SignIn
Kerala Kaumudi Online
Thursday, 19 September 2024 3.48 AM IST

സംരംഭക മേഖലയിൽ മികച്ച മുന്നേറ്റം

Increase Font Size Decrease Font Size Print Page

photo

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വരവേല്പും പ്രിയദർശൻ സംവിധാനം ചെയ്ത മിഥുനവും കേരളത്തിൽ ചെറുകിട വ്യവസായ സംരംഭങ്ങൾക്കായി ഇറങ്ങിത്തിരിക്കുന്നവർ നേരിടേണ്ടി വന്നിരുന്ന നൂലാമാലകളും പ്രശ്നങ്ങളും തികഞ്ഞ നർമ്മത്തോടെ അടയാളപ്പെടുത്തിയ ചലച്ചിത്രങ്ങളായിരുന്നു. ഇടത്-വലത് സർക്കാരുകൾ മാറിമാറി ഭരിച്ചിട്ടും കേരളം വ്യവസായ നിക്ഷേപത്തിന് പറ്റിയ നാടല്ലെന്ന പ്രചാരണങ്ങളെ ശരിവയ്ക്കും വിധത്തിലാണ് കാര്യങ്ങൾ പുരോഗമിച്ചിരുന്നത്. എന്നാൽ ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ എന്ന സംസ്ഥാന വ്യവസായ വകുപ്പിന്റെ പ്രഖ്യാപിതലക്ഷ്യം എട്ടുമാസംകൊണ്ട് കൈവരിക്കാൻ കഴിഞ്ഞു എന്നത് അക്കാര്യങ്ങളിലൊക്കെ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയെന്ന് പറയാൻ പ്രേരിപ്പിക്കുന്നതാണ്. അഭിനന്ദനാർഹമായ നേട്ടമാണിത്. മാത്രമല്ല ഈ സംരംഭക പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസിനുള്ള ദേശീയാംഗീകാരവും ലഭിച്ചു.

പുതിയ സംരംഭങ്ങൾക്കായി മുതൽമുടക്കാൻ മുന്നോട്ടു വരുന്നവരെ പരമാവധി ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരും, അവകാശങ്ങൾക്കു മാത്രമായി പോരാടുന്ന തൊഴിലാളി യൂണിയൻ നേതാക്കളും കൂടുതലുള്ള നമ്മുടെ നാട്ടിൽ, സംരംഭക പദ്ധതിയിൽ കാണാനാകുന്ന മുന്നേറ്റം ഇങ്ങനെയും കാര്യങ്ങൾ ചെയ്യാനാകുമെന്ന ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഈ പദ്ധതിയിൽ ചേർന്ന പതിനായിരത്തോളം സംരംഭകർ വ്യവസായവകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ സംഗമിക്കുകയാണ്. ലഭ്യമായ കണക്കുകൾ പ്രകാരം ഇതുവരെ 122637 സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 7498.22 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ നിന്നുതന്നെ സമാഹരിക്കപ്പെട്ടു. ഇതിലൂടെ 264463പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. മികച്ച തുടക്കമെന്നുതന്നെ പറയാം. എന്നാൽ ഇവ വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയെന്ന ശ്രമകരമായ ദൗത്യം സർക്കാരിനു മുന്നിലുണ്ട്. ചെറുകിട മേഖലയിലെ പുതിയ സംരംഭങ്ങളുടെ വിജയശതമാനം ദേശീയ തലത്തിൽത്തന്നെ കുറവായിരിക്കെ ഇവ വിജയം കൈവരിക്കാൻ സർക്കാരിന്റെ ജാഗ്രതയോടെയുള്ള പിന്തുണ സംരംഭകർക്ക് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ചും വനിതാ സംരംഭകർ നേതൃത്വം വഹിക്കുന്ന കാൽലക്ഷത്തോളം പുതിയ സംരംഭങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്. വിപണി കണ്ടെത്തുന്നതിലും ഇ-കോമേഴ്സിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലും നല്ല കരുതലുണ്ടായേ മതിയാകൂ. സംരംഭകരെ സഹായിക്കുമെന്നും എല്ലാ ജില്ലകളിലും ഓഫീസുകൾ പ്രവർത്തിക്കുമെന്നും സർക്കാർ ഉറപ്പു നൽകിയത് നല്ലകാര്യമാണ് .

കഴിഞ്ഞവർഷം മാർച്ച് 30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംരംഭക പദ്ധതി പ്രതീക്ഷിച്ചതിനെക്കാൾ വിജയമായതിനു പിന്നിൽ മികച്ച ആസൂത്രണപാടവം തെളിഞ്ഞു കാണാം. സർക്കാരും രാഷ്ട്രീയ കക്ഷിഭേദമന്യെ പൊതുപ്രവർത്തകരും ഇതിനായി സഹകരിച്ചു. മീറ്റ് ദ മിനിസ്റ്റർ ,മീറ്റ് വിത്ത് ദ ഇൻവെസ്റ്റർ,ചാറ്റ് വിത്ത് മിനിസ്റ്റർ എന്നിങ്ങനെ തികച്ചും ഭാവനാസമ്പന്നമായ പരിപാടികളിലൂടെ വ്യവസായമന്ത്രി പി.രാജീവ് ഇതിലെല്ലാം സജീവ ഇടപെടൽ നടത്തി. വ്യവസായ സൗഹൃദാന്തരീക്ഷത്തിന്റെ കാര്യത്തിലാകട്ടെ ഒറ്റയടിക്ക് 13 പടികൾ കയറി ദേശീയ റാങ്കുപട്ടികയിൽ 28ൽ നിന്നും 15 ലേക്ക് റാങ്കുയർത്താനും കേരളത്തിന് കഴിഞ്ഞു. സംരംഭം തുടങ്ങാൻ വരുന്നവരെ അനുമതികൾക്കായി ഉദ്യോഗസ്ഥർ നെട്ടോട്ടമോടിക്കുന്ന സ്ഥിതി അനുവദിക്കില്ലെന്നും പകരം മുകളിലിരിക്കുന്നവർ ഇടപെടുമെന്നുമുള്ള അവസ്ഥ സംജാതമാകാൻ മന്ത്രിയുടെ നേരിട്ടുള്ള മോണിട്ടറിംഗ് സഹായകമായിട്ടുണ്ട്. പുതുതായി വരുന്ന വ്യവസായനയത്തിലും സുതാര്യമായ കാഴ്ചപ്പാടുണ്ടാകുമെന്ന് പ്രത്യാശിക്കാനും ഈ സമീപനം വഴിതെളിച്ചു.

നമ്മുടെ പല പദ്ധതികളും പരാജയപ്പെടുന്നത് അത് കൈകാര്യം ചെയ്യുന്ന അധികാരികൾ ചുമതലാബോധം കാട്ടാത്തതിനാലാണ്. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയാലും ചോദിക്കാനും പറയാനും ആരുമുണ്ടാകില്ലെന്ന അവസ്ഥയാണ് മാറേണ്ടത്. അതിനുള്ള മാതൃകാപരമായ ഇടപെടൽ ഭരണത്തിനു ചുക്കാൻ പിടിക്കുന്നവരിൽ നിന്നുമുണ്ടായതാണ് സംരംഭക പദ്ധതിയെ വിജയത്തിലേക്ക് നയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: INVESTMENT GROWTH OF KERALA STATE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.