SignIn
Kerala Kaumudi Online
Sunday, 28 April 2024 7.33 AM IST

മാറാൻ മടിക്കുന്ന പൊലീസ്

kk

പൊലീസിന്റെ അടിസ്ഥാന സ്വഭാവത്തിലും സമീപനത്തിലും ഘടനാപരമായ മാറ്റങ്ങൾ ആവശ്യപ്പെടുന്ന രണ്ടു സംഭവങ്ങൾക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനം സാക്ഷ്യം വഹിച്ചു. വടകരയിലേതാണ് ആദ്യത്തേത്. ഒരു റോഡപകടവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു മർദ്ദിച്ചതിന്റെ ഫലമായി അയാൾ അവിടെ കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ കൊണ്ടുപോകാൻ കൂട്ടാക്കാതെ സ്റ്റേഷൻ അധികൃതർ ധാർഷ്‌ട്യം കാണിക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം. സ്റ്റേഷൻ മുറ്റത്ത് ബോധം നശിച്ച് അവശനിലയിലായ സജീവൻ എന്ന നിർദ്ധന യുവാവിന്റെ അവശതകണ്ട് അടുത്തുള്ള ഓട്ടോറിക്ഷക്കാർ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയി. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു. ചികിത്സ നൽകും മുമ്പുതന്നെ ആ ഹതഭാഗ്യൻ ഈ ലോകത്തോടു വിടപറഞ്ഞിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ തനിക്കു നെഞ്ചുവേദനിക്കുന്നുവെന്നും ആശുപത്രിയിലാക്കണമെന്നും യുവാവ് കരഞ്ഞപേക്ഷിച്ചെങ്കിലും ഇതൊക്കെ എത്രകണ്ടിരിക്കുന്നു എന്ന മട്ടിലായിരുന്നുവത്രെ സ്റ്റേഷനിലുണ്ടായിരുന്ന നിയമപാലകരുടെ പെരുമാറ്റം. പ്രാണൻ പിടയുമ്പോഴും എല്ലാം സംശയദൃഷ്ടിയോടെ കാണുന്ന പൊലീസിന്റെ ക്രൂരമനോഭാവമാണ് ഇവിടെ മറനീക്കി പുറത്തുവന്നത്. കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസുകാർ മർദ്ദിച്ചെന്നാണു കൂടെയുണ്ടായിരുന്നവർ പറയുന്നത്. പൊലീസ് ഇതു നിഷേധിക്കുന്നുണ്ട്. എന്തായാലും പൊലീസ് സ്റ്റേഷന്റെ മുറ്റത്തു ബോധംകെട്ടുവീണ യുവാവിനെ ഉടൻതന്നെ ആശുപത്രിയിലെത്തിക്കേണ്ടതിനു പകരം നിസംഗത പലിച്ച എസ്.ഐയും സഹപ്രവർത്തകരും ഒരു കാരണവുമില്ലാതെ ഒരു യുവാവിനെ അകാലമരണത്തിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദികളാണ്. വടകരയിലേത് ജനമൈത്രി പൊലീസ് സ്റ്റേഷനാണോ എന്നറിയില്ല. ആണെങ്കിലും അല്ലെങ്കിലും മനുഷ്യരോട് എങ്ങനെ പെരുമാറണമെന്ന് അവിടെയുള്ളവരെ പഠിപ്പിക്കുക തന്നെ വേണം.

രാത്രികാലത്ത് റോഡപകടമുണ്ടായാൽ അതിൽപ്പെട്ടവരെ സഹായിക്കുകയെന്നത് പൊലീസിന്റെ പ്രാഥമിക ചുമതലകളിലൊന്നാണ്. അതു ചെയ്യാതെ അപകടത്തിൽപ്പെട്ട വാഹനങ്ങളിലുണ്ടായിരുന്നവരെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി ഭേദ്യം ചെയ്യുന്നതിന് ഒരു ന്യായീകരണവുമില്ല. പൊലീസിന്റെ അധികാരം പ്രയോഗിച്ച് പിടിപാടും സ്വാധീനവുമില്ലാത്ത പാവങ്ങളെ വേട്ടയാടാൻ പൊലീസുകാർക്ക് പൊതുവേ ഉത്സാഹം കൂടും. അതാണ് വടകരയിൽ കണ്ടത്. ചെറിയതോതിലുള്ള അപകടം പറഞ്ഞൊതുക്കി വാഹനങ്ങളിലുണ്ടായിരുന്നവർ പിരിയാൻ തുടങ്ങുമ്പോഴാണത്രെ നിയമപാലകർ രംഗത്തുവരുന്നത്. അത് നിരപരാധിയായ ഒരു യുവാവിന്റെ അന്ത്യത്തിൽ കലാശിക്കുകയും ചെയ്തു. സംഭവത്തിലുൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ശിക്ഷയ്ക്ക് അർഹരാണ്.

സ്വാതന്ത്ര്യ‌ത്തിന്റെ എഴുപത്തഞ്ചാം വാർഷികം കൊണ്ടാടാൻ രാജ്യമെങ്ങും തയ്യാറെടുപ്പു നടക്കുമ്പോഴാണ് പഴയ കൊളോണിയൽ സംസ്കാരം വിടാൻ മടിക്കുന്ന മേധാവികൾ സംസ്ഥാന പൊലീസിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഇപ്പോഴും അള്ളിപ്പിടിച്ചിരിക്കുന്നുവെന്ന അറപ്പുളവാക്കുന്ന സത്യം വെളിപ്പെടുന്നത്.

തിരുവനന്തപുരത്ത് പൊലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയുള്ള പൊലീസ് മേധാവി തന്റെ വളർത്തുനായയെ കുളിപ്പിക്കാതിരുന്നതിന്റെയും വിസർജ്ജ്യം കോരാൻ വിസമ്മതിച്ചതിന്റെയും പേരിൽ ഗൺമാൻമാരിലൊരാളെ കള്ളക്കേസെടുത്ത് സസ്‌പെൻഡ് ചെയ്തു. തലസ്ഥാനത്തായതിനാൽ ഇടപെടലുകളും ഉടനുണ്ടായി. വിവരമറിഞ്ഞ് ഡി.ജി.പി ഇടപെട്ട് സസ്‌പെൻഷൻ പിൻവലിച്ചു. ഉദ്യോഗസ്ഥനെ എസ്.പിയുടെ കീഴിൽനിന്ന് മാറ്റുകയും ചെയ്തു. പൊലീസിൽ പഴയ അടിമവേല സമ്പ്രദായം അവസാനിച്ചിട്ടില്ലെന്നാണു മനസിലാകുന്നത്. ഇതുപോലുള്ള പൊലീസ് ഏമാന്മാർ സേനയ്ക്കാകെ വലിയ കളങ്കമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.