SignIn
Kerala Kaumudi Online
Thursday, 02 May 2024 7.11 AM IST

വർദ്ധിച്ച് വരുന്ന ആത്മഹത്യകൾ

far

രാജ്യത്ത് വർദ്ധിച്ചുവരുന്ന ആത്മഹത്യകൾ തടയാൻ ബഹുമുഖ തന്ത്രങ്ങൾ ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രസിദ്ധീകരിച്ച കുറിപ്പിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. നിലവിലുള്ള ആത്മഹത്യാനിരക്ക് വളരെ കൂടുതലാണ്. ഇതിൽ പത്തുശതമാനം കുറവ് വരുത്താൻ 2030 ഓടെ കഴിയുന്ന വിധത്തിൽ ശ്രമങ്ങൾ നടത്താനാണ് കേന്ദ്രം തുനിയുന്നത്. ഒരു സമയബന്ധിത കർമ്മപദ്ധതി ഇതിനാവശ്യമാണ്. ലോകത്താകമാനം ഏറ്റവും കൂടുതൽ മരണത്തിന് ഇടയാക്കുന്ന രണ്ടാമത്തെ കാരണം ആത്മഹത്യയാണ്. പ്രത്യേകിച്ചും 15നും 29നും ഇടയിൽ പ്രായമുള്ളവരിൽ. ഇന്ത്യയിൽ 15നും 19നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ മരണമടയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആത്മഹത്യയാണ്. ഇന്ത്യയിൽ പ്രതിവർഷം ഒരുലക്ഷത്തോളം പേരാണ് ആത്മഹത്യ ചെയ്യുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, പശ്ചിമബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങളാണ് ആത്മഹത്യാ നിരക്കിൽ മുന്നിൽ നിൽക്കുന്നത്. കേരളത്തിലും കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയാണ് വരുന്നത്. 2017-ൽ 7,870 പേരാണ് ആത്മഹത്യ ചെയ്തത്. 2021ൽ ഇത് 21.3 ശതമാനം വർദ്ധിച്ച് 9,549 പേരായി. ആത്മഹത്യ തടയുന്നതിലും മാനസികാരോഗ്യ പരിപാലനത്തിലും കേരളം വളരെ പിറകിലാണെന്നാണ് ഈ കണക്കുകൾ വെളിപ്പെടുത്തുന്നത്. ദേശീയ ശരാശരിയുടെ ഇരട്ടിയോളമാണ് കേരളത്തിലെ ആത്മഹത്യാ നിരക്ക്. ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെടുന്നവരുടെ എണ്ണവും കേരളത്തിൽ കുറവല്ല. അതിനാൽ സർക്കാർ തലത്തിൽ വളരെ പ്രാധാന്യത്തോടെ ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് കർമ്മപദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. കുടുംബപ്രശ്നങ്ങൾ, പ്രണയം, സാമ്പത്തിക ബാദ്ധ്യത, രോഗങ്ങൾ തുടങ്ങി നിരവധി കാരണങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നത്. തക്കസമയത്ത് ബന്ധുക്കളുടെയോ അധികൃതരുടെയോ ഇടപെടലുകളുണ്ടായാൽ ഒഴിവാക്കാൻ കഴിയുന്നതാണ് ആത്മഹത്യകളിൽ അധികവും. കുടുംബങ്ങളെ ഇതുസംബന്ധിച്ച് ബോധവത്‌ക്കരിക്കുന്നതിനും സഹായം നൽകുന്നതിനും സർക്കാർ തലത്തിൽ പദ്ധതികൾ കൂടുതൽ ആവിഷ്കരിക്കണം. അതോടൊപ്പം മാനസിക ചികിത്സാ കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും വേണം. മെഡിക്കൽ കോളേജുകൾക്കും താലൂക്ക് ചികിത്സാകേന്ദ്രങ്ങൾക്കും നൽകുന്ന പരിഗണന ആരോഗ്യവകുപ്പ് മാനസിക ചികിത്സാ കേന്ദ്രങ്ങൾക്ക് നൽകാറില്ല. തിരുവനന്തപുരത്തെ മാനസികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞ ആഴ്ച മനുഷ്യാവകാശ കമ്മിഷൻ നടത്തിയ സന്ദർശനത്തിൽ ഒട്ടേറെ പോരായ്മകൾ കണ്ടെത്തിയിരുന്നു. ചികിത്സയിലുള്ള രോഗികൾ നൂറിലധികമാണ്. ഇതിൽ കൂടുതലും അക്രമസ്വഭാവം പ്രകടിപ്പിക്കുന്നവരാണ്. എന്നാൽ ഇവരെ നിയന്ത്രിക്കാൻ ആകെയുള്ളത് അഞ്ച് സെക്യൂരിറ്റിക്കാരാണ്. തമ്മിലടിച്ചും സ്വയം വേദനിപ്പിച്ചും രോഗികൾ അക്രമാസക്തരാകുമ്പോൾ അവരെ നിയന്ത്രിക്കാൻ പോലും ആളില്ലാത്ത അവസ്ഥയാണിവിടെ. ഭരണപരമായ നടപടിയിലൂടെ ഒരു ദിവസം കൊണ്ട് പരിഹരിക്കാൻ പറ്റുന്ന ഈ പ്രശ്നങ്ങൾ പരിഹരിക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഇപ്പോഴത്തെ രീതി അവസാനിപ്പിക്കണം. ഗ്ളോബലൈസേഷന് ശേഷം സാമ്പത്തിക പുരോഗതി ഉണ്ടായെങ്കിലും അതിന്റെ ഉപോത്‌പ്പന്നമെന്ന നിലയിൽ മാനസിക സമ്മർദ്ദം സമൂഹത്തിൽ കൂടിയിട്ടുണ്ട്. അതിനാൽ മാനസിക ചികിത്സയ്ക്ക് മറ്റ് ചികിത്സകളോടൊപ്പം പ്രാധാന്യം നൽകുന്ന ആരോഗ്യ നയം സർക്കാർ രൂപീകരിച്ചാൽ മാത്രമേ വർദ്ധിച്ചുവരുന്ന ആത്മഹത്യകൾ തടയുന്ന കർമ്മപദ്ധതികൾ ഫലം നൽകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.