SignIn
Kerala Kaumudi Online
Tuesday, 23 September 2025 12.02 AM IST

നെല്ല് സംഭരണവും ലൈഫ് വീടും

Increase Font Size Decrease Font Size Print Page
f

അടുത്തടുത്ത ദിവസങ്ങളിലെ രണ്ട് ആത്മഹത്യകളുടെ ഞെട്ടലിലാണ് കേരളം. നെല്ലു സംഭരണവുമായി ബന്ധപ്പെട്ട പി.ആർ.എസ് (പാഡി റെസീപ്റ്റ് ഷീറ്റ്)​ വായ്പയുടെ പേരിൽ സിബിൽ സ്കോർ കുറഞ്ഞെന്ന ന്യായം പറഞ്ഞ് ബാങ്കുകൾ കാർഷിക വായ്പ നിഷേധിച്ചതിൽ മനംനൊന്ത് വിഷം കഴിച്ച തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ.ജി. പ്രസാദ് എന്ന നെൽകർഷകൻ മരണമടഞ്ഞത് വെള്ളിയാഴ്ച രാത്രിയിലാണ്. സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ പണി ഒരു വർഷം മുമ്പ് തുടങ്ങിയെങ്കിലും മേൽക്കൂര വാർക്കാനുള്ള പണം അനുവദിച്ചു കിട്ടാഞ്ഞതിന്റെ മനോവിഷമത്തിൽ പത്തനംതിട്ട ഓമല്ലൂർ പള്ളം ബിജു ഭവനിൽ ഗോപി ആത്മാഹുതി ചെയ്തത് ശനിയാഴ്ച പുലർച്ചെ. ഈ ആത്മഹത്യകൾക്ക് ഉത്തരവാദി ആരെന്ന കാര്യത്തിലെ പഴിചാരലും തർക്കങ്ങളുമാണ് ഇപ്പോൾ നടക്കുന്നത്.

സ്വയംഹത്യയിൽ ജീവിതം മതിയാക്കിയ ഈ രണ്ട് സാധാരണക്കാരുടെയും ആത്മഹത്യാ കുറിപ്പുകളിലുണ്ടായിരുന്ന ഒരു വാക്യത്തിലെ സമാനത യാദൃച്ഛികമായിരിക്കാമെങ്കിലും,​ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും കണ്ണുതുറപ്പിക്കേണ്ടതാണ് ആ വാക്കുകൾ. ജീവിതത്തിൽ പരാജയപ്പെട്ടുപോയതുകൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്നായിരുന്നു പ്രസാദും ഗോപിയും ബാക്കിവച്ച കുറിപ്പ്. ഈ രണ്ടു സാധാരണക്കാരെ തോൽപ്പിച്ചുകളഞ്ഞത് ആരാണ്?​ വർഷങ്ങൾക്കു മുമ്പ് പ്രസാദ് ഒരു ദേശസാത്കൃത ബാങ്കിൽ നിന്ന് കാർഷിക വായ്പയെടുത്ത് കുടിശിക വരുത്തിയിരുന്നു. പിന്നീട് ബാങ്കിന്റെ ഒറ്രത്തവണ തീർപ്പാക്കൽ പദ്ധതിയനുസരിച്ച് പലിശ ഒഴികെയുള്ള തുക അടച്ച് തുടർനടപടികൾ ഒഴിവാക്കി.

നെൽകർഷകനായിരുന്ന പ്രസാദിന് പിന്നെയുള്ളത് സർക്കാരിന് നെല്ലു നൽകിയതിനു ലഭിക്കാനുള്ള തുകയ്ക്ക് സർക്കാർ ഗ്യാരന്റി നൽകിയ പി.ആർ.എസ് ലോൺ ആണ്. ഈ വായ്പയുടെ തുകയും പലിശയും അടയ്ക്കേണ്ടത് നെല്ലു സംഭരണത്തിന്റെ നോഡൽ ഏജൻസിയായ സപ്ളൈകോ ആണ്. സപ്ളൈകോ ഈ തുക യഥാസമയം അടയ്ക്കാതാകുമ്പോൾ കർഷകന്റെ സിബിൽ സ്കോർ ആണ് കുറയുക. സ്വാഭാവികമായും,​ പിന്നീട് ഒരു ബാങ്കും ഒരുതരത്തിലുള്ള വായ്പയും പിന്നീട് നൽകാതാകും. പ്രസാദിന് കെണിയൊരുക്കിയതും ഈ സിബിൽ സ്കോർ ആണ്. സർക്കാർ, സർക്കാരിന്റെ ന്യായവും ബാങ്കുകൾ അവരുടെ ന്യായവും ആവർത്തിക്കുമ്പോൾ ഈ ചോദ്യമാണ് ബാക്കി: എന്താണ് ഈ പ്രശ്നത്തിന് പരിഹാരം?​

