SignIn
Kerala Kaumudi Online
Thursday, 19 February 2026 6.57 AM IST

മലയാളത്തോടുള്ള അയിത്തം മാറണം

Increase Font Size Decrease Font Size Print Page

photo

കേരള സംസ്ഥാനം നിലവിൽവന്നിട്ട് അറുപത്തിയേഴു വർഷമായെങ്കിലും ഭരണഭാഷ ഇനിയും പൂർണമായും മലയാളത്തിലായിട്ടില്ലെന്നത് നമ്മുടെ പരാധീനത തന്നെയാണ്. അതുകൊണ്ടാണല്ലോ സർക്കാർ ഉത്തരവുകളും കത്തിടപാടുകളുമെല്ലാം മലയാളത്തിൽ തന്നെയാകണമെന്നു കാണിച്ച് പുതിയ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് സർക്കുലർ ഇറക്കേണ്ടിവന്നത്. സർക്കുലറിലെ നിർദ്ദേശം എത്രകണ്ടു പാലിക്കപ്പെടുന്നുണ്ടെന്ന് കാത്തിരുന്നു കാണണം. കാരണം ചീഫ് സെക്രട്ടറിയുടെ ഇപ്പോഴത്തെ സർക്കുലറിന്റെ ഉള്ളടക്കം പുതിയതൊന്നുമല്ല. ആറുവർഷം മുൻപേ പൊതുഭരണവകുപ്പ് ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയിരുന്നതാണ്. സർക്കാരിന്റെ എല്ലാ വകുപ്പുകളും നിർബന്ധമായും ഈ നിർദ്ദേശം പാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉദ്ദേശിച്ചഫലം ഉണ്ടാകാത്തതു കൊണ്ടാകാം പുതിയ ചീഫ് സെക്രട്ടറിക്ക് ഉത്തരവ് പുതുക്കി ഇറക്കേണ്ടിവന്നത്. സർക്കാരിന്റെ കത്തിടപാടുകളും ഉത്തരവുകളും മലയാളത്തിൽ വേണമെന്ന നിഷ്‌കർഷ പാലിക്കാൻ മടിയുള്ള ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമുണ്ട്.

ഭരണഭാഷ പൂർണമായും മലയാളത്തിലായിരിക്കണം എന്നതാണ് സർക്കാർ നിലപാട്. എന്നാൽ അതു പാലിക്കാൻ പല വകുപ്പുകൾക്കും മടിയാണ്. ഇംഗ്ളീഷിനോടുള്ള അതിരുകവിഞ്ഞ ഭ്രമം മാത്രമല്ല മലയാളത്തിൽ നന്നായി എഴുതാനറിയില്ല എന്നതും പ്രധാന കാരണമാണ്. തെറ്റുകൂടാതെ പത്തു വാചകം മലയാളത്തിൽ എഴുതുക എന്നത് പല ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇംഗ്ളീഷിലാകുമ്പോൾ പഴയ കത്തിടപാടുകളുടെ മാതൃക ഫയലുകളിൽ കാണും. സംഗതി എളുപ്പമാണ്. നിർബന്ധമായും ഇംഗ്ളീഷ് ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യങ്ങളിലൊഴികെ മലയാളം മാത്രം ഉപയോഗിക്കണമെന്നാണ് പുതിയ ചീഫ് സെക്രട്ടറിയുടെ കർശന നിർദ്ദേശം. ഇതിനെ മാതൃഭാഷാ ഭ്രാന്തെന്നു വിശേഷിപ്പിക്കാൻ ഉദ്യോഗസ്ഥർക്കിടയിൽത്തന്നെ ആളുകളുണ്ടാവും. ആറര പതിറ്റാണ്ടിനുശേഷവും ആശയവിനിമയം ഇംഗ്ളീഷിൽത്തന്നെ വേണമെന്നു ശഠിക്കുന്നവരുമുണ്ടാകാം. സർക്കാർ ഉത്തരവുകളും അറിയിപ്പുകളും മലയാളികൾക്കെല്ലാം ഒരുപോലെ മനസിലാവുന്ന ഭാഷയിൽ ഇറക്കുക എന്നത് സർക്കാരിന്റെ ചുമതല തന്നെയാണ്. അയൽ സംസ്ഥാനങ്ങളിലെല്ലാം അങ്ങനെയാണ്. സർക്കാർ കാര്യങ്ങൾ മാത്രമല്ല ബസുകളുടേയും സ്ഥാപനങ്ങളുടേയും ബോർഡുകൾപോലും മാതൃഭാഷയിലേ ആകാവൂ എന്ന് അവർക്ക് നിർബന്ധമാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് പലവിധ കാര്യങ്ങൾക്കായി അവിടങ്ങളിലെത്തുന്നവർക്ക് ഇത് വളരെയധികം പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും യാതൊരു വിട്ടുവീഴ്ചയ്ക്കും അവർ ഒരുക്കമല്ല.

ധനകാര്യം, നിയമം തുടങ്ങിയ സുപ്രധാന വകുപ്പുകളുടേതുൾപ്പെടെ എല്ലാ ഉത്തരവുകളും മലയാളത്തിലായാൽ ഒരു കുഴപ്പവും വരാനില്ല. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരം ഉത്തരവുകൾ സാധാരണക്കാർക്കും വായിച്ചു മനസിലാക്കാൻ സാധിക്കണമെന്നതാണ്. സർക്കാർ ഉത്തരവുകളിൽ സാധാരണ കാണുന്ന ദുർഗ്രാഹ്യത മലയാള ഉത്തരവുകളിൽ കടന്നുകൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉത്തരവുകളും കത്തുകളും അറിയിപ്പുകളും നിയമങ്ങളും മലയാളത്തിൽ തയ്യാറാക്കേണ്ടത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് തുടക്കത്തിൽ പരിശീലനം നല്‌കുന്ന കാര്യവും ആലോചിക്കാവുന്നതാണ്.

മാതൃഭാഷ ഭരണത്തിന്റെ എല്ലാതലങ്ങളിലും ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ജനങ്ങൾ ഭരണകൂടവുമായി കൂടുതൽ അടുത്തു ബന്ധപ്പെടുമെന്ന മെച്ചം കൂടിയുണ്ട്. താലൂക്ക് ഓഫീസിൽനിന്നോ ഭരണസിരാകേന്ദ്രത്തിൽ നിന്നോ കോടതിയിൽനിന്നോ ലഭിക്കുന്ന കത്തുമായി ഇംഗ്ളീഷ് അറിയാവുന്ന ആളെത്തേടി ഓടേണ്ട പഴയ ഗതികേട് ഏറെക്കുറെ ഇന്നില്ലെങ്കിലും അവ മലയാളത്തിലായെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമാകും. പുതിയ സർക്കുലറുകൾക്കു കാത്തുനില്‌ക്കാതെ ഭരണരംഗത്ത് മലയാളം സാർവത്രികമാക്കാൻ ഇപ്പോഴെങ്കിലും ശ്രമം തുടങ്ങണം.

TAGS: MALAYALAM OFFICIAL LANGUAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY