SignIn
Kerala Kaumudi Online
Thursday, 19 September 2024 11.29 AM IST

എന്നും വനിതാദിനം ആകട്ടെ

Increase Font Size Decrease Font Size Print Page

kk

റഷ്യൻ അധിനിവേശം സൃഷ്ടിച്ച പ്രതിസന്ധിയുടെ ദുരിതം യുക്രെയിൻ ജനത , പ്രത്യേകിച്ചും അവിടുത്തെ അമ്മമാരും കുഞ്ഞുങ്ങളും അനുഭവിക്കുമ്പോഴാണ് ഇന്ന് ലോകം വനിതാദിനം ആചരിക്കുന്നത്. യുദ്ധമായാലും കലാപമായാലും കൊലപാതകമായാലും അതേറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ വിജയകരമായ സാന്നിദ്ധ്യവും നേതൃപാടവവും പ്രകടമാകുന്ന ഈ കാലത്തുപോലും ലോകത്തെവിടെയും സ്ത്രീകൾ നേരിടുന്ന തിക്താനുഭവങ്ങളുടെ കദനകഥകൾ എന്നും കേൾക്കേണ്ടിവരുന്നുണ്ട്. ബാക്കി 364 ദിനങ്ങളും അവർക്ക് അശാന്തിയുടെ വേദനകൾ നൽകുന്നതായി മാറുമ്പോൾ വർഷത്തിൽ ഒരു ദിനം മാത്രം വനിതകൾക്കായി ആചരിക്കുന്നതിലെന്ത് പ്രസക്തിയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ഭരണാധികാരികൾക്കുപോലും കഴിയില്ല.

അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും മതിൽക്കെട്ടുകൾ

തകർത്ത് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് തങ്ങൾക്കിഷ്ടമായ തൊഴിലിടം തിരഞ്ഞെടുത്ത് ആഹ്ളാദകരമായ ജീവിതം നയിക്കാൻ കഴിയുന്ന വനിതകളുടെ എണ്ണം വർദ്ധിച്ചുവരുന്നുണ്ടെന്നതാണ് ഏക ആശ്വാസം. എന്നാൽ നിർഭയയായ സ്ത്രീ എന്ന സങ്കല്പം യാഥാർത്ഥ്യമാകണമെങ്കിൽ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.

സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന നമ്മുടെ കേരളത്തിൽപ്പോലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടിവരുന്നതായി കാണാം. എന്തിനും മടിക്കാത്ത ഒരുവിഭാഗം പുരുഷൻമാരുടെ ചതിക്കുഴികളിൽ ചിത്രശലഭങ്ങളെ പോലെ പതിക്കുന്നവരിൽ വിദ്യാസമ്പന്നരായിട്ടുള്ള പെൺകുട്ടികൾ പോലുമുണ്ട്. കൊച്ചിയിൽ സമീപകാലത്തായി മയക്കുമരുന്ന് ലോബികളുടെ കെണിയിൽപ്പെട്ട് അവരുടെ ഇരകളായി മാറി ജീവൻ പൊലിഞ്ഞ പെൺകുട്ടികളുടെയും തിരുവനന്തപുരത്ത് വിതുരയിൽ മയക്കുമരുന്ന് മാഫിയയുടെ ഇരയായി ജീവനൊടുക്കിയ പെൺകുട്ടികളുടെയും കഥകൾ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. വാളയാറിലെ അമ്മയുടെ രോദനം ഇപ്പോഴും സമൂഹത്തിനു മുന്നിൽ മുഴങ്ങുന്നുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറുന്ന ചില നേതാക്കൻമാരുണ്ടെന്ന് അടുത്തിടെ ഒരു വനിതാമന്ത്രിക്കുതന്നെ പാർട്ടി സമ്മേളനത്തിൽ തുറന്നു വിമർശിക്കേണ്ടിവന്നതായി റിപ്പോർട്ടുണ്ടായിരുന്നു. സ്ത്രീസംവരണം എന്നൊക്കെ വാചകമടിക്കുമെങ്കിലും രാഷ്ട്രീയപാർട്ടികൾ പുലർത്തുന്ന കാപട്യത്താൽ സ്ത്രീകൾക്ക് ലഭിക്കുന്ന അവസരങ്ങൾ വിരളമാണെന്നേ പറയാൻ കഴിയുകയുള്ളൂ. രാഷ്ട്രീയ- ഭരണ രംഗങ്ങളിൽ തുല്യത കൈവരിക്കാതെ സ്ത്രീകളുടെ പരിതാപകരമായ അവസ്ഥയ്ക്ക് പരിഹാരമാകില്ല.

