SignIn
Kerala Kaumudi Online
Saturday, 27 April 2024 5.27 AM IST

വീണ്ടും വരട്ടെ ബസിൽ പരസ്യങ്ങൾ

photo

നഷ്ടത്തിൽ നട്ടംതിരിയുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.ആർ.ടി.സി. അതിനാൽ പലവിധ സർവീസിതര വരുമാനമാർഗങ്ങൾ തേടാൻ മാനേജ്‌മെന്റ് നിർബന്ധിതമാവുന്നത് സ്വാഭാവികം. ടൂറിസം മേഖലയിലേക്ക് മാത്രമായി പ്രത്യേക സർവീസും ബസ് വാടകയ്ക്ക് കൊടുക്കലും മറ്റും ഇതിന്റെ ഭാഗമാണ്. ശ്വാസം കിട്ടാതെ കിടക്കുന്ന രോഗിക്ക് ഓക്സിജൻ നൽകുന്നതു പോലെയാണ് ഇത്തരം കാര്യങ്ങൾ. ട്രാൻസ്പോർട്ട് ബസിൽ പരസ്യം സ്വീകരിക്കാൻ തുടങ്ങിയതും സർവീസിതര വരുമാനമെന്ന നിലയിലായിരുന്നു. പരസ്യക്കാരുമായി നിശ്ചിത കാലയളവിലുള്ള കരാറിൽ ഏർപ്പെട്ടാണ് ബസിന്റെ വശങ്ങളിലും പിന്നിലും പരസ്യങ്ങൾ നൽകിയിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഓടുന്ന മെട്രോ ട്രെയിനുകളിലും ബസുകളിലും മറ്റും ഇത്തരം നിരവധി പരസ്യങ്ങൾ കാണാം. യാത്രക്കാർക്ക് ഇത്തരം പരസ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കാറില്ല .

റോഡുകളുടെ ദുസ്ഥിതിയാണ് അപകടങ്ങൾക്ക് പ്രധാന കാരണം. പരസ്യങ്ങൾ ഇല്ലാതായതുകൊണ്ട് അപകടങ്ങളുടെ എണ്ണം കുറയുമെന്ന് കരുതാനാകില്ല. പരസ്യങ്ങൾ അപ്പാടെ നിരോധിക്കുകയും മറ്റും ചെയ്യുന്ന നടപടികൾ പ്രധാന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനേ ഇടയാക്കൂ. നിർഭാഗ്യവശാൽ അത്തരമൊരു തീരുമാനമാണ് സ്വകാര്യ ബസുകളുടെ രൂപമാറ്റം സംബന്ധിച്ച ഹർജികൾ പരിഗണിക്കവെ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നിന്നുണ്ടായത്. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ ഇതിൽനിന്ന് മോചനം ലഭിച്ചത് കെ.എസ്.ആർ.ടി.സിക്ക് ആശ്വാസമായിരിക്കുകയാണ്. ഡ്രൈവർമാരുടേയും കാൽനടക്കാരുടേയും ശ്രദ്ധതിരിക്കുംവിധം പരസ്യം പതിക്കില്ലെന്ന ഉറപ്പ് സ്വീകരിച്ച്, ബസിൽ പരസ്യം നിരോധിച്ച ഹൈക്കോടതി നടപടി സുപ്രീംകോടതി മരവിപ്പിച്ചത് സ്വാഗതാർഹമാണ്. ബസിന്റെ വശങ്ങളിലും പിൻഭാഗത്തും മാത്രമേ പരസ്യങ്ങൾ സ്വീകരിക്കാവൂ എന്നും ഉന്നതകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

പുതിയ കാലത്തിന്റെ വലിയ വരുമാന മാർഗമാണ് പരസ്യങ്ങളിൽ നിന്നുള്ള ആദായം. അത് ഒറ്റയടിക്ക് നിറുത്തലാക്കുന്നത് സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ദൂരവ്യാപകമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന തീരുമാനങ്ങൾ എടുക്കുംമുമ്പ് കോടതികളും ആലോചിക്കേണ്ടതാണ്. കൽക്കരി കേസിലും 2 ജി സ്പെക്ട്രം കേസിലും ഉന്നത കോടതിയിൽ നിന്നുണ്ടായ വിധികൾ രാജ്യത്തിന്റെ വളർച്ചയെത്തന്നെ പിന്നോട്ടടിക്കാൻ ഇടയാക്കിയതിനെക്കുറിച്ച് നിയമപണ്ഡിതർ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട് . ബസുകളിൽ പരസ്യം പുനഃസ്ഥാപിക്കാൻ അവസരം കൈവന്ന സാഹചര്യത്തിൽ പരസ്യങ്ങൾ പരിശോധിച്ച് അനുമതി നൽകുന്നതിന് എം.ഡി അദ്ധ്യക്ഷനായി സമിതി രൂപീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി വിശദീകരിച്ചിട്ടുണ്ട്. ബസുകളിൽ പതിക്കുന്ന പരസ്യം സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി പരിശോധിക്കുന്നതിന് റിട്ട. ഹൈക്കോടതി ജഡ്‌ജി അദ്ധ്യക്ഷനായി പ്രത്യേക സെൽ രൂപീകരിക്കാനുള്ള തീരുമാനവും ഉചിതമായി. പരസ്യങ്ങൾ വീണ്ടും സ്വീകരിക്കുന്നതിനൊപ്പം സർവീസിതര വരുമാനം കൂട്ടാൻ നൂതന മാർഗങ്ങളും കെ.എസ്.ആർ.ടി.സി അവലംബിക്കേണ്ടതാണ്. ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് ഫോൺ പേയിലൂടെ പണം സ്വീകരിക്കാനുള്ള തീരുമാനം കെ.എസ്.ആർ.ടി.സി കഴിഞ്ഞ ദിവസം കൈക്കൊണ്ടത് കാലത്തിനനുസരിച്ച് ആ സ്ഥാപനം മാറാൻ തുടങ്ങുന്നു എന്ന പ്രതീക്ഷ നൽകുന്നു. ബൈക്കുകളും കാറുകളും മറ്റും ഇത്രയും ഇല്ലാതിരുന്ന കാലത്ത് കെ.എസ്.ആർ.ടി.സി ഇവിടത്തെ ജനങ്ങൾക്ക് നൽകിയിട്ടുള്ള സേവനം ആർക്കും മറക്കാൻ കഴിയില്ല. നഷ്ടത്തിലാണെങ്കിലും പുതിയ കാലത്തിന്റെ രീതിക്കനുസരിച്ച് മാനേജ്‌മെന്റും ജീവനക്കാരും മാറിയാൽ ഇനിയും ആ സ്ഥാപനത്തിന് രക്ഷപ്പെടാൻ നിരവധി വഴികളുണ്ട്. ഒരു സ്ഥാപനത്തെ നിരന്തരം കുറ്റം പറഞ്ഞുകൊണ്ടിരുന്നാൽ അത് നശിക്കാൻ മറ്റൊന്നും വേണ്ട. അതിനാൽ ജനങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ കുറച്ചൊക്കെ ബോധവാന്മാരാകുന്നത് നല്ലതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC BUS ADVERTISING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.