SignIn
Kerala Kaumudi Online
Friday, 26 April 2024 10.38 PM IST

അഭിപ്രായ സ്വാതന്ത്ര്യ‌വും നിയന്ത്രണവും

justice-b-v-nagaratna

അഭിപ്രായ സ്വാതന്ത്ര്യ‌ം അനുവദിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രി‌മാരെയുമൊക്കെ വിമർശിക്കാൻ ഒരു ഇന്ത്യൻ പൗരന് അവകാശവും സ്വാതന്ത്ര്യ‌വുമുണ്ട്. പുതിയ കാലത്ത് തന്റെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാനും കഴിയും. പഴയ കാലത്ത് പൊതുവെ ഇത്തരം വിമർശനങ്ങൾ മാദ്ധ്യമങ്ങൾ മാത്രമാണ് നടത്തിയിരുന്നത്. ഇന്നത് അപ്പാടെ മാറിയിരിക്കുന്നു. കാലത്തിന്റെ മുദ്ര‌യുള്ള മാറ്റമാണത്. ജനാധിപത്യത്തിന് കൂടുതൽ അർത്ഥവും പൊലിമയും നൽകാൻ ഇത് സഹായിക്കും.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മറ്റ് രാജ്യങ്ങൾ വിലമതിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യ‌ത്തിന്റെകൂടി പേരിലാണ്. എന്നാൽ ഇന്ത്യയുടെ പല അയൽരാജ്യങ്ങളും ഇത്തരം അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല. പ്രത്യേകിച്ചും ചൈന. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് ശക്തികളിലൊന്നാണ് ചൈനയെങ്കിലും അവിടത്തെ ഭരണകൂടത്തെ ചൈനയുടെ മണ്ണിൽനിന്ന് വിമർശിക്കാൻ സ്വന്തം നാട്ടുകാരനോ വിദേശിക്കോ അനുവാദമില്ല. അത് ലംഘിക്കുന്നവരെ ടാങ്ക്കയറ്റി കൊല്ലുകയോ ആയുഷ്‌‌കാലം ജയിലിലിടുകയോ ആണ് ചൈന ഇതുവരെ അവലംബിച്ചിരുന്ന രീതി. ഈ രീതി സ്വീകരിക്കാത്തതാണ് ഇന്ത്യയുടെ ശക്തി. എന്നാൽ ഈ ശക്തി ദൗർബല്യമായിക്കണ്ട് ചിലർ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളും വിദ്വേഷപ്രസംഗങ്ങളും നടത്താറുണ്ട്. അഭിപ്രായ സ്വാതന്ത്ര്യ‌മെന്ന ശുദ്ധജലാശയത്തിൽ വിഷം കലർത്തുന്നതിന് തുല്യമാണിത്.

വിദ്വേഷപ്രസ്താവനകൾ നടത്തുന്നത് മന്ത്രിയായാലും മതനേതാവായാലും സാധാരണ പൗരനായാലും എതിർക്കപ്പെടേണ്ടതും കേസെടുക്കേണ്ടതുമാണ്. അതിനുള്ള വ്യവസ്ഥകൾ ഭരണഘടനയിലും നിയമസംഹിതകളിലും എഴുതി ചേർക്കപ്പെട്ടിട്ടുണ്ട് അതിനായി വീണ്ടും നിയമനിർമ്മാണം നടത്തേണ്ട ആവശ്യമില്ല. അങ്ങനെ പുതിയ നിയമങ്ങൾ ആവശ്യമാണെങ്കിൽ അതിനുള്ള അധികാരം പാർലമെന്റിനാണെന്ന് സുപ്രീംകോടതി ഭൂരിപക്ഷവിധിയിലൂടെ ചൂണ്ടിക്കാട്ടിയത് നൂറുശതമാനം ശരിയാണ്. മന്ത്രിമാരെപ്പോലെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ പ്രസ്താവനകൾക്ക് അധികനിയന്ത്ര‌ണം ഏർപ്പെടുത്താനാവില്ലെന്നാണ് സുപ്രീംകോടതി വിധിച്ചത്. അഭിപ്രായ സ്വാതന്ത്ര്യ‌‌ത്തിനു നിയന്ത്രണം നിർദ്ദേശിക്കുന്ന ഭരണഘടനയുടെ 19 (2) വകുപ്പിലുള്ളതിൽ കൂടുതൽ നിയന്ത്രണം മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവരുടെ കാര്യത്തിലും സാദ്ധ്യമല്ലെന്നും ആ നിയന്ത്രണങ്ങൾ പൂർണമാണെന്നുമാണ് അഞ്ചംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ (4-1) വ്യക്തമാക്കിയത്. ഈ വിധിയുടെ മിക്കവാറും കാര്യങ്ങൾ അംഗീകരിച്ച ജസ്റ്റിസ് ബി.വി. നാഗരത്ന ചില കാര്യങ്ങളിൽ വിയോജിച്ച് പ്രത്യേക വിധിന്യായം എഴുതി. വ്യക്തിപരമായ കാര്യത്തിലല്ലാതെ മന്ത്രിമാർ നടത്തുന്ന പ്രസ്താവനകൾ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെ പരിധിയിൽപ്പെടുമെന്നാണ് ഭൂരിപക്ഷ നിലപാടിനോട് വിയോജിച്ചുകൊണ്ട് ഭിന്നവിധിന്യായത്തിൽ വ്യക്തമാക്കിയത്. അഭിപ്രായങ്ങൾ പറയുന്നത് ജനങ്ങളെ ഇളക്കാനും കൈയടിനേടാനും മറ്റുള്ളവരെ പുച്ഛിക്കാനും വേണ്ടിയാവരുത്. മന്ത്രിയായാലും രാഷ്ട്രീയനേതാവായാലും സാധാരണ പൗരനായാലും അതാണ് ആദ്യം പാലിക്കേണ്ടത്. അതിന് നിയമ നിയന്ത്രണത്തേക്കാൾ പ്രധാനം സ്വയംനിയന്ത്രണം തന്നെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.