SignIn
Kerala Kaumudi Online
Saturday, 25 April 2026 7.26 AM IST

കാര്യവട്ടത്തെ കളിയും ചില കാര്യങ്ങളും

Increase Font Size Decrease Font Size Print Page
s

ജനുവരി 31ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് ട്വന്റി-20കളുടെ പരമ്പരയിലെ അവസാന ക്രിക്കറ്റ് മത്സരത്തിന് വേദിയായത് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ്. മത്സരത്തിൽ ഈ ഫോർമാറ്റിലെതന്നെ തങ്ങളുടെ ഏറ്റവും മികച്ച മൂന്നാമത്തെ ടീംടോട്ടൽ ഉയർത്തിയ ഇന്ത്യ 46 റൺസിന് വിജയിക്കുകയും ചെയ്തു. കരിയറിൽ ആദ്യമായി അന്താരാഷ്ട്ര ട്വന്റി-20യിൽ സെഞ്ച്വറി നേടിയ ഇഷാൻ കിഷനും പരമ്പരയിലെ മൂന്നാമത്തെ അർദ്ധസെഞ്ച്വറി നേടിയ നായകൻ സൂര്യകുമാർ യാദവും മികച്ച ബാറ്റിംഗ് പുറത്തെടുത്ത അഭിഷേക് ശർമ്മയും ഹാർദിക് പാണ്ഡ്യയും അഞ്ചുവിക്കറ്റുകൾ വീഴ്ത്തിയ അർഷ്ദീപ് സിംഗുമൊക്കെ കാര്യവട്ടത്ത് ആരാധകരെ രസിപ്പിച്ചു. എങ്കിലും സങ്കടമായത് സഞ്ജു സാംസണാണ്.

ഇന്ത്യൻ കുപ്പായമണിഞ്ഞ് 11-ാം വർഷത്തിലാണ് സ്വന്തം നാട്ടുകാർക്ക് മുന്നിൽ ഒരു മത്സരത്തിൽ കളിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചത്. തന്റെ കരിയറിലെ നിർണായകഘട്ടത്തിലായിരുന്നു ഈ അവസരം. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി നടന്ന പരമ്പരയിൽ സഞ്ജുവിനെ ടീമിലെടുത്തത് അദ്ദേഹം ആഗ്രഹിച്ച ഓപ്പണർ റോളിലാണ്. അതിനായി ടെസ്റ്റിലെയും ഏകദിനത്തിലേയും സ്ഥിരംനായകൻ ശുഭ്മാൻ ഗില്ലിനെപ്പോലും മാറ്റിനിറുത്താൻ സെലക്ടർമാർ തയ്യാറായി. എന്നാൽ ഈ അഞ്ച് മത്സരങ്ങളും പ്രയോജനപ്പെടുത്താൻ സഞ്ജുവിന് കഴിഞ്ഞില്ല .10,6,0,24,6 എന്നിങ്ങനെയായിരുന്നു ഈ പരമ്പരയിലെ സഞ്ജുവിന്റെ സ്കോറിംഗ്. അതേസമയം സഞ്ജുവിന്റെ ബായ്ക്ക്അപ്പ് വിക്കറ്റ് കീപ്പറായി ഈ പരമ്പരയിലും ലോകകപ്പ് ടീമിലും ഉൾപ്പെട്ട ഇഷാൻ കിഷൻ തനിക്ക് ലഭിച്ച അവസരം ശരിക്കും പ്രയോജനപ്പെടുത്തുകയും ചെയ്തു. ടീമിലെടുത്തിട്ടും കളിക്കാൻ അവസരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സ്വയം ടീം വിട്ട ഇഷാൻ 2023ന്ശേഷം ഇന്ത്യൻ കുപ്പായത്തിലെത്തിയ ആദ്യ പരമ്പരകൂടിയാണിത്.

