SignIn
Kerala Kaumudi Online
Friday, 26 April 2024 4.18 PM IST

കപ്പൽ ജീവനക്കാരെ മോചിപ്പിക്കണം

photo

മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരായ 15 കപ്പൽ ജീവനക്കാർ ഗിനിയൻ നാവികസേനയുടെ തടവിലാണെന്ന വിവരം ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്. കപ്പൽ ജീവനക്കാരുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. ഇവരുടെ മോചനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതാണ്. ചരക്കുകപ്പലിൽ നിന്ന് ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത 15 പേരെയും ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും പുറത്ത് സൈന്യം കാവൽ നിൽക്കുകയാണെന്നുമാണ് കപ്പലിലെ ജീവനക്കാരനും മലയാളിയുമായ വിജിത്ത് വി. നായർ വീട്ടിൽ അറിയിച്ചത്. ഇവർക്ക് ഭക്ഷണം എത്തിക്കുന്നതടക്കമുള്ള സഹായങ്ങൾ ഇന്ത്യൻ എംബസിയിൽ നിന്ന് ഉണ്ടായെന്ന വാർത്ത താത്‌കാലിക ആശ്വാസം പകരുന്നതാണ്. കപ്പലിലെ ചീഫ് ഓഫീസർ സനു ജോസ്, കൊല്ലം സ്വദേശി വിജിത്ത് വി. നായർ, കൊച്ചി സ്വദേശി മിൽട്ടൺ എന്നിവരാണ് തടവിലുള്ള മലയാളികൾ. കപ്പൽ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറുമെന്ന് പറഞ്ഞെങ്കിലും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടായതോടെ അതുണ്ടായില്ല. ഇവരെ തിരികെ കപ്പലിൽ എത്തിച്ചെന്നും വാർത്തയുണ്ട്. മോചനവുമായി ബന്ധപ്പെട്ട നടപടികൾ തുടരുകയാണെന്നാണ് ആഫ്രിക്കയിലെ ഇന്ത്യൻ മിഷൻ അറിയിച്ചിരിക്കുന്നത്.

സ്‌ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യചെയ്ത വിസ്‌മയയുടെ സഹോദരനാണ് തടവിലായ വിജിത്ത്. കുടിവെള്ളവും ഭക്ഷണവും ലഭിച്ചിട്ട് 12 മണിക്കൂറായെന്ന വിവരം നാട്ടിൽ അറിയിച്ചത് വിജിത്താണ്. അഞ്ചുപേർക്ക് പോലും കിടക്കാൻ സ്ഥലമില്ലാത്ത തടവറയിലാണ് 15 പേരെ കുത്തിനിറച്ചിരിക്കുന്നത്. രാത്രി കുടിവെള്ളം ചോദിച്ചപ്പോൾ എല്ലാവർക്കുമായി കുടിക്കാൻ അരക്കുപ്പി വെള്ളമാണ് നൽകിയത്. ഫോൺ ചാർജ് ചെയ്യാനും ഇവർക്ക് കഴിയുന്നില്ല. കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് നോർവേ ആസ്ഥാനമായ ഒ.എം.എസ് മാരിടൈം എന്ന കമ്പനിയുടെ കപ്പൽ നൈജീരിയയിലെ എ.കെ.പി.ഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ എത്തിയത്. അന്താരാഷ്ട്രപാത ലംഘിച്ചു എന്ന കുറ്റം ചാർത്തിയാണ് നൈജീരിയൻ നേവിയുടെ നിർദ്ദേശപ്രകാരം ഗിനിയൻ നേവി ഇവരെ അറസ്റ്റ് ചെയ്തത്. കപ്പൽ കമ്പനി 20 ലക്ഷം ഡോളർ പിഴയായി നൽകിയിട്ടും ഇവരെ മോചിപ്പിച്ചിട്ടില്ല. ഇവരെ മോചിപ്പിക്കാൻ സത്വരനടപടി ഉണ്ടാകാതിരുന്നത് നിർഭാഗ്യകരമാണ്. സാധാരണ ഇങ്ങനെ തടവിലാകുന്ന കപ്പൽ ജീവനക്കാരെയും മറ്റും മോചിപ്പിക്കാൻ ഉയർന്ന തലത്തിലുള്ള ഇടപെടൽ ഉണ്ടാകുന്നതാണ്. കടൽ കൊള്ളക്കാർ പിടിക്കുന്നവരെ പോലും ഇത്തരം ഇടപെടലിലൂടെ ദിവസങ്ങൾക്കുള്ളിൽ മോചിപ്പിക്കാറുണ്ട്. കേരളത്തിൽ നിന്നുള്ള എം.പിമാരും വിദേശകാര്യ സഹമന്ത്രിയും അടിയന്തരമായി ഇടപെട്ട് ഇവരുടെ മോചനം എത്രയും വേഗം സാദ്ധ്യമാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN SAILORS HELD HOSTAGE BY GUINEAN NAVY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.