SignIn
Kerala Kaumudi Online
Friday, 26 April 2024 3.42 PM IST

വിനോദസഞ്ചാര മേഖല പുതിയ ഉണർവിലേക്ക്

tourism

കൊവിഡ് മഹാമാരി ഒട്ടൊന്ന് ഒടുങ്ങിയതോടെ രണ്ടുവർഷത്തോളം പൂർണമായി തളർന്നുകിടന്ന ലോക വിനോദസഞ്ചാരമേഖല തളിർത്തു തുടങ്ങിയിട്ടുണ്ട്. ലോക ടൂറിസം മാപ്പിൽ ഇന്ത്യ താഴേക്ക് പോയെന്നാണ് റിപ്പോർട്ടുകൾ. മൂന്നുവർഷം മുൻപ് നാല്പത്തിയാറായിരുന്നു സ്ഥാനമെങ്കിൽ ഇപ്പോൾ 54 ആണ്. എല്ലാ സംസ്ഥാനങ്ങൾക്കും രണ്ടുവർഷം ടൂറിസം രംഗത്ത് വലിയ തിരിച്ചടികളുണ്ടായി. ആഭ്യന്തരസഞ്ചാരികൾ കൂടുതലെത്തിയതിനാൽ കേരളത്തിന് ഒരുവിധം പിടിച്ചുനിൽക്കാനായി. സംസ്ഥാനത്തിന്റെ വരുമാന സ്രോതസുകളിൽ ഇപ്പോഴും മുഖ്യഇനം വിനോദസഞ്ചാരമാണ്.

കൊച്ചിയിൽ കഴിഞ്ഞദിവസം സമാപിച്ച കേരള ട്രാവൽ മാർട്ട് വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവു നൽകാൻ പര്യാപ്തമാണ്. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ വിദേശസഞ്ചാരികളുടെ പ്രവാഹം ഉണ്ടാകാനിടയില്ല. അതിനാൽ ആഭ്യന്തരസഞ്ചാരികൾക്ക് പ്രാധാന്യമുള്ള പരിപാടികൾക്കാണ് ഇത്തവണ പ്രാമുഖ്യം. ട്രാവൽ മാർട്ടിൽ അതിനായി വിലപ്പെട്ട നിർദ്ദേശങ്ങളും പ്ളാനുകളും അവതരിപ്പിക്കപ്പെട്ടിരുന്നു.

ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള സഞ്ചാരികളെ ആകർഷിക്കാൻ വൈവിദ്ധ്യമാർന്ന കാഴ്ചകളാൽ സമ്പുഷ്ടമാണ് കേരളമെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതു പൂർണമായും മുതലാക്കാൻ കഴിയാത്തതാണു സംസ്ഥാനത്തിന്റെ പരാധീനത. അടുത്തകാലത്തായി ഇതിന് മാറ്റം വന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ തനതു കാഴ്ചകളും വിശേഷങ്ങളും ഫലപ്രദമായി മാർക്കറ്റ് ചെയ്യാൻ നമുക്കാവുന്നുണ്ട്. സഞ്ചാരികൾക്കായി വർദ്ധിച്ച തോതിൽ സൗകര്യങ്ങളൊരുക്കുകയാണ് വിനോദസഞ്ചാര മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നല്ല റോഡുകൾ, വിശ്രമകേന്ദ്രങ്ങൾ, ഏതു വരുമാനക്കാർക്കും തങ്ങാൻപറ്റിയ ഹോട്ടലുകൾ, യാത്രാമാർഗങ്ങൾ - ഇവയൊക്കെ വളർച്ചയുടെ അടിസ്ഥാന ഘടകങ്ങളാണ്.

ഇത്തവണ വടക്കൻ കേരളത്തിന് പ്രാധാന്യം നൽകുന്ന വിനോദസഞ്ചാര വികസന പദ്ധതികളാണ് ട്രാവൽ മാർട്ട് മുന്നോട്ടുവയ്ക്കുന്നത്. മറ്റു രണ്ടുമേഖലകൾക്കും അർഹമായ പ്രാധാന്യം നൽകിക്കൊണ്ടുതന്നെയാകും ഇത്. ഓരോ മേഖലയിലും പുതിയ സാദ്ധ്യതകൾ കണ്ടെത്തണം. മുൻപ് മഴക്കാലം സഞ്ചാരികളെ അകറ്റിനിറുത്തുമായിരുന്നു. എന്നാലിപ്പോൾ മഴയുടെ എല്ലാ ഭാവങ്ങളും ആസ്വദിക്കാൻ ധാരാളം സഞ്ചാരികളെത്തുന്നു. കേരളത്തിലെ രണ്ടുമഴക്കാലം സഞ്ചാരികൾക്കു മികച്ച വിരുന്നൊരുക്കുമെന്നു തീർച്ചയാണ്. സംസ്ഥാന ടൂറിസം വകുപ്പ് മൺസൂൺ ടൂറിസത്തിനായി പ്രത്യേക പ്രചാരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

സഞ്ചാരികളെ ദിവസങ്ങളോളം പിടിച്ചുനിറുത്താൻ കഴിയുന്ന അനവധി കേന്ദ്രങ്ങൾ വടക്കൻ കേരളത്തിലുണ്ട്. ആസൂത്രണ വൈഭവവും മികച്ച അടിസ്ഥാന സൗകര്യവുമൊരുക്കിയാൽ ധാരാളം സഞ്ചാരികളെ ആകർഷിക്കാനാവും. വരുമാനത്തിലും വൻ വളർച്ചയുണ്ടാകും. കണ്ണൂരിൽ അന്താരാഷ്ട്ര വിമാനത്താവളം കൂടി വന്നതോടെ വിദേശികളുൾപ്പെടെയുള്ള സഞ്ചാരികൾക്ക് യാത്ര എളുപ്പമായിട്ടുണ്ട്. പശ്ചാത്തലസൗകര്യങ്ങൾ വികസിപ്പിച്ചാൽ റോഡ് യാത്രയും ക്ളേശരഹിതമാകും.

കേരളമെന്നു കേട്ടാൽ ഏതു വിനോദസഞ്ചാരിയും ആദ്യം ഓർക്കുന്ന പേര് കോവളമാണ്. കോവളത്തിന്റെ ഇന്നത്തെ അവസ്ഥ തീരെ അഭിമാനകരമല്ല. കുളിപ്പിച്ചു കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കിയെന്നു പറഞ്ഞതുപോലെയാണ് സ്ഥിതി. കോവളത്തെ ലോകനിലവാരത്തിൽ മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പുതിയ പദ്ധതി വരാൻ പോവുകയാണ്. പരിചയവും പ്രാഗത്ഭ്യവുമുള്ളവരെ ദൗത്യം ഏല്പിക്കണം. അല്ലെങ്കിൽ ഇപ്പോഴത്തെ ദുർഗതി തുടരും.

ജലകേളികൾക്ക് അനന്തസാദ്ധ്യതകളുള്ള സംസ്ഥാനത്ത് ആസൂത്രിതമായി അവ വികസിപ്പിക്കാനുള്ള വിപുലമായ ഒരു ശ്രമവുമുണ്ടായിട്ടില്ല. പുതിയ വിനോദസഞ്ചാര വികസന പരിപാടികളിൽ അതുകൂടി ഉണ്ടാകണം. അനേകം ചെറുപ്പക്കാർക്ക് തൊഴിൽ നൽകാൻ കഴിയുന്ന മേഖല കൂടിയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA TOURISM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.