കാര്യവട്ടത്ത് വിക്കറ്റ് കീപ്പറായി ഇഷാൻ കളിച്ചതുകൂടി കണക്കിലെടുക്കുമ്പോൾ ലോകകപ്പിലെ ഫസ്റ്റ് ചോയ്സ് സ്ഥാനത്ത് സഞ്ജുവിനുപകരം ഇഷാൻ എത്തുമെന്ന ധാരണകൾ പരന്നിട്ടുണ്ട്. എന്നാൽ ഈ പരമ്പരയിലെ പരാജയം സഞ്ജുവെന്ന പ്രതിഭയെ എഴുത്തിത്തള്ളാനുള്ള കാരണമല്ല. ഒരുപതിറ്റാണ്ടിലേറെയായി പലവിധ പരീക്ഷണങ്ങൾ നേരിട്ടുതന്നെയാണ് സഞ്ജു ഈ നിലയിലേക്ക് എത്തിയത്. ഒരുപക്ഷേ സ്വന്തം നാട്ടിൽ കളിച്ചതിന്റെ സമ്മർദ്ദമായിരിക്കാം സഞ്ജുവിന്റെ പരാജയത്തിന് വഴിയൊരുക്കിയത്. എന്നുകരുതി കഴിഞ്ഞ ലോകകപ്പിലേതുപോലെ ഒറ്റമത്സരത്തിലും കളിക്കാൻ അവസരം നൽകാതെ സഞ്ജുവിനെ മാറ്റിയിരുത്താൻ വഴിയില്ല. ശസ്ത്രക്രിയ കഴിഞ്ഞെത്തുന്ന തിലക് വർമ്മയെ എല്ലാ മത്സരങ്ങളിലും കളിപ്പിച്ച് റിസ്കെടുക്കാതെ സഞ്ജുവിനുകൂടി അവസരം നൽകുവാനേ ടീം മാനേജ്മെന്റ് തയ്യാറാവുകയുള്ളൂ. അങ്ങനെ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തിയാൽ സഞ്ജുവിന് തന്റെ കരിയർ തകരാതെ രക്ഷപെടുത്താം.

കാര്യവട്ടം സ്റ്റേഡിയം പരിപാലിക്കാനും കൂടുതൽ മത്സരങ്ങൾ എത്തിക്കാനും മെച്ചപ്പെട്ടരീതിയിൽ നടത്താനുമുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കുമ്പോഴും ഇത്തവണത്തെ മത്സരനടത്തിപ്പിലെ ചില വീഴ്ചകൾ ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല. പണം നൽകി ടിക്കറ്റെടുത്തവരെ മണിക്കൂറുകളോളം ക്യൂ നിറുത്തുകയും ഗാലറിയിൽ കുടിവെള്ളത്തിന് പത്തിരട്ടിയിലേറെ വില ഈടാക്കുകയും ചെയ്തത് ശരിയായില്ല. ഓൺലൈനിൽ ടിക്കറ്റ് വിൽപ്പനയ്ക്ക് വച്ച് മണിക്കൂറുകൾക്കകമാണ് തീർന്നത്. അത്രത്തോളം ആവേശത്തോടെ കളിയെ സമീപിച്ചവരെ ആ രീതിയിൽ തന്നെ പരിഗണിക്കേണ്ടതായിരുന്നു. അതുപോലെതന്നെ മുൻകാല താരങ്ങൾക്കും പരിശീലകർക്കും ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾക്കുമൊക്കെ മത്സരം കാണാൻ പാസുനൽകുന്നതിലും വീഴ്ചയുണ്ടായി എന്ന് പരാതികൾ ഉയരുന്നുണ്ട്.

ഏതായാലും കുടിവെള്ളപ്രശ്നത്തെക്കുറിച്ച് പരാതികൾ ഉയർന്നപ്പോൾതന്നെ അന്വേഷണം പ്രഖ്യാപിച്ച കെ.സി.എയുടെ നടപടി ശ്ളാഘനീയമാണ്. അന്വേഷണത്തിലുപരി ഇനിയും ഇവിടെ മത്സരങ്ങൾ നടക്കുമ്പോൾ ഇത്തരത്തിലുള്ള പരാതികൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളാണ് വേണ്ടത്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.