
റാഗിംഗിന്റെ പേരിൽ നിരവധി ജീവനുകൾ ബലികൊടുക്കപ്പെടേണ്ടി വന്നിട്ടുള്ള നാടാണ് കേരളം. സംഘടനാബലവും തിണ്ണമിടുക്കും ഉണ്ടെങ്കിൽ ജൂനിയർ വിദ്യാർത്ഥികളെ ഏതു പൈശാചിക ക്രൂരകൃത്യത്തിനും ഇരയാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന മട്ടിലാണ് സീനിയർ വിദ്യാർത്ഥികളായ ചില അധമക്കൂട്ടങ്ങൾ നിയമം കൈയിലെടുത്ത് വിളയാടുന്നത്. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം കേരള സമൂഹത്തിൽ തീർത്ത മുറിപ്പാട് ഇനിയും ഉണങ്ങിയിട്ടില്ല. ഏറ്റവും ഒടുവിൽ പുറത്തുവന്നത് കോട്ടയം ഗാന്ധിനഗറിലെ ഗവ. നഴ്‌സിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ ശത്രുരാജ്യങ്ങളിലെ തടങ്കൽപ്പാളയങ്ങളിൽപ്പോലും നടക്കാത്ത വിധം ക്രൂരമായി പീഡിപ്പിച്ച സംഭവമാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ കേരളം നടുങ്ങുകയും അന്വേഷണവും നടപടിയും ശിക്ഷയുമൊക്കെ നടക്കുകയും ചെയ്യും. എന്നാൽ ഈ പൈശാചികത എന്നെന്നേക്കുമായി നിറുത്താൻ വേണ്ട യാതൊരു തുടർ നടപടികളും ഉണ്ടാകാറില്ല.
നെഹ്‌റു കോളേജിലെ വിദ്യാർത്ഥിയായിരുന്ന ജിഷ്‌ണു പ്രണോയ്‌യുടെ മരണത്തെത്തുടർന്ന് നിയോഗിച്ച ജസ്റ്റിസ് കെ.കെ. ദിനേശൻ കമ്മിഷൻ റാഗിംഗ് തടയുന്നതിനുള്ള ശുപാർശകൾ 2018 ഫെബ്രുവരിയിൽ സർക്കാരിന് സമർപ്പിക്കുകയും മന്ത്രിസഭായോഗം അംഗീകരിക്കുകയും ചെയ്തതാണ്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. ഇതാണ് ഇത്തരം ക്രൂരമായ റാഗിംഗ് സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ ഇടയാക്കുന്നത്. റാഗിംഗിന്റെ പേരിൽ പിടിക്കപ്പെട്ടാൽ പഠനം തുടരാനാവില്ലെന്നും, ക്രിമിനൽ കേസിൽപ്പെട്ട് ജീവിതം തുലയുമെന്നുമുള്ള ഉറച്ച ബോദ്ധ്യം ഉണ്ടായാൽ ഒരു വിദ്യാർത്ഥിയും ഇതിനൊന്നും മുതിരില്ല. റാഗിംഗ് ക്രിമിനൽ കുറ്റമായി കണക്കാക്കി, കടുത്ത ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമം വർഷങ്ങൾക്ക് മുൻപു തന്നെ കേരളം പാസാക്കിയിരുന്നു. തമിഴ്‌നാട് ഉൾപ്പെടെ മറ്റ് ഒട്ടേറെ സംസ്ഥാനങ്ങളിൽ റാഗിംഗ് നിരോധിച്ചിട്ടുണ്ട്.
സുപ്രീംകോടതിയുടെ നിർദ്ദേശാനുസരണം മുൻ സി.ബി.ഐ ഡയറക്ടർ ആർ.കെ. രാഘവന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നിയോഗിച്ച ഏഴംഗ കമ്മിറ്റിയും റാഗിംഗിനെ നേരിടാൻ കർശന നടപടികൾ ശുപാർശ ചെയ്തിരുന്നു. റാഗിംഗ് തടയാനും റാഗിംഗ് നടത്തുന്നവരെ ശിക്ഷിക്കാനും ശക്തമായ നിയമങ്ങൾ ഉണ്ടായിട്ടും ഇത് നിർബാധം നടക്കുന്നത് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അധികാരികൾ കണ്ണടയ്ക്കുന്നതുകൊണ്ടു തന്നെയാണ്. വിദ്യാർത്ഥി സംഘടനയിലെ അംഗങ്ങൾ പ്രതിസ്ഥാനത്ത് വരുന്നതിനാലാണ് വിദ്യാലയത്തിന്റെ ചുമതലയുള്ളവർ പലപ്പോഴും നിസംഗത പുലർത്തുന്നത്. ഇതാകട്ടെ, വർദ്ധിത വീര്യത്തോടെ കുറ്റകൃത്യം ആവർത്തിക്കാൻ നീചമനസുള്ളവർക്ക് കടുത്ത ബലം പകരുന്നു. റാഗിംഗ് തടയുന്നതിന് വിരമിച്ച ജില്ലാ ജഡ്‌ജിമാരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന, ജില്ലാ തലത്തിൽ അർദ്ധ ജുഡിഷ്യൽ അധികാരത്തോടെ ഓംബുഡ്‌സ്മാൻ വേണമെന്ന് ജസ്റ്റിസ് ദിനേശൻ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു.
ഇത് ഉൾപ്പെടെയുള്ള ശുപാർശകൾ നടപ്പാക്കാനുള്ള നിയമ സാധുതകൾ സർക്കാർ പരിശോധിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ശുപാർശകൾ വൈകാതെ നടപ്പിലാക്കാനാണ് സർക്കാർ തയ്യാറാകേണ്ടത്. പരാതി കിട്ടിയാൽ മിന്നൽ പരിശോധന, അന്വേഷണം, തെളിവെടുപ്പ് എന്നിവയെല്ലാം നടത്താൻ കമ്മിഷന് അധികാരമുണ്ടായിരിക്കും. 24 മണിക്കൂറിനകം പൊലീസിന് ക്രിമിനൽ കേസ് എടുക്കേണ്ടിവരും. കേസ് കോടതിയിലെത്തുമ്പോൾ കമ്മിഷൻ നൽകുന്ന റിപ്പോർട്ട് നിർണായകമായിരിക്കും. രണ്ട് വർഷം തടവും പിഴയും ശിക്ഷ വിധിക്കാം. മുറിവേൽപ്പിച്ചാൽ ശിക്ഷ പത്തുവർഷമാകും. റാഗിംഗ് കേസുകളിൽ പരമാവധി ശിക്ഷ നൽകാൻ കോടതികളും തയ്യാറായാൽ മാത്രമേ ഈ നീചമായ പ്രവൃത്തിക്ക് കൂച്ചുവിലങ്ങ് ഇടനാകൂ. റാഗിംഗ് മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുകയോ ഭീമമായ തുക നഷ്ടപരിഹാരമായി ഇരകൾക്ക് നൽകേണ്ടിവരികയോ ചെയ്യേണ്ടിവരുമെന്ന വ്യവസ്ഥ നിലവിൽ വന്നാൽ പരാതികൾ പൂഴ്‌ത്തിവയ്ക്കാൻ ആരും തയ്യാറാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |