സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പെൻഷൻകാർക്കുമായി തുടങ്ങിയ 'മെഡിസെപ്" എന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പുതിയൊരു വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. ഒരു വർഷം പ്രീമിയമായി 6000 രൂപ അടച്ച് പദ്ധതിയിൽ ചേർന്നവർ മതിയായ ആനുകൂല്യങ്ങൾ ലഭിക്കാതായതോടെ കടുത്ത പ്രതിഷേധത്തിലാണ്. ജീവനക്കാരുടെ താത്‌പര്യത്തിനനുകൂലമായി പദ്ധതി പരിഷ്കരിക്കുന്നില്ലെങ്കിൽ അതിൽ നിന്ന് പിന്മാറാൻ വലിയൊരു വിഭാഗം ഒരുങ്ങുകയാണ്. പദ്ധതിയുടെ ഭാഗമായി ആദ്യമുണ്ടായിരുന്ന ആശുപത്രികളിൽ പലതും പിന്നീട് പിന്മാറി. വരുമാനത്തെക്കാൾ അധികം ചികിത്സാ ചെലവായി നൽകേണ്ടിവന്നതോടെ പദ്ധതി നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയും വെട്ടിലായിരിക്കുകയാണ്. പ്രീമിയം തുക വർദ്ധിപ്പിച്ചില്ലെങ്കിൽ തങ്ങൾ ഇതു മതിയാക്കുമെന്ന് അവർ പലവട്ടം മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. സർക്കാരാകട്ടെ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടുമില്ല. കരാർ പ്രകാരം അടുത്ത വർഷം മാർച്ച് അവസാനത്തോടെ മൂന്നുവർഷത്തെ പദ്ധതി കാലാവധി തീരും. പദ്ധതി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ പ്രീമിയം നിരക്ക് കൂട്ടണമെന്നാണ് ആവശ്യം.
ചികിത്സാ ചെലവിനത്തിൽ ഒരു വർഷം 450 കോടി രൂപയ്ക്കപ്പുറം നൽകേണ്ടിവരില്ലെന്നായിരുന്നു കമ്പനിയുടെ കണക്കുകൂട്ടൽ. എന്നാൽ ക്ളെയിം 600 കോടിയിലേറെ നൽകേണ്ടി വന്നതോടെ കമ്പനിക്ക് മെഡിസെപ് നഷ്ടക്കച്ചവടമായി മാറി. മറുവശത്ത്, മതിയായ ആനുകൂല്യങ്ങൾ ലഭിക്കാതെ ജീവനക്കാരും കടുത്ത അതൃപ്തിയിലാണ്. ഭരണപക്ഷ സംഘടനകൾ മാത്രമാണ് പദ്ധതിയെ സർവാത്മനാ സ്വാഗതം ചെയ്യുന്നവർ. സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ പട്ടിക ചുരുങ്ങിവന്നതും കാഷ്‌ലെസ് സംവിധാനം ഫലപ്രദമല്ലാതായതും പല ഗുരുതര രോഗങ്ങൾക്കും ആനുകൂല്യം നിഷേധിക്കുന്നതും ഗുണഭോക്താക്കളുടെ സ്ഥിരം പരാതികളിൽ ചിലതു മാത്രം. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശനം തേടുമ്പോൾ ആദ്യം പണമൊന്നും അടയ്ക്കേണ്ടതില്ല എന്നായിരുന്നു വാഗ്ദാനം. എന്നാൽ പലരുടെയും അനുഭവം തിക്തമാണ്. ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്നു വിടുതൽ വേണമെങ്കിൽ ബിൽ സ്വന്തം പോക്കറ്റിൽ നിന്ന് അടയ്ക്കണമെന്നായി. ഈ തുക പിന്നീട് എഴുതി സമർപ്പിച്ച് മടക്കി വാങ്ങണം. ഇതിനൊക്കെ സ്വാഭാവികമായും ദിവസങ്ങളെടുക്കുമെന്ന് സാരം.
29 ലക്ഷത്തിലേറെ അംഗങ്ങളാണ് പദ്ധതിയിലുള്ളത്. 612 കോടി രൂപ പ്രീമിയമായി ഒരുവർഷം സമാഹരിക്കുന്നുണ്ട്. സാധാരണഗതിയിൽ പദ്ധതി നടത്തിപ്പുകാർക്ക് നഷ്ടം വരേണ്ട സാഹചര്യമില്ല. നടത്തിപ്പിലെ പോരായ്മകളും അമിത ക്ളെയിമുകളും പദ്ധതിയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നുവേണം സംശയിക്കാൻ. ലക്ഷക്കണക്കിന് ഗുണഭോക്താക്കൾ ഇപ്പോഴും പദ്ധതിയുടെ ഗുണം അനുഭവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പോരായ്മകൾ പരിഹരിച്ച് പദ്ധതി ഊർജ്ജസ്വലമായി മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടിയാണ് വേണ്ടത്. പരാതികൾ പരിഹരിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സമയബന്ധിതമായി തീർപ്പുണ്ടാകാൻ കാലതാമസം ഉണ്ടാകുന്നുണ്ട്. നേരത്തേ ആനുകൂല്യം ലഭിച്ചിരുന്ന മികച്ച ആശുപത്രികളിൽ പലതും പിന്നീട് പിന്മാറിയതും തിരിച്ചടിയായിട്ടുണ്ട്. വിട്ടുപോയവയെ മടക്കിക്കൊണ്ടുവരുന്നതിനൊപ്പം മാറിനിൽക്കുന്ന പ്രമുഖ ആശുപത്രികളെക്കൂടി പദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ ശ്രമം തുടരണം. സാമൂഹ്യ ബാദ്ധ്യതയായി കരുതി ആശുപത്രികൾ സർക്കാരിന്റെ ഈ സംരംഭവുമായി സഹകരിക്കേണ്ടതാണ്.
ഒരു ജലദോഷപ്പനിക്കുള്ള ചികിത്സാചെലവു പോലും കുതിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഏതെങ്കിലുമൊരു ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലെ അംഗത്വം അനവധി കുടുംബങ്ങൾക്ക് വളരെ വലിയ ആശ്വാസമാണ്. സർക്കാരിൽ വിശ്വാസമർപ്പിച്ചാണ് ജീവനക്കാരും പെൻഷൻകാരും മെഡിസെപ്പിന്റെ ഭാഗമായത്. എന്നാൽ രക്ഷ നൽകാതെ ഗുണഭോക്താക്കളെ വലയ്ക്കുന്ന ഏർപ്പാടായി മാറിയാൽ പദ്ധതികൊണ്ട് എന്തു മെച്ചമാണുള്ളത്?സർക്കാരിന്റെ ഇടപെടലിലൂടെ മാത്രമേ പദ്ധതി നിലനിറുത്താനാവൂ എന്നതിനാൽ അതിനുള്ള മാർഗങ്ങളെക്കുറിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി പരിഹാരം കണ്ടെത്തണം. പ്രീമിയത്തെച്ചൊല്ലിയാണ് കമ്പനിയുടെ തർക്കമെങ്കിൽ അത് പരിഷ്കരിക്കുന്ന കാര്യവും ആലോചിക്കണം. പദ്ധതി എല്ലാ അർത്ഥത്തിലും ഗുണഭോക്താക്കൾക്ക് പ്രയോജനകരമാകുംവിധം ഉടച്ചുവാർക്കണമെന്നതാണ് പ്രധാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |