SignIn
Kerala Kaumudi Online
Thursday, 19 September 2024 4.05 PM IST

മോർബിയിലേത് മനുഷ്യനിർമ്മിത ദുരന്തം

Increase Font Size Decrease Font Size Print Page

photo

ഗുജറാത്തിലെ മോർബി ജില്ലയിൽ തൂക്കുപാലം തകർന്ന് 144 പേർ മരിച്ച അതിദാരുണ സംഭവം മനുഷ്യനിർമ്മിത ദുരന്തങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ്. നൂറ്റിനാല്പതു വർഷം പഴക്കമുള്ള ബ്രിട്ടീഷ് നിർമ്മിത പാലം ആറു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കി തുറന്നുകൊടുത്ത് അഞ്ചാം ദിവസമാണ് ജനക്കൂട്ടത്തിന്റെ ഭാരം താങ്ങാനാവാതെ തകർന്നു നദിയിൽ പതിച്ചത്. ദുരന്തസമയത്ത് അഞ്ഞൂറോളം പേർ പാലത്തിലുണ്ടായിരുന്നു എന്നാണു കണക്ക്. പഴക്കമുള്ള ഈ പാലത്തിന് ഇത്രയും ആൾക്കാരെ വഹിക്കാൻ ശേഷിയുണ്ടോ എന്ന് ചുമതലപ്പെട്ടവർ വിലയിരുത്തിക്കാണില്ല. അതുകൊണ്ടാണല്ലോ പാലത്തിലേക്ക് ആളുകളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാനുള്ള മുൻകരുതലുകൾ എടുക്കാതിരുന്നത്. പൈതൃക പദവിയോടെ പാലം നിലനിറുത്തണമെന്ന ആഗ്രഹം സ്വാഭാവികമാണ്. അതോടൊപ്പംതന്നെ അത് എത്രത്തോളം സുരക്ഷിതമാണെന്നു വിലയിരുത്താനുള്ള ഉത്തരവാദിത്വവും അധികൃതർക്കുണ്ട്. അറ്റുകുറ്റപ്പണി കഴിഞ്ഞ് അഞ്ചാംദിനം പാലം തകർന്നെങ്കിൽ തീർച്ചയായും അധികൃതരുടെ കണക്കുകൂട്ടൽ പിഴച്ചെന്നു തന്നെയാണ് വിലയിരുത്തേണ്ടത്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ദ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ മാപ്പർഹിക്കാത്ത വീഴ്ചകളാണ് ദുരന്തത്തിലേക്കു നയിച്ചതെന്നു മനസിലാക്കാൻ വിശേഷബുദ്ധിയൊന്നും വേണ്ട. അതുകൊണ്ട് പുതുക്കിപ്പണിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥസംഘത്തിലെ ഉന്നതരെ ഒന്നടങ്കം സർവീസിൽനിന്നു പുറത്താക്കുകയാണു ആദ്യം വേണ്ടത്. സ്‌‌ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികളായ നൂറോളം പേരെ മരണക്കയത്തിലേക്കു തള്ളിവിട്ട ഇവർ നിയമത്തിന്റെ ഒരുവിധ ഇളവിനും അർഹരല്ല. അറിഞ്ഞുകൊണ്ട് ആരും ദുരന്തത്തിനു കൂട്ടുനിൽക്കില്ലെന്നു വാദിച്ചേക്കാം. എന്നാൽ കൃത്യനിർവഹണത്തിൽ കാണിക്കുന്ന വീഴ്ചയുടെ ഫലമായുണ്ടാകുന്ന വലിയ ആൾനാശം അതീവ ഗൗരവമായി കാണണം. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാരോടു സർക്കാരും രാഷ്ട്രീയ കക്ഷികളും കാണിക്കുന്ന മൃദുസമീപനമാണ് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം.

തൂക്കുപാലം തകർന്ന് നദിയിൽവീണ് മരണമടഞ്ഞ ഹതഭാഗ്യർക്ക് സംസ്ഥാനം നാലുലക്ഷം രൂപയും കേന്ദ്രം രണ്ടുലക്ഷം രൂപയും വീതമാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തങ്ങളിൽ പൊലിയുന്ന മനുഷ്യജീവനുകൾക്ക് രാജ്യത്തെവിടെയും ഇത്രയൊക്കെയേ ഉള്ളൂ വില. ജനങ്ങളുടെ വീഴ്ച കൊണ്ടല്ല സർക്കാരിന്റെ ഭാഗത്തുണ്ടായ കടുത്ത കൃത്യവിലോപവും വീഴ്ചകളും കാരണമാണ് മോർബിയിൽ തൂക്കുപാലം തകർന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ പ്രഖ്യാപിച്ചതിന്റെ അനേക മടങ്ങ് നഷ്ടപരിഹാരം നൽകാൻ ഗുജറാത്ത് സർക്കാരിന് ബാദ്ധ്യതയുണ്ട്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ നിയമത്തിന്റെ വഴി തേടാൻ ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങൾ മുന്നോട്ടുവരണം.

പൗരാണിക നിർമ്