സമൂഹത്തിലേക്ക് നോക്കുമ്പോൾ വൃദ്ധരായ അമ്മമാരെ പരിചരിക്കുന്നതിൽ വീഴ്ചവരുത്തുന്നുവെന്ന് മാത്രമല്ല അവരെ ക്രൂരമായ മർദ്ദനങ്ങൾക്കിരയാക്കുന്ന സംഭവങ്ങൾ പോലും നമ്മുടെ നാട്ടിലുണ്ടാകുന്നു.സ്ത്രീകളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി വിവിധ വകുപ്പുകളിലൂടെയായാലും വനിതാ കമ്മിഷനിലൂടെയായാലും സർക്കാർ വലിയ തുക ചെലവഴിക്കുന്നുണ്ട്. പക്ഷേ അതിന്റെ പ്രയോജനം നമ്മുടെ നാട്ടിലെ വനിതകൾക്ക് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. നമ്മുടെ പെൺകുട്ടികൾ ചതിക്കുഴികളിൽ പെടാതിരിക്കാൻ ബോധവത്‌കരണപരിപാടികൾ നടത്തിയാൽ മാത്രം പോര, ഫലപ്രദമായ പൊലീസ് നിരീക്ഷണവും ശക്തമായ സർക്കാർ ഇടപെടലും അനിവാര്യമാണ്. കുറ്റവാളികളെ ഉടൻ പിടികൂടുന്നില്ലേയെന്ന് ചോദിക്കുന്നതിനേക്കാൾ കുറ്റകൃത്യങ്ങൾ തടയാനുള്ള മുൻകരുതൽ നടപടികൾക്കാണ് പ്രാധാന്യം നൽകേണ്ടത്. ഇതര സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ നമ്മുടെ നാട്ടിലെ പെൺകുട്ടികളുടെ സ്ഥിതി മെച്ചമാണെന്ന് നമ്മൾ അവകാശപ്പെടാറുണ്ട്. അത് വെറും അവകാശവാദം മാത്രമായി മാറാനിടവരുത്തരുത്.

അർദ്ധനാരീശ്വര സങ്കല്പമാണ് ഭാരതീയ ദർശനം സ്ത്രീക്കും പുരുഷനും കൽപ്പിച്ചിട്ടുള്ളത്. നേർപാതിയായ സ്ത്രീയെ പുരുഷൻ സ്നേഹത്തോടെ, കരുതലോടെ ചേർ‌ത്തുപിടിക്കണം. പെൺകുട്ടികളോട് മാന്യമായി പെരുമാറാൻ ആൺകുട്ടികളെ വീടുകളിൽത്തന്നെ പഠിപ്പിക്കണം. ആ ഒരു സംസ്‌കാരം വളർത്തിയെടുക്കണം. നമ്മുടെ പാരമ്പര്യം അതായിരുന്നു നമ്മെ പഠിപ്പിച്ചത്. ആ നിലയ്ക്ക് സമൂഹം മാറുമ്പോൾ ഒരു ദിവസമെന്നതിന് പകരം എന്നും നമുക്ക് വനിതാദിനം ആഘോഷിക്കാൻ കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.