കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ 180 കോടിയുടെ വായ്‌പാ തട്ടിപ്പുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം കലൂരിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. കേസിൽ അറുപത്തിയെട്ടാം പ്രതിയായി സി.പി.എം എന്ന, കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയെയും പ്രതിചേർത്തിരിക്കുന്നു എന്ന അപൂർവമായ നടപടിയും ഉണ്ടായിരിക്കുന്നു. ഇത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയമായ എതിർപ്പിന്റെയും ശത്രുതയുടെയും പേരിൽ, സമ്മർദ്ദത്തിനു വഴങ്ങി അന്വേഷണ ഏജൻസി മനപ്പൂർവം ചെയ്തതാണെന്നാണ് സി.പി.എം നേതാക്കൾ ആരോപിക്കുന്നത്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിട്ടുള്ളതും മറ്റൊന്നുകൊണ്ടല്ല.
നിയമപരമായി കേസിനെ പാർട്ടി നേരിട്ടേ മതിയാകൂ. രാഷ്ട്രീയമായി നേരിടുമെന്ന് പറയുന്നത് ഈ കേസ് ബി.ജെ.പിയുടെ ഒരു ഗൂഢാലോചനയുടെ ഫലമാണ് എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയാണ്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ഏതൊരു കക്ഷിയെയും കേസിൽ പ്രതി ചേർത്തിട്ടുള്ളതെങ്കിൽ വിചാരണ വേളയിൽത്തന്നെ അതു ബോദ്ധ്യപ്പെട്ടാൽ കോടതിക്ക് അത് ഒഴിവാക്കാവുന്നതേയുള്ളൂ. പാർട്ടിക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കുന്നതിന് നിയമപരമായ അവകാശമുണ്ട്. അതിലേക്ക് പല രീതിയിലും പണം വരാം. എന്നാൽ ബാങ്ക് തട്ടിപ്പിന്റെ ഭാഗമായാണ് പണം വന്നതെന്ന നിഗമനത്തിന്റെയോ തെളിവിന്റെയോ പിൻബലത്തിലാവണം ഇ.ഡി പാർട്ടിയെയും പ്രതിചേർത്തിരിക്കുന്നത് എന്നുവേണം അനുമാനിക്കാൻ. അതിനാൽ പാർട്ടി ആദ്യം കോടതിയിലാവണം വസ്തുതകൾ ബോദ്ധ്യപ്പെടുത്തി, പ്രതിസ്ഥാനത്തുനിന്ന് ഒഴിവാകുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്.
ബാങ്കിൽ സാമ്പത്തിക തിരിമറി നടക്കുമ്പോൾ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിമാരായിരുന്ന മുൻ മന്ത്രി എ.സി. മൊയ്‌തീൻ എം.എൽ.എ, കെ. രാധാകൃഷ്ണൻ എം.പി, എം.എം. വർഗീസ് എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. പാർട്ടി നിയോഗിച്ചതനുസരിച്ച് അതത് സമയങ്ങളിൽ ജില്ലാ ഭാരവാഹിത്വം വഹിച്ചതിന്റെ പേരിലാണ് ഇവർ പ്രതികളാകേണ്ടിവന്നത്. അതിന്റെ അർത്ഥം ബാങ്ക് തട്ടിപ്പിൽ ഇവർ വ്യക്തിപരമായ നേട്ടമുണ്ടാക്കി എന്നല്ല. എന്നാൽ വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയവരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടാവാം. ചട്ടങ്ങൾ ലംഘിച്ചും മതിയായ ഈടില്ലാതെയും വൻതുക വായ്‌പ അനുവദിക്കുന്നതാണ് സർവീസ് സഹകരണ ബാങ്കുകളിൽ നടക്കുന്ന ഏറ്റവും വലിയ തട്ടിപ്പ്. വായ്‌പയെടുത്തവർ അത് തിരിച്ചുനൽകാതെ വരുമ്പോൾ നിയമപരമായി ബാങ്കിൽ തുക നിക്ഷേപിച്ചവർക്കു പോലും അവർ ആവശ്യപ്പെടുമ്പോൾ പണം തിരിച്ചുകൊടുക്കാൻ ബാങ്കിന് കഴിയാതെ വരും. അങ്ങനെയാണ് തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്.
ഇപ്പോൾ സമർപ്പിക്കപ്പെട്ട അന്തിമ കുറ്റപത്രത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് വേദികളിൽ കോൺഗ്രസിനോ ബി.ജെ.പിക്കോ മേൽക്കൈ നേടാനാവില്ല. കാരണം കോൺഗ്രസിന് ഭൂരിപക്ഷമുണ്ടായിരുന്ന സർവീസ് സഹകരണ ബാങ്കുകളിലും സമാനമായ തട്ടിപ്പുകളുടെ അന്വേഷണം നടക്കുകയാണ്. ബി.ജെ.പിയുടെ പ്രവർത്തകരും അനുഭാവികളും ഭാരവാഹികളായുള്ള സഹകരണ ധനകാര്യ സ്ഥാപനങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. അപ്പോൾ ഒരാൾ മറ്റൊരാളെ കുറ്റം പറഞ്ഞാൽ, രണ്ടു കാലിൽ മന്തുള്ളയാൾ ഒരു കാലിൽ മാത്രം മന്തുള്ളയാളെ പരിഹസിക്കുന്നതിന് തുല്യമായേ ജനങ്ങൾ കണക്കാക്കൂ. ബാങ്കിംഗ് പ്രവർത്തനം വ്യക്തമായ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് നടത്തേണ്ട ഒന്നാണ്; പാർട്ടി ഓഫീസിൽ നിന്ന് 'നമ്മടെ ആളാണെ"ന്ന് വിളിച്ചു പറയുന്നതിന് അനുസരിച്ച് നടത്താനുള്ളതല്ല. അങ്ങനെ നടത്തിയാൽ കരുവന്നൂരുകൾ ആവർത്തിക്കപ്പെടുകയും ജനങ്ങൾ സഹകരണ മേഖലയിൽ നിന്ന് ആത്യന്തികമായി അകലുകയും ചെയ്യും. അങ്ങനെ ഉണ്ടാകരുതെന്നത് പഠിപ്പിക്കുന്ന പാഠപുസ്‌തകമാണ് കരുവന്നൂർ കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |