SignIn
Kerala Kaumudi Online
Thursday, 19 September 2024 2.39 AM IST

ഇനിയും നീട്ടേണ്ടതുണ്ടോ കർഷക സമരം

Increase Font Size Decrease Font Size Print Page

farmers-protest

ഉത്തർപ്രദേശിലെ ലഖിംപൂർഖേഡിയിൽ കർഷക പ്രക്ഷോഭത്തിനിടെ ഒൻപതുപേരുടെ ദാരുണ മരണവും തുടർന്നുണ്ടായ രോഷപ്രകടനങ്ങളും ഒൻപതു മാസത്തിലധികമായി തുടരുന്ന കർഷക സമരത്തിന് പുതിയൊരു വഴിത്തിരിവാണ് സൃഷ്ടിച്ചത്. കർഷക സമരത്തിന്റെ ഭാഗമായി ലഖിംപൂർഖേഡിയിലെ ടികുനിയ ഗ്രാമത്തിൽ റോഡ് ഉപരോധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ പുത്രൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ നാലു കർഷകരാണ് ചതഞ്ഞരഞ്ഞു മരിച്ചത്. തുടർന്നുണ്ടായ കർഷകരോഷത്തിൽ നാലുപേർക്കു കൂടി ജീവൻ നഷ്ടമായി. അണപൊട്ടിയൊഴുകിയ പ്രതിഷേധത്തിൽ വാഹനങ്ങൾ തകർക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. മറിച്ചിട്ട വാഹനത്തിനടിയിൽപ്പെട്ട് പ്രാദേശിക മാദ്ധ്യമ ലേഖകരിലൊരാൾ മൃത്യുവിനിരയായി. കേന്ദ്രമന്ത്രിയുടെ പുത്രനും പരിവാരങ്ങളും മനഃപൂർവം കർഷകരുടെ ഇടയിലേക്കു വാഹനങ്ങൾ ഓടിച്ചുകയറ്റിയെന്നാണ് കർഷക നേതാക്കൾ ആരോപിക്കുന്നത്. നൂറുകണക്കിനു കർഷകരുടെ ഉപരോധം നടക്കുമ്പോൾ അതിനിടയിലേക്കു വാഹനങ്ങളുമായി പാഞ്ഞെത്തിയ മന്ത്രിപുത്രനെയും പരിവാരങ്ങളെയും തടയാൻ പൊലീസിനും കഴിഞ്ഞില്ലെന്നതാണ് സംഭവത്തെ കൂടുതൽ ദുരന്തമയമാക്കുന്നത്. ഏതായാലും പുത്രന്റെ ദുഷ്‌ചെയ്തി പിതാവായ കേന്ദ്രമന്ത്രിക്കും വിനയായി. കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് മന്ത്രിപുത്രനും കൂട്ടുകാർക്കുമെതിരെ എടുത്തിരിക്കുന്നത്. കർഷകരുടെ രോഷപ്രകടനങ്ങളിൽ മൂന്നു ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ കർഷകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച നടന്ന ഒത്തുതീർപ്പു ചർച്ചയിലെ ധാരണപ്രകാരം കർഷകരുടെ ഉപരോധം പിൻവലിച്ചത് ആശ്വാസമായി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ നഷ്ടപരിഹാരവും ഒരാൾക്കു ജോലിയും നൽകാൻ യു.പി സർക്കാർ സമ്മതിച്ചിട്ടുണ്ട്. സംഭവങ്ങളെക്കുറിച്ച് റിട്ട. ജഡ്‌ജിയുടെ നേതൃത്വത്തിൽ അന്വേഷണവും നടക്കും.

അടുത്തവർഷം ആദ്യം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഏതു സംഭവത്തിനും രാഷ്ട്രീയ മാനം നൽകാൻ രാഷ്ട്രീയകക്ഷികൾ ഉത്സാഹം കാണിക്കും. ലഖിംപൂരിലേക്കുള്ള പ്രതിപക്ഷ നേതാക്കളുടെ കൂട്ടയോട്ടം തടഞ്ഞ യു.പി സർക്കാർ നടപടിയെ കുറ്റപ്പെടുത്താനാവില്ല. സംഭവസ്ഥലത്ത് അവരുടെ സാന്നിദ്ധ്യം പൊട്ടിത്തെറിച്ചുനിൽക്കുന്ന കർഷകരെ നിയന്ത്രണാതീതമായ തലങ്ങളിലേക്കു തിരിയാനേ സഹായിക്കുമായിരുന്നുള്ളൂ. ഇതുപോലുള്ള സന്ദർഭങ്ങളിൽ ഇത്തരം നിയന്ത്രണങ്ങൾ ക്രമസമാധാനപാലനത്തിൽ താത്‌പര്യമുള്ള ഏതു ഭരണകൂടവും അവലംബിക്കാറുണ്ട്.

മാസങ്ങളായി തുടരുന്ന കർഷകപ്രക്ഷോഭത്തിന് ഇതുവരെ പരിഹാരം കാണാനായില്ലെന്നത് സംവിധാനങ്ങളുടെ പരാജയമായി വേണം കാണാൻ. വിവാദപരമായ കർഷക നിയമങ്ങൾ കോടതി സ്റ്റേചെയ്ത പശ്ചാത്തലത്തിലും കർഷകർ വഴിതടഞ്ഞ് പ്രക്ഷോഭം തുടരുന്നതിലെ യുക്തിയില്ലായ്മ പരമോന്നത കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു. വിവാദ നിയമങ്ങളുടെ സാധുത കോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കോടതിയുടെ തീർപ്പു വരുന്നതുവരെ കാത്തിരിക്കാനുള്ള വിവേകം കർഷക സംഘടനകൾ കാണിച്ചില്ല. പ്രക്ഷോഭം നീണ്ടുപോകുന്തോറും അതിലുൾപ്പെട്ടവർക്കിടയിൽ അക്ഷമയും നിരാശയും വർദ്ധിക്കുമെന്നത് സ്വാഭാവികമാണ്. അത്തരമൊരു അവസ്ഥ ആശാസ്യമല്ലാത്ത സമരമുറകളിലേക്കു നീങ്ങാൻ അവരെ പ്രേരിപ്പിക്കും. കർഷക പ്രക്ഷോഭത്തിനിടെ ഇതിനിടയ്ക്ക് അതുപോലുള്ള പല അനിഷ്ടസംഭവങ്ങൾക്കും രാജ്യം സാക്ഷ്യംവഹിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുൻനിറുത്തി രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയുള്ള മത്സരങ്ങൾ കർഷകസമരത്തെ കൂടുതൽ കലുഷിതമാക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. കർഷക നേതാക്കളുമായുള്ള ചർച്ചകൾക്ക് സർക്കാർ ഇപ്പോഴും സന്നദ്ധമാണെന്നാണ് കേന്ദ്ര നിലപാട്. ഇരുവിഭാഗക്കാരും രണ്ടു കൊമ്പത്തിരുന്നാൽ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ല. താഴെയിറങ്ങിവന്ന് നേർക്കുനേരെയിരുന്ന് ചർച്ച നടത്തി ഒത്തുതീർപ്പുണ്ടാക്കുകയാണ് വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FARMERS PROTEST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.