
പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി ഭൂമികയിൽ നിന്ന് പ്രവചനങ്ങളുടെ 'ദൈവവിധി" നിരന്തരം പുറപ്പെടുവിച്ചിരുന്ന ആഴമുള്ളൊരു മുഴക്കമാണ്, ഡോ. മാധവ് ഗാഡ്ഗിൽ എന്ന മനുഷ്യന്റെ വിയോഗത്തോടെ മാഞ്ഞുപോകുന്നത്; ഒപ്പം, ആഗോള പരിസ്ഥിതി ശാസ്ത്രത്തിന്റെ ആകാശത്തുനിന്ന് ഒരു മേഘജ്യോതിസിന്റെ വിടവാങ്ങലും. മലകളെയും വനങ്ങളെയും പുഴകളെയും മനുഷ്യനിൽ നിന്നു വേർതിരിച്ച്, പ്രകൃതിയെന്നു പേരിട്ട് മാറ്റിനിറുത്തിയിരുന്ന അപകടകരമായ മൗഢ്യത്തിനു നേർക്കാണ്, 'പ്രകൃതിയെന്നത് ജീവരാശിയുടെ നിലനില്പിനുള്ള പരിസ്ഥിതി"യാണ് എന്ന സത്യം ഗാഡ്ഗിൽ വിളിച്ചുപറഞ്ഞതും, 'അരുത്, അരുത്" എന്ന് വെട്ടിനിരത്തലിന്റെ മഴുത്തലപ്പുകളോട് നിരന്തരം കലഹിച്ചതും. വികസന വിരോധിയെന്ന ആക്ഷേപങ്ങളെ പുഞ്ചിരിയോടെ നേരിട്ടപ്പോഴെല്ലാം ഈ മനുഷ്യൻ ഒന്നുമാത്രം പറഞ്ഞു: 'പരിസ്ഥിതിയെക്കൂടി ഉൾക്കൊണ്ടുള്ള വികസനം ചിന്തിക്കുക!" അങ്ങനെയല്ലാതെ മാത്രം ചിന്തിച്ചുകൂട്ടുകയും, പ്രവർത്തിക്കുകയും ചെയ്തതിന്റെ ദുരന്തങ്ങൾ അതിവർഷമായും പ്രളയമായും ഉരുൾപൊട്ടലായും അവതരിച്ചപ്പോഴും ഗാഡ്ഗിൽ അതുതന്നെ പറഞ്ഞു.
പശ്ചിമഘട്ടത്തിന്റെ ജൈവനാശം പഠിക്കുന്നതിനായി കേന്ദ്രം വനം- പരിസ്ഥിതി മന്ത്രാലയം 2010-ൽ നിയോഗിച്ച ഉന്നതസമിതിയുടെ അദ്ധ്യക്ഷനായിരുന്ന ഡോ. മാധവ് ഗാഡ്ഗിൽ പിറ്റേവർഷം സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് ആ പേര് കേരളം ശ്രദ്ധിച്ചുതുടങ്ങിയതെങ്കിലും, അതിനു മുമ്പ് നാല് ദശകങ്ങളോളം അദ്ദേഹം രാജ്യത്തെ പ്രമുഖമായ രണ്ട് ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളിൽ മനുഷ്യക്രിയ കാരണം പരിസ്ഥിതിക്ക് സംഭവിക്കുന്ന നാശത്തിന്റെ അഗാധഗണിതങ്ങളെക്കുറിച്ച് പഠിക്കുകയും, പ്രകൃതിയിൽ നിന്ന് പിണങ്ങിമാറുന്ന
മനുഷ്യന്റെ ദുർവിധികളുടെ പ്രവചനം എഴുതുകയുമായിരുന്നു. ജീവശാസ്ത്രത്തിൽ ബിരുദവും, ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവുമായി ഹാർവാർഡ് സർവകലാശാലയിലേക്ക് ഗവേഷണത്തിനു ചെന്ന മാധവ് ഗാഡ്ഗിലിന്റെ പഠനവിഷയം മാത്രമല്ല, പ്രകൃതിവീക്ഷണം തന്നെ വഴിതിരിച്ചുവിട്ടത് മഹാനായ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഇ.ഒ. വിൽസണിന്റെ പ്രവചന സ്വഭാവമുള്ള ക്ളാസുകളാണ്. പിന്നീട്, വിൽസണിന്റെ പ്രിയശിഷ്യൻ വില്യം ബോസർട്ടിനു കീഴിൽ, നമുക്ക് ഇപ്പോഴും അത്ര പരിചിതമല്ലാത്ത 'മാത്തമറ്റിക്കൽ ഇക്കോളജി" എന്ന വിഷയത്തിലായി ഗാഡ്ഗിലിന്റെ ഗവേഷണം.