റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ഒന്നര ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാക്കുന്ന കേന്ദ്ര പദ്ധതി പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. രാജ്യവ്യാപകമായി സർക്കാർ - സ്വകാര്യ ആശുപത്രികളിൽ പണം അടയ്ക്കാതെ ഇത്രയും തുകയ്‌ക്കുള്ള അടിയന്തര ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. അപകടമുണ്ടായി ഏഴുദിവസം വരെയാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അപകടം സംഭവിച്ചതിനു ശേഷമുള്ള ആദ്യ ഒരു മണിക്കൂറിനെ 'ഗോൾഡൻ ഔവർ" എന്നാണ് ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. ഈ സമയത്തിനുള്ളിൽ ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞാൽ ഗുരുതരമായി പരിക്കേറ്റവരെപ്പോലും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിയുമെന്നതിനാൽ റോഡപകടത്തിന് ഇരയാകുന്നവർക്ക് അത്യധികം പ്രയോജനം പകരാൻ ഈ പദ്ധതി ഇടയാക്കുമെന്ന് നിസംശയം പറയാനാകും.
റോഡപകടങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചാൽ അവിടത്തെ ചെലവ് വഹിക്കേണ്ടിവരുമോ എന്ന ആശങ്ക കാരണം പലരും ഒഴിഞ്ഞുനിൽക്കുമായിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. പൊലീസോ മറ്റ് ബന്ധപ്പെട്ടവരോ സ്ഥലത്തെത്തുന്നതുവരെ പല സ്ഥലങ്ങളിലും റോഡപകടത്തിൽപ്പെട്ടവർക്ക് കിടക്കേണ്ടി വന്നിട്ടുണ്ട്. ഇനി അഥവാ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയാലും തുക അടയ്ക്കാൻ ആരുമില്ലാത്തതിനാൽ അടിയന്തര ചികിത്സ നൽകാതെ സർക്കാർ ആശുപത്രികളിലേക്ക് തള്ളിവിടുന്നതായിരുന്നു സ്വകാര്യ ആശുപത്രികളുടെ പതിവ്. ഇതിനിടയിൽ അപകടത്തിൽപ്പെട്ട വ്യക്തിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങൾക്കൊക്കെ ഒരു വലിയ പരിഹാരമാണ് പുതിയ പദ്ധതി. ദേശീയ ആരോഗ്യ അതോറിട്ടിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. സംസ്ഥാനങ്ങളിൽ റോഡ് സുരക്ഷാ കൗൺസിലായിരിക്കും നോഡൽ ഏജൻസി.
ആശുപത്രികൾക്കുള്ള പണം നൽകുന്നത് കേന്ദ്ര സർക്കാരായതിനാൽ പദ്ധതി ഉറപ്പായും നടപ്പാവുമെന്ന് കരുതാം. 2024 മാർച്ച് 14-ന് ചണ്ഡിഗറിൽ തുടക്കമിട്ട പദ്ധതി ആറ് സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ഈ മാസമാണ് രാജ്യവ്യാപകമായി പ്രാബല്യത്തിലായത്. നിർദ്ദിഷ്ട ആശുപത്രികളുടെ പട്ടിക സംസ്ഥാന റോഡ് സുരക്ഷാ കൗൺസിലിന്റെയോ ദേശീയ ആരോഗ്യ അതോറിട്ടിയുടെയോ പോർട്ടലിൽ ലഭിക്കുന്നതായിരിക്കും. ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത സമ്പന്നനെന്നോ പാവപ്പെട്ടവനെന്നോ നോക്കാതെ എല്ലാവർക്കും ഒരുപോലെ ആനുകൂല്യം ലഭിക്കുമെന്നതാണ്. ഇതുപോലുള്ള പദ്ധതികളിൽ ഏതെങ്കിലും തരത്തിലുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചാൽ അതിന്റെ പേരിലാവും പിന്നീട് ചികിത്സ നിഷേധിക്കപ്പെടുക. വാഹനയാത്രക്കാർക്കും മറ്റും, സർക്കാരിന്റെ ഭാഗത്തുനിന്ന് ബാദ്ധ്യതകൾ കൂടുതലും സേവനങ്ങൾ കുറവും എന്നതാണ് ഇവിടെ നിലനിൽക്കുന്ന അവസ്ഥ. റോഡ് നികുതിയായും ടോൾ പിരിവായും വാഹന ഉടമ നല്ലൊരു തുക സർക്കാരിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. എന്നാൽ ഇതിനു പകരമായുള്ള സേവനങ്ങൾ ലഭിക്കാറില്ല.
ഈ ആധുനിക കാലത്താണ് റോഡിന്റെ സ്ഥിതിയെങ്കിലും മെച്ചപ്പെട്ടുവരാൻ തുടങ്ങിയത്. കേരളത്തിലാകട്ടെ അതും പൂർത്തിയായിട്ടില്ല. ട്രാഫിക് ലംഘനങ്ങൾക്കും മറ്റും പിരിക്കുന്ന അതിഭീമമായ ഫൈനിന്റെ നിശ്ചിത ശതമാനമെങ്കിലും വാഹനയാത്രക്കാരുടെ മറ്റ് സേവനങ്ങൾക്കായി ചെലവഴിക്കേണ്ടതാണ്. ഭാവിയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ഏറ്റവും കൂടുതൽ പണം പിരിഞ്ഞുകിട്ടാൻ പോകുന്നത് നമ്മുടെ ദേശീയപാതകളിൽ നിന്നാവും. ഈ സാഹചര്യത്തിൽ ക്യാഷ്‌ലെസ് ചികിത്സാ പദ്ധതി പോലുള്ള സേവനം നടപ്പാക്കിയത് സ്വാഗതാർഹമാണ്. ഭാവിയിൽ തുക വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിഗണിക്കേണ്ടതാണ്. അതുപോലെ തന്നെ അപകടങ്ങളിൽ തലയ്ക്ക് പരിക്കേൽക്കുന്നവർക്ക് കൂടുതൽ പണം അനുവദിക്കാൻ വ്യവസ്ഥകൾ ഉണ്ടാകുന്നതും അഭികാമ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |