെ എല്ലായിടത്തും ത്രിവിക്രമന്റെ കൈയ്യും കണ്ണുമെത്തിയിരുന്നു. യഥാർത്ഥത്തിൽ വയലാർ അവാർഡ് സംഘാടനം ത്രിവിക്രമന് ജീവിതവ്രതമായിരുന്നു. നവതിപിന്നിട്ട വേളയിലും ഊർജ്ജസ്വലമായി ഈ കാര്യങ്ങൾ ചെയ്യുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ത്രിവിക്രമനെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തത് ഓർത്തുപോകുന്നു.

ജീവിതത്തിന്റെ അവസാനദിനം വരെയും അദ്ദേഹം കർമ്മനിരതനായിരുന്നു.ഏറ്റവുമൊടുവിൽ അദ്ദേഹം കുടുംബാംഗങ്ങളോട് സംസാരിച്ചതും വയലാർ ട്രസ്റ്റിന്റെ ഭാവിപ്രവർത്തനങ്ങളെക്കുറിച്ചായിരുന്നു.

. ഖാദി ബോർഡിൽ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച ത്രിവിക്രമൻ

അഭിഭാഷകനുമായിരുന്നു .നിർമ്മലമായ സ്നേഹമായിരുന്നു ത്രിവിക്രമന്റെ മതം. ധന്യമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തിയ ത്രിവിക്രമൻ ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യനും ജീവചരിത്രകാരനുമായ കോട്ടുക്കോയിക്കൽ വേലായുധന്റെയും ശാരദാമ്മയുടെയും ആറുമക്കളിൽ ഏക മകനാണ്. ത്രിവിക്രമന്റെ സഹോദരിമാരും തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ചവരാണ്. കേരളത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ.കെ.ലളിതയാണ് അദ്ദേഹത്തിന്റെ സഹധർമ്മിണി.ദീർഘകാലത്തെ ആ ദാമ്പത്യജീവിതം മാതൃകാപരമാണ്. എന്റെ ചില്ലുകൊട്ടാരം എന്നപേരിൽ എഴുതിപ്പൂർത്തിയാക്കിയ ആത്മകഥ പ്രകാശിതമാകും മുമ്പെയാണ് ത്രിവിക്രമന്റെ മടക്കം.പ്രൊഫ.എം.കെ.സാനു അതിന് അവതാരികയുമെഴുതിയിരുന്നു.

വയലാർ അവാർഡ് ത്രിവിക്രമൻ ആഗ്രഹിച്ചതുപോലെ മുന്നോട്ടുകൊണ്ടുപോകാൻ വയലാർ രാമവർമ്മ ട്രസ്റ്റ് മുൻകൈയെടുക്കുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.മുടക്കം കൂടാതെ അത് നടത്തുകയെന്നതാണ് ത്രിവിക്രമന് നൽകാവുന്ന ഏറ്റവും വലിയ ആദരം. എന്നും കേരളകൗമുദിയുടെ അഭ്യുദയാകാംക്ഷിയും ഉറ്റബന്ധുവുമായിരുന്നു ത്രിവിക്രമൻ. അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.