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളെയും, ഗണിതമാതൃകകളും സൂത്രവാക്യങ്ങളും ഉപയോഗിച്ച് പഠിക്കുന്ന ആ വിശേഷ പരിസ്ഥിതിശാസ്ത്ര ശാഖയിൽ പകരക്കാരനില്ലാത്ത ശിരസായി ഡോ. മാധവ് ഗാഡ്ഗിൽ മാറുകയും ചെയ്തു. പശ്ചിമഘട്ടത്തിന്റെ 64 ശതമാനം ഭൂമിയെയും സെൻസിറ്റീവ് മേഖലയായി വിലയിരുത്തുകയും, അതിനെ മൂന്നായി തിരിച്ച് പ്രത്യേകം പ്രത്യേകം നിരോധനങ്ങളും നിയന്ത്റണങ്ങളും ഏർപ്പെടുത്തുകയും ചെയ്ത ഗാഡ്ഗിൽ റിപ്പോർട്ട് വിവാദവിഷയവും പ്രതിഷേധവിഷയവും ആയിത്തീർന്നത് തികച്ചും സ്വാഭാവികം. രൂക്ഷമായ എതിർപ്പുകളെ തുടർന്ന്, ആ റിപ്പോർട്ട് വിലയിരുത്താൻ കേന്ദ്ര സർക്കാർ പിന്നീട് നിയോഗിച്ച ഡോ. കസ്തൂരിരംഗന്റെ, 'ലഘൂകരിക്കപ്പെട്ട നിയന്ത്രണങ്ങളോടെ"യുള്ള റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പോലും നമ്മൾ പൂർണമായും നടപ്പാക്കിയിട്ടില്ല! കുടിയേറ്രവും കയ്യേറ്റവും മാത്രമല്ല, മലനിരകളിലെ ഖനനവും തീവ്രനിർമ്മിതികളും പോലും 'സെൻസിറ്റീവ്" ആയ രാഷ്ട്രീയവിഷയം കൂടിയായതിനാൽ പരിസ്ഥിതിപരമായ ആത്മഹത്യയ്ക്ക് നമ്മൾ തീരുമാനിക്കുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
കർഷക വിരുദ്ധനോ വികസന വിരുദ്ധനോ അല്ലാതിരുന്നിട്ടും, പരിസ്ഥിതിയെക്കുറിച്ച് പറഞ്ഞതു മുഴുവൻ തെറ്റാത്ത പ്രവചനങ്ങളായിരുന്നിട്ടും ഈ മനുഷ്യനെ കേൾക്കാതിരുന്നതിന്റെ ശിക്ഷ പ്രകൃതിദുരന്തങ്ങളായി നമ്മൾ ഇനിയും അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. പ്രകൃതിവിഭവങ്ങളെ നീതിയുക്തമായി മാത്രം വിനിയോഗിക്കണമെന്നും, പരിസ്ഥിതിയിൽ നിന്നു വേറിട്ട് ജീവരാശിക്ക് നിലനില്പ് അസാദ്ധ്യമെന്നും ഇയാൾ പറഞ്ഞതിന്റെ പൊരുൾ തിരിച്ചറിഞ്ഞുതുടങ്ങുമ്പോഴേക്കും നമ്മൾ ഒരുപക്ഷേ വൈകിപ്പോകുമായിരിക്കാം! പദ്മശ്രീയും പദ്മഭൂഷണും ഉൾപ്പെടെ രാജ്യം, പുരസ്കാരങ്ങളുടെ പ്രൗഢികൾ അണിയിച്ചപ്പോൾ ഡോ. മാധവ് ഗാഡ്ഗിലിന്റെ മനസിൽ ഒരു 'വേദനാവാക്യ"മായിരുന്നു- 'എന്റെ ആശയങ്ങളും ആശങ്കകളും നിങ്ങൾ തിരിച്ചറിയുകയും ഉൾക്കൊള്ളുകയും ചെയ്യുന്നുവെങ്കിൽ, അതാണ് എനിക്കുള്ള വിലയേറിയ ബഹുമതി!" പ്രവചനങ്ങളുടെ പ്രകൃതിപുരുഷന് പ്രണാമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |