SignIn
Kerala Kaumudi Online
Friday, 26 April 2024 12.04 PM IST

ജഡ്ജിയുടെ അരുംകൊല ഒരു മുന്നറിയിപ്പാണ്

justice-uttam-anand

ജാർഖണ്ഡിലെ ഖനിമാഫിയകൾ വിലസുന്ന ധൻബാദിൽ അഡിഷണൽ ജില്ലാ ജഡ്‌ജി ഉത്തം ആനന്ദിനെ പ്രഭാതസവാരിക്കിടെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തിയ സംഭവം രാഷ്ട്രത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ജാർഖണ്ഡ് ഹൈക്കോടതിയും സുപ്രീംകോടതിയും തൽക്ഷണം ഇടപെട്ടതും ഉന്നതതല അന്വേഷണത്തിന് ഏർപ്പാടുകൾ ചെയ്തതും. പുലർച്ചെ പതിവുപോലെ നടക്കാനിറങ്ങിയ ജഡ്‌ജിയെ പിന്നിൽ നിന്ന് പാഞ്ഞെത്തിയ ഓട്ടോറിക്ഷ മനഃപൂർവം ഇടിച്ചിട്ടശേഷം കടന്നുകളയുകയായിരുന്നു. ചോര വാർന്ന് റോഡിൽ കിടന്ന ജഡ്‌ജിയെ വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. അജ്ഞാതൻ എന്ന നിലയിൽ കിടന്നിരുന്ന ജഡ്‌ജിയുടെ മൃതദേഹം ഏറെ സമയം കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്. സി.സി.ടിവി ദൃശ്യങ്ങളാണ് അപകടമല്ല മനഃപൂർവമായ നരഹത്യ തന്നെയാണു നടന്നതെന്ന രഹസ്യം വെളിച്ചത്താക്കിയത്. ഘാതകനെയും സഹായിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക്രിമിനൽ സംഘങ്ങൾ അരങ്ങുവാഴുന്ന ധൻബാദിൽ ജഡ്ജിക്കുനേരെയുണ്ടായ ആക്രമണം യാദൃച്ഛികമാണെന്നു പറയാനാകില്ല. നിയമം കൈയിലെടുത്തു തേർവാഴ്ച നടത്തുന്ന മാഫിയകൾ നിയമപാലകരെ വരുതിയിൽ നിറുത്തുന്നത് അസാധാരണമൊന്നുമല്ല. മാഫിയകൾക്കു വഴങ്ങാത്ത നിയമപാലകരെ രായ്ക്കുരാമാനം തെറിപ്പിക്കാൻ രാഷ്ട്രീയ സഹായവും കൂട്ടിനുണ്ട്. നിയമസംവിധാനങ്ങളെ ഒന്നാകെ വിലയ്ക്കെടുക്കാറുള്ള മാഫിയകൾ ഏറ്റവും ഒടുവിൽ ജുഡിഷ്യറിയെയും ഭയപ്പെടുത്താൻ തുടങ്ങിയതിന്റെ സൂചനയായിട്ടുവേണം ജില്ലാ ജഡ്ജിക്കു നേരിട്ട അപമൃത്യുവിനെ കാണാൻ. ധൻബാദിൽ കൊല്ലപ്പെട്ട ജഡ്ജി ഉത്തം ആനന്ദ് കഴിഞ്ഞയാഴ്ച സ്ഥലത്തെ ഗുണ്ടാസംഘങ്ങൾ ഉൾപ്പെട്ട കേസിൽ അവർക്ക് പ്രതികൂലമായി വിധി പ്രസ്താവിച്ചിരുന്നു . അതുപോലെ വിവാദമുയർത്തിയ രണ്ടു കൊലക്കേസുകളുടെ വിചാരണയും അദ്ദേഹത്തിന്റെ കോടതിയിൽ ഇപ്പോൾ നടന്നുവരികയായിരുന്നു. ജഡ്ജിയെ ഇല്ലാതാക്കിയതിലൂടെ ജുഡിഷ്യറിക്കും അപായസന്ദേശം നൽകാനാണോ ക്രിമിനൽ സംഘം ഉദ്ദേശിച്ചതെന്നു സംശയിക്കുന്നവരുണ്ട്. അന്വേഷണം പൂർത്തിയായാലേ അത്തരം കാര്യങ്ങൾ പുറത്തുവരികയുള്ളൂ. ജില്ലാ ജഡ്‌ജിമാർ നേരിടുന്ന പലവിധ സമ്മർദ്ദങ്ങളെക്കുറിച്ച് സുപ്രീംകോടതി ജഡ്‌ജി ചന്ദ്രചൂഡ് പരാമർശിച്ചത് ഈയിടെയാണ്. മദ്ധ്യപ്രദേശിൽ ബി.എസ്.പി എം.എൽ.എയുടെ ഭർത്താവ് ഉൾപ്പെട്ട ഒരു കൊലക്കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാനുത്തരവിട്ട വിചാരണ കോടതി ജഡ്ജി നേരിടേണ്ടിവന്ന ദുരനുഭവങ്ങളായിരുന്നു വിഷയം. ജീവനു പോലും ഭീഷണി ഉയർന്നപ്പോൾ ജഡ്‌ജി വിവരം ഉന്നത നീതിപീഠത്തെ അറിയിച്ചാണ് പ്രതിസന്ധി തരണം ചെയ്തത്. ജുഡിഷ്യറിയെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കാമെന്ന് ആരും കരുതേണ്ടതില്ലെന്ന ശക്തമായ താക്കീതും പരമോന്നത കോടതിയിൽ നിന്നുണ്ടായി.

