
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജനറൽ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി മാറിയതും, അതേ ജില്ലയിലെ ഉദയംപേരൂരിൽ അപകടത്തിൽ പരിക്കേറ്റ യുവാവിന്റെ ജീവൻ രക്ഷിക്കാൻ വഴിയോരത്ത് രാത്രിയിൽ മൂന്ന് ഡോക്ടർമാർ നടത്തിയ ശസ്‌ത്രക്രിയയും ജീവന്റെ വിലയെക്കുറിച്ച് ഹൃദയപൂർവം നമ്മെ ഓർമ്മിപ്പിക്കുന്ന കാരുണ്യ സംഭവങ്ങളാണ്. ഉദയംപേരൂരിലെ യുവാവ് രണ്ടുദിവസത്തിനു ശേഷം, ഇന്നലെ വൈകിട്ട് നിർഭാഗ്യവശാൽ മരണത്തിനു കീഴടങ്ങിയെങ്കിലും, ആ ജീവൻ അണയാതെ പിടിക്കാൻ ഡോക്ടർമാർ നടത്തിയ അപൂർവശ്രമത്തിന്റെ മഹത്വം കുറയുന്നില്ല. വാഹനാപകടത്തിൽ പരിക്കേറ്റ് മസ്‌തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറക്കര സ്വദേശി ഷിബുവിന്റെ ഹൃദയം നേപ്പാൾ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി ദുർഗ കാമിക്കാണ് ജനറൽ ആശുപത്രിയിൽ കൃതഹസ്തരായ ഒരുസംഘം ഡോക്ടർമാർ വച്ചുപിടിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഹെലികോപ്റ്ററിൽ ഉച്ചയ്ക്ക് 3 മണിയോടെ കൊച്ചിയിലെത്തിച്ച ഹൃദയം കാർഡിയോ തൊറാസിക് സർജൻ ഡോ. ജോർജ് വാളൂരാന്റെയും ഡോ. ജിയോ പോളിന്റെയും നേതൃത്വത്തിലാണ് ഒന്നര മണിക്കൂർ കൊണ്ട് നേപ്പാൾ സ്വദേശിനിയിൽ വച്ചുപിടിപ്പിച്ചത്.
മാതാപിതാക്കളെ നേരത്തേ നഷ്ടപ്പെട്ട ദുർഗ കാമിയും അനുജനും നേപ്പാളിലെ അനാഥാലയത്തിലാണ് കഴിയുന്നത്. അമ്മയെ മരണത്തിലേക്കു നയിച്ച അതേ ഹൃദയരോഗം തന്നെയാണ് ദുർഗയെയും ബാധിച്ചത്. നേപ്പാളിലെ അനാഥാലയത്തിന്റെ നടത്തിപ്പുകാരനായ മലയാളി പറഞ്ഞതനുസരിച്ചാണ് കേരളത്തിൽ ചികിത്സ തേടിയത്. ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് വിവിധ പരിശോധനകൾ സ്ഥിരീകരിച്ചു. വിദേശി ആയതിനാൽ മൃതസഞ്ജീവനി പദ്ധതിയിലെ പട്ടികയിൽ പിന്നാക്കം പോയി. ഹൈക്കോടതിയുടെ ഇടപെടലാണ് വഴിത്തിരിവായത്. ഷിബുവിന്റെ കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിച്ചതോടെ മന്ത്രി വീണാജോർജിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റർ ഹൃദയം കൊണ്ടുപോകാനായി വിട്ടുകൊടുത്തു. ദുർഗ കാമിയുടെ ഉള്ളിൽ ഷിബുവിന്റെ ഹൃദയം തുടിക്കുമ്പോൾ എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് അഭിമാനിക്കാം. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രതിമാസം അമ്പതിലേറെ ഹൃദയശസ്‌ത്രക്രിയകൾ നടക്കാറുണ്ട്.
ഉദയംപേരൂരിലെ സംഭവം സിനിമയിൽ മാത്രം കണ്ടിട്ടുള്ളതിനു സമാനമാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് ശ്വാസകോശത്തിൽ മണ്ണും രക്തവും കൂടിക്കലർന്ന് ഒരു മനുഷ്യൻ വഴിവക്കിൽ ജീവനുവേണ്ടി പിടയ്ക്കുന്നതുകണ്ടാണ് മൂന്ന് ഡോക്ടർമാർ ദൈവദൂതരെപ്പോലെ ഓടിവന്നത്. എറണാകുളം തെക്കൻ പറവൂരിൽ ഉദയംപേരൂർ കവലയ്ക്കു സമീപം ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. പരിക്കേറ്റ കൊല്ലം പുന്നല സ്വദേശി ലിനു ഡെന്നീസ് എന്ന നാല്പതുകാരനെ രക്ഷിക്കാനായി മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ റോഡുവക്കിൽത്തന്നെ ഇരുന്ന് ഒരു ബ്ളേഡും സ്ട്രോയും ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തി. ഇതിലൂടെ കഴുത്തിൽ തുളയിട്ട് ശ്വാസം നൽകി. ഡോ. ബി. മനൂപ്, ഡോ. തോമസ് പീറ്റർ, ഡോ. ദിദിയാ തോമസ് എന്നിവരാണ് ഈ അത്‌ഭുതകൃത്യം നിർവഹിച്ചത്. തുടർന്ന് ആംബുലൻസിൽ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്തത്.
മനുഷ്യജീവന്റെ കാര്യത്തിൽ ദൈവത്തിന്റേതാണ് വിധിവാക്യമെന്ന് ഏതു വിദഗ്ദ്ധ ഡോക്ടറും പറയും. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യാനേ നമുക്കാവൂ. അതുകൊണ്ടാണ്, 'ഇനി ദൈവത്തോടു പ്രാർത്ഥിക്കുക" എന്ന് ഡോക്ടർമാർ പറയുന്നത്. ലിനു ഡെന്നീസിന്റെ കാര്യത്തിൽ മനുഷ്യസാദ്ധ്യമായ ഏറ്റവും മഹനീയമായ കർത്തവ്യമാണ് ആ മൂന്ന് ഡോക്ടർമാർ ആ രാത്രിയിൽ പാതയോരത്തുവച്ച് ചെയ്തത്. പ്രയത്നത്തെയും പ്രാർത്ഥനകളെയും വിഫലമാക്കി, രണ്ടുദിവസങ്ങൾക്കു ശേഷം ജിനു മരണത്തിലേക്കു മടങ്ങിയതിനെ വിധിഹിതമെന്നു കരുതാനേ ആകൂ. ഒരു ജീവന്റെ വെളിച്ചം അണയാതെ കാക്കാൻ ഡോക്ടർമാരുടെ അടിയന്തരമായ ഇടപെടലും സേവനവും എത്രമാത്രം വിലയേറിയതാണ് എന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് എറണാകുളത്തു നടന്ന ഈ രണ്ട് സംഭവങ്ങളും. ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടർമാരുടെ സമൂഹത്തെ കുറ്റപ്പെടുത്താനും ആക്രമിക്കാനും തുനിയുന്നവർക്ക് ഒരു പുതിയ തിരിച്ചറിവായി ഈ സംഭവങ്ങൾ മാറട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |