SignIn
Kerala Kaumudi Online
Saturday, 27 April 2024 6.46 AM IST

മുരടിപ്പു മാറി വികസനത്തിലേക്ക്

photo

അന്താരാഷ്ട്ര പദവി ചാർത്തിക്കിട്ടിയിട്ട് മൂന്നര പതിറ്റാണ്ടു കഴിഞ്ഞെങ്കിലും സംസ്ഥാനത്തെ ആദ്യ വിമാനത്താവളമായ തിരുവനന്തപുരം എയർപോർട്ടിനോടുള്ള അധികൃതരുടെ അവഗണന തുടരുകയാണ്. എയർപോർട്ട് അതോറിട്ടിയുടെ കീഴിൽ ഇത്രകാലവും തുടർന്ന ഈ വിമാനത്താവളത്തിന്റെ തലവര നേരെയായിത്തുടങ്ങി എന്നതിന്റെ സൂചനയാണ് ഇപ്പോൾ കണ്ടുതുടങ്ങിയ മാറ്റങ്ങൾ.

വിമാനത്താവള നടത്തിപ്പ് അൻപതു വർഷത്തേക്ക് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ട് അധിക ദിവസങ്ങളായില്ല. സംസ്ഥാന സർക്കാരും അവിടത്തെ ജീവനക്കാരും ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാരും വിലങ്ങുതടിയാകാതിരുന്നെങ്കിൽ നേരത്തെ തന്നെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിന് നല്ലനിലയിൽ തുടക്കം കുറിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. ഏതായാലും എതിർപ്പുകളെല്ലാം മറികടന്ന് വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനു കൈമാറിക്കിട്ടിയ സ്ഥിതിക്ക് അവർ നിശ്ചയിക്കുന്ന രൂപത്തിലും ഭാവത്തിലും വികസനം നടക്കുമെന്നു പ്രതീക്ഷിക്കാം.

ആഭ്യന്തര - വിദേശ യാത്രക്കാരെ സംബന്ധിച്ചിടത്തോളം വിമാനത്താവള നടത്തിപ്പ് ആരായാലും വേണ്ടില്ല കൂടുതൽ ഫ്ലൈറ്റുകളും മികച്ച സൗകര്യവും ലഭ്യമാണോ എന്നേ നോക്കാറുള്ളൂ. അവരുടെ ആഗ്രഹം സഫലമാകാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള വേനൽക്കാല ഷെഡ്യൂൾ. നിലവിലുള്ള 348 ആഭ്യന്തര സർവീസുകൾ 540 ആയി വർദ്ധിക്കാൻ പോവുകയാണ്. ഇപ്പോൾ ഇവിടെ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് 95 സർവീസുകളാണുള്ളത്. അത് 138 ആയി വർദ്ധിക്കും. യൂറോപ്യൻ രാജ്യങ്ങളിലേക്കും ആസ്ട്രേലിയയിലേക്കും കണക്‌ഷൻ ഫ്ളൈറ്റുകൾ തുടങ്ങാനും ആലോചന തുടങ്ങിക്കഴിഞ്ഞു. ഇതിനായി വിദേശ വിമാനക്കമ്പനികൾ മുന്നോട്ടു വന്നിട്ടുണ്ടെന്നാണു സൂചന. മലേഷ്യൻ എയർലൈൻസും തിരുവനന്തപുരത്തു നിന്നു സർവീസ് തുടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ നൂറ്റിഅൻപതിലേറെ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നടത്തുന്ന മലേഷ്യൻ കമ്പനിയുടെ സാന്നിദ്ധ്യം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനപാതയിലെ നാഴികക്കല്ലായി മാറും. തിരുവനന്തപുരം വിമാനത്താവളത്തിന് വളരാനും വികസിക്കാനും അനന്ത സാദ്ധ്യതകളാണുള്ളത്. അതു വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയാതെ പോയതാണ് ഇതുവരെയുള്ള മുരടിപ്പിനും കീഴോട്ടുള്ള വളർച്ചയ്ക്കും കാരണം.

വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുത്തു നൽകാനോ മറ്റു സൗകര്യങ്ങൾ ചെയ്തുകൊടുക്കാനോ സർക്കാർ തുടർന്നും വിസമ്മതം കാണിച്ചാൽ പുതിയ വികസന ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ ദീർഘകാലം വേണ്ടിവരും. ആത്യന്തികമായി വിമാനയാത്രക്കാരാകും അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത്. പുതിയ ഷെഡ്യൂൾ പ്രകാരം ഷാർജയിലേക്കാണ് വിദേശ സർവീസുകൾ ഏറ്റവും കൂടുതൽ. ആഴ്ചയിൽ 30 ഫ്ളൈറ്റുകൾ. ദോഹ, മസ്‌കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കും കൂടുതൽ സർവീസുകൾ ഉണ്ടാകും. ഐ.ടി നഗരമായ ബംഗളൂരുവിലേക്ക് പ്രതിദിനം അഞ്ച് സർവീസുകളാകും ഉണ്ടാവുക. കൊൽക്കത്ത, പൂനെ, ദുർഗാപ്പൂർ എന്നീ നഗരങ്ങളിലേക്ക് ആരംഭിക്കുന്ന പുതിയ സർവീസുകൾ ഇവിടങ്ങളിലേക്കുള്ള യാത്ര ഏറെ സുഗമമാക്കും. നിലവിൽ ഇങ്ങോട്ടെല്ലാം വിമാനം മാറിക്കയറേണ്ട സ്ഥിതിയാണുള്ളത്. മലയാളികൾ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ചെന്നെത്തി വാസമുറപ്പിച്ചിട്ടുള്ളതിനാൽ ഏതു പുതിയ വിമാന സർവീസിനും ലാഭസാദ്ധ്യത ഏറെയാണ്.

യാത്രാസമയം എത്രകണ്ടു കുറയ്ക്കാനാകുമോ ആളുകൾ ആ വഴി തിരഞ്ഞെടുക്കും. അങ്ങനെ നോക്കുമ്പോൾ ഒട്ടേറെ നഗരങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കേണ്ടത് ആവശ്യമാണ്. ആഭ്യന്തര ടെർമിനലും വിദേശ ടെർമിനലും ഒരേ ഇടത്താക്കൽ, ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ പുനഃപ്രവർത്തനം, യാത്രക്കാർക്കും അവരോടൊപ്പം എത്തുന്നവർക്കും വേണ്ടിയുള്ള മെച്ചപ്പെട്ട സൗകര്യങ്ങൾ തുടങ്ങി തിരുവനന്തപുരം എയർപോർട്ടിൽ വരുത്തേണ്ട ഒട്ടേറെ പരിഷ്കാരങ്ങൾ ഇനിയുമുണ്ട്. അവ കൂടി പൂർത്തിയായാലേ ലക്ഷ്യം പൂർത്തീകരിച്ചു എന്നു പറയാനാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.