SignIn
Kerala Kaumudi Online
Saturday, 27 April 2024 2.59 AM IST

കോടതി ഇടപെടലും സമരവും

photo

സമരത്തിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ എന്നത് സംഘടനകൾ ജീവനക്കാരിൽ അടിച്ചേൽപ്പിക്കുന്ന ഒരു തെറ്റായ വിശ്വാസമാണ്. പല പ്രശ്നങ്ങളും മാനേജുമെന്റുമായും മറ്റും രമ്യമായ ച‌ർച്ചകളിലൂടെ പരിഹരിക്കാനാവുന്നതാണ്. പക്ഷേ ഒരു സമരമെങ്കിലും നടത്താതെ പ്രശ്നങ്ങൾ തീർത്താൽ അതു ശരിയാവില്ലെന്ന ചിന്തയാണ് പലപ്പോഴും നേതാക്കന്മാർ പുലർത്തുന്നത്. നിസ്സാര കാര്യങ്ങൾക്ക് പോലും ചില്ലറ സമരങ്ങളല്ല ഇവിടെ നടന്നിട്ടുള്ളത്. ജീവനക്കാരുടെ പല ന്യായമായ അവകാശങ്ങളും വലിയ സമരങ്ങളിലൂടെ നേടിയെടുത്തു എന്നത് വിസ്മരിച്ചല്ല ഇതു പറയുന്നത്. കാലം മാറിയ സ്ഥിതിക്ക് ഏറ്റവും അവസാനത്തെ ആയുധമായി മാത്രമേ സമരത്തെ ആശ്രയിക്കാവൂ. അല്ലെങ്കിൽ അത് ജനത്തിന് വലിയ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കും. സമരങ്ങൾക്ക് മുൻകാലങ്ങളിലേതുപോലെ പിന്തുണ ഇപ്പോൾ ലഭിക്കുന്നില്ല. അനാവശ്യ സമരങ്ങൾ നടത്തുന്നവർക്ക് മുൻപിൽ ഇപ്പോൾ പഴയതുപോലെ സർക്കാരും ബോർഡുകളും മുട്ടുമടക്കാറുമില്ല. കുറച്ചുനാൾ മുൻപ് കെ.എസ്.ഇ.ബി യിൽ നടന്ന ഒാഫീസറന്മാരുടെ സംഘടനയുടെ സമരം, ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിലും ഒത്തുതീർപ്പാക്കേണ്ടത് സമരക്കാരുടെ ആവശ്യമായത് നാം കണ്ടു. യൂണിയൻ നേതാവായിക്കഴിഞ്ഞാൽ ആരെയും അവഹേളിക്കാമെന്ന ധാരണ മുൻപ് ചില നെഗറ്റീവ് രീതികളിലൂടെ ഉരുത്തിരിഞ്ഞതാണ്. അതൊക്കെ മാറ്റിവച്ചില്ലെങ്കിൽ യൂണിയന്റെ നിലനിൽപ്പ് ഇല്ലാതാകുമെന്ന അവസ്ഥയിലേക്കാണ് ആധുനിക കാലഘട്ടം നീങ്ങുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് കെ.എസ്.ആർ.ടി.സിയിലെ ഒരുവിഭാഗം ജീവനക്കാർ ഇന്നലെയും സമരം തുടർന്നത്. അഞ്ചാം തീയതിക്കകമെങ്കിലും ട്രാൻസ്പോർട്ട് ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കാനുള്ള ഇടപെടലാണ് ബഹമാനപ്പെട്ട ഹെെക്കോടതി നടത്തി വരുന്നത്. അതിനിടയിൽ സമരവുമായി മുന്നോട്ട് പോയി ഒാഫീസ് പ്രവർത്തനവും സർവീസുകളും തടസ്സപ്പെടുത്തുന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നു. ഇത് തുടർന്നാൽ കേസ് പരിഗണിക്കുന്നത് നിറുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. സമരം നിറുത്താൻ പറയില്ലെന്നും പ്രതിസന്ധി മറികടക്കാൻ സമരമാണ് കൂടുതൽ ഗുണകരമെന്ന് തോന്നുന്നെങ്കിൽ ജീവനക്കാർക്ക് സമരം തുടരാമെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. ശമ്പളം വെെകുന്നതിനെതിരെ ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ജീവനക്കാരുടെ ദുരിതം അറിയാവുന്നതുകൊണ്ടാണ് ഇടപെട്ടതെന്നും ചോരനീരാക്കി പണിയെടുക്കുന്ന ജീവനക്കാരോട് ബഹുമാനമേ ഉള്ളൂവെന്നും കോടതി പറഞ്ഞിരിക്കുന്നു.

സമരത്തിലൂടെയേ എല്ലാം നേടിയെടുക്കൂ എന്ന ജീവനക്കാരുടെ പിടിവാശി നന്നല്ല. ഇൗ കേസിന്റെ ഫലം വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാൻ ജീവനക്കാർ തയാറാകണം. ജീവനക്കാർ സഹകരിച്ചാൽ പ്രതിദിന വരുമാനം എട്ട് കോടി രൂപയാക്കാമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. പുറമെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേരാമെന്ന് സർക്കാരും അറിയിച്ചിട്ടുണ്ട്. കോടതി ഇടപെടുമ്പോൾ മാനേജ്മെന്റിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് അനുഭാവപൂർണമായ നിലപാടുകൾക്ക് സാദ്ധ്യതയുണ്ട്. ഇതിന്റെ പ്രയോജനം ലഭിക്കുക ജീവനക്കാർക്കാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC STRIKE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.