SignIn
Kerala Kaumudi Online
Friday, 26 April 2024 11.19 PM IST

കലാകാരനായ അറ്റ്‌ലസ് രാമചന്ദ്രൻ

kk

വ്യാപാര പ്രമുഖനായി മാത്രമല്ല അറ്റ്‌ലസ് രാമചന്ദ്രനെ കേരള സമൂഹം കണ്ടിരുന്നത്. അതിലുപരി സഹൃദയനായ ഒരു കലാകാരന്റെ സ്ഥാനം പൊതുസമൂഹത്തിൽ അദ്ദേഹത്തിന് ലഭിച്ചിരുന്നു. വൈശാലി എന്ന സിനിമ നിർമ്മിച്ചതിനുശേഷം വൈശാലി രാമചന്ദ്രൻ എന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത്. തുടർന്ന് സ്വന്തം ജുവലറി സ്ഥാപനമായ അറ്റ്‌ലസിന്റെ പരസ്യവാചകം വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചതോടെ അദ്ദേഹം അറ്റ്‌ലസ് രാമചന്ദ്രനായി 'ജനകോടി"കളുടെ മനസി​ൽ ഇടം നേടി​. 'വിശ്വസ്ത സ്ഥാപനം" എന്ന പരസ്യവാചകം ഒരുതവണയെങ്കിലും ഏറ്റുപറഞ്ഞ് ആസ്വദിക്കാത്തവരുടെ എണ്ണം കുറവായിരുന്നു. പത്മരാജന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ ഇന്നലെയുടെ വിതരണം നിർവഹിച്ചത് അറ്റ്‌ലസ് രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രകാന്തം ഫിലിംസായിരുന്നു. ജീവിതത്തിലെ കുറെ ഏടുകൾ അപ്പാടെ മറന്നുപോകുന്ന ഒരു കഥാപാത്രത്തെ മുൻനിറുത്തിയാണ് ആ കഥ നീങ്ങിയത്. ജീവിതത്തിലുണ്ടായ ചതിയുടെയും പതനത്തിന്റെയും ഏടുകൾ മറന്നുകൊണ്ട് അറ്റ്‌ലസ് രാമചന്ദ്രൻ ബിസിനസിന്റെ ഉയർച്ചയിലേക്ക് തിരിച്ചുവരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. ഇന്നലെകളിൽ നിന്നുള്ള തിരിച്ചുവരവിന് ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹം അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്നത്.

തൃശൂർ സ്വദേശിയായ രാമചന്ദ്രൻ നാട്ടിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥനായാണ് ജീവിതം തുടങ്ങിയത്. പിന്നീട് കുവൈറ്റിൽ ബാങ്ക് ഉദ്യോഗസ്ഥനായി പോയ അദ്ദേഹം സ്വർണവ്യാപാരത്തിലേക്ക് തിരിയുകയായിരുന്നു. കുവൈറ്റിൽ അറ്റ്‌ലസിന്റെ ആറ് ഷോറൂമുകൾ തുറന്ന് നല്ല നിലയിൽ വ്യാപാരം നടത്തുന്നതിനിടെയാണ് ഇറാഖിന്റെ കുവൈറ്റ് അധിനിവേശമുണ്ടായത്. ഇതോടെ എല്ലാം നഷ്ടപ്പെട്ട അദ്ദേഹം ദുബായിലെത്തി ഏറെ പണിപ്പെട്ടാണ് അവിടെ സ്വർണ വ്യാപാര ബിസിനസ് പച്ചപിടിച്ചത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ദുബായിലും മറ്റ് രാജ്യങ്ങളിലും കേരളത്തിലുമായി നിരവധി അറ്റ്‌ലസ് ഷോറൂമുകൾ തുടങ്ങുകയും ജനങ്ങളുടെ പ്രിയപ്പെട്ട സ്ഥാപനങ്ങളിലൊന്നായി വളർത്തിയെടുക്കുകയും ചെയ്തു. ഇതിനിടെ ഗൾഫിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന വൻകിട ആശുപത്രിയും തുടങ്ങാനായി. ഇതോടൊപ്പം തന്നെ സാംസ്കാരിക രംഗങ്ങളിലും സിനിമയിലും അദ്ദേഹം സജീവമായി. അതോടെയാണ് അറ്റ്‌ലസ് രാമചന്ദ്രൻ ജനങ്ങൾക്കിടയിൽ ചിരപരിചിതനായത്. അങ്ങനെ എല്ലാ രംഗങ്ങളിലും ഒരുപോലെ ശോഭിച്ചുനിന്ന അദ്ദേഹത്തെ പൊടുന്നനെയാണ് കഷ്ടകാലത്തിന്റെ ധൂമകേതു പിടികൂടിയത്. ഒപ്പം നിന്നവരും പുറമേ നിന്നുള്ളവരും നടത്തിയ ഗൂഢനീക്കങ്ങളുടെ ഫലമായി ബിസിനസിൽ പിഴവുകൾ വന്നതിനെത്തുടർന്ന് 2015 ആഗസ്റ്റിൽ അദ്ദേഹം ഗൾഫിൽ ജയിലിലായി. ചില ബാങ്കുകളിൽ നിന്നെടുത്ത വായ്‌പകൾ യഥാസമയം തിരിച്ചടയ്ക്കാൻ കഴിയാതായതിനെത്തുടർന്നുണ്ടായ കേസിന്റെ ഭാഗമായാണ് രണ്ടേമുക്കാൽ വർഷത്തോളം അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവന്നത്. പിന്നീട് മോചിതനായെങ്കിലും കോടികളുടെ ബാദ്ധ്യത നാട്ടിലും നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന് ഇന്ത്യയിലേക്ക് മടങ്ങിവരാനായില്ല. അറ്റ്‌ലസിനെ തിരിച്ചുകൊണ്ട് വരാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് അദ്ദേഹം മൺമറഞ്ഞത്. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പ്രവാസി വ്യവസായിയും കലാകാരനുമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.