ജാർഖണ്ഡിലും മദ്ധ്യപ്രദേശിലും യു.പിയിലും മാത്രമല്ല രാജ്യത്തെവിടെയും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നീതിയുടെ കാവലാളുകൾ നിരന്തരം സമ്മർദ്ദത്തിലും മാനസിക പിരിമുറക്കത്തിലുമാകാറുണ്ട്. നീതിപീഠങ്ങളുടെ ഉത്തരവുകളെ വെല്ലുവിളിക്കാൻ സ്വാധീനശക്തിയും സമ്പത്തും ഏറെയുള്ളവർ പലപ്പോഴും ഒരുങ്ങുന്നു. നിയമത്തെ വിലയ്ക്കു വാങ്ങുന്നതുപോലെ നീതിപീഠങ്ങളെയും തങ്ങളുടെ ഒപ്പം കൂട്ടാനാകും അവരുടെ ശ്രമം. ഇതിന്റെ ചെറിയൊരു പതിപ്പാണ് കഴിഞ്ഞ ദിവസം സുൽത്താൻബത്തേരി കോടതി വളപ്പിൽ കണ്ടത്. കുപ്രസിദ്ധമായ മരംമുറിക്കൽ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള പെരുമാറ്റം. ഒളിവിലായിരുന്ന പ്രതികൾ മാതാവിന്റെ മരണവാർത്തയറിഞ്ഞ് പുറത്തുവന്നപ്പോഴാണ് പൊലീസ് പിടിയിലാകുന്നത്. ശവസംസ്കാര ചടങ്ങിൽ സംബന്ധിക്കാൻ അനുവാദം ലഭിച്ചെങ്കിലും പൊലീസ് ഒപ്പമുണ്ടാകുമെന്ന നിബന്ധനയാണ് പ്രതികളെ പ്രകോപിതരാക്കിയത്. കോടതി റിമാൻഡ് ചെയ്ത പ്രതികളെ പൊലീസിനൊപ്പമല്ലാതെ വിടാനാവില്ലെന്ന് കോടതിയും വ്യക്തമാക്കിയതാണ്. അതിനെതിരെയാണ് പ്രതികൾ ഏറെ നേരം ബഹളമുണ്ടാക്കിയത്. നിയമ നീതിന്യായ സംവിധാനങ്ങൾ തങ്ങൾക്കു വേണ്ടി വഴിമാറണമെന്ന ഹുങ്കെന്നല്ലാതെ മറ്റെന്തു പറയാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JUSTICE UTTAM ANAND MURDER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.