പത്തനംതിട്ടയിൽ ആത്മാഹുതി ചെയ്ത ലോട്ടറി വിൽപ്പനക്കാരൻ ഗോപിക്ക് ലൈഫ് പദ്ധതിയിലെ വീടിന് പലപ്പോഴായി ഇതുവരെ ലഭിച്ചത് രണ്ടുലക്ഷം രൂപയാണ്. രണ്ടുലക്ഷം കൂടി കിട്ടാനുണ്ട്. ഹൃദയസംബന്ധമായ അസുഖമുള്ള ഭാര്യ ലീലയുടെ ഒരു കാൽ,​ പ്രമേഹമൂർച്ഛയെത്തുടർന്ന് മുറിച്ചുമാറ്റിയിരുന്നു. വൃക്കരോഗിയാണ് ഗോപി. വാടകയ്ക്കു താമസിക്കുന്ന മകളുടെ സംരക്ഷണയിലാണ് ലീല. ഗോപിയുടെ കിടപ്പ് ചോർന്നൊലിക്കുന്ന താത്കാലിക ഷെഡിൽ. വീടിന്റെ മേൽക്കൂര വാർത്ത് ഇക്കഴിഞ്ഞ ഓണത്തിനു മുമ്പ് ഭാര്യയുമൊത്ത് അവിടെ താമസം തുടങ്ങാനാവുമെന്നായിരുന്നു ഗോപിയുടെ സ്വപ്നം. പഞ്ചായത്ത് ഓഫീസിൽ എത്രയോ തവണ കയറിയിറങ്ങി. ഫണ്ട് എത്തിയിട്ടില്ലെന്ന് ഒരേ മറുപടി! ജീവിതത്തിൽ പരാജയപ്പെട്ടുവെന്ന ആ സാധുമനുഷ്യന്റെ തോന്നൽ വെറുതെയാണോ?​

അർഹമായ പണം അന്വേഷിച്ചെത്തുന്നവരോട് തനതു ഫണ്ടിൽ പൈസയില്ലെന്നും,​ കേന്ദ്ര വിഹിതം വന്നിട്ടില്ലെന്നും,​ സംസ്ഥാന സർക്കാരിന്റെ വിഹിതം എത്തിയിട്ടില്ലെന്നുമൊക്കെ തദ്ദേശസ്ഥാപനങ്ങൾ പറയുന്നുണ്ട്. എങ്ങനെ പറഞ്ഞാലും അർത്ഥം ഒന്നുതന്നെ: പണമില്ല! ലൈഫ് പദ്ധതിയെ തകർക്കാനാണ് ചിലരുടെ ശ്രമമെന്നും,​ പദ്ധതിയിൽ ഇനിയും വീടുകൾ നിർമ്മിച്ചുനൽകുമെന്നും കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നല്ലത്. അത് ഫലപ്രദവും അർത്ഥപൂർണവുമാകുന്നത് ഗുണഭോക്താവിന് അതു പ്രയോജനകരമാകുമ്പോഴാണ്. രണ്ടുലക്ഷം രൂപകൊണ്ട് ചുവരുകൾ കെട്ടിയുയർത്തിയ വീടിന് മേൽക്കൂരയില്ലെങ്കിൽ എന്തു പ്രയോജനം?​ പലമട്ട്,​ പലവട്ടം ശ്രമിച്ചിട്ടും ഉദ്യോഗസ്ഥർ കൈമലർത്തുമ്പോഴാണ് തങ്ങൾ തോൽപ്പിക്കപ്പെട്ടുവെന്ന് ഗുണഭോക്താക്കൾക്കു തോന്നുന്നത്.

നെല്ലു സംഭരണത്തിന്റെ വില വിതരണത്തിൽ നിലവിലുള്ള കാലതാമസം ആയാലും,​ ലൈഫ് പദ്ധതിയിലെ വീടുപണിക്ക് പണം അനുവദിക്കുന്നതിലെ അവ്യവസ്ഥയായാലും ഉത്തരവാദികൾ തങ്ങളല്ലെന്ന കൈമലർത്തലല്ല,​ സർക്കാരിൽ നിന്ന് സാധാരണജനം പ്രതീക്ഷിക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം വേണം. പിഴവുകൾ പഠിച്ച്,​ പഴുതുകൾ അടച്ച് ഗുണഭോക്താവിന് പദ്ധതിയുടെ പൂർണ പ്രയോജനം ലഭ്യമാക്കാനുള്ള ആർജ്ജവം വേണം. സർക്കാർ ഒപ്പമുണ്ടെന്നും,​ പരാജയപ്പെട്ടുപോകില്ലെന്നുമുള്ള വിശ്വാസം സാധാരണക്കാരുടെ മനസിൽ ജനിക്കണം. പരാജിതരുടെ ആത്മഹത്യകൾ ആവർത്തിക്കാതിരിക്കണമെങ്കിൽ അവർക്ക് ആത്മധൈര്യമുണ്ടാകണം. അതിന് എന്താണോ ചെയ്യാനാവുക,​ അത് എത്രയും വേഗം ചെയ്യണം.

TAGS: 108, 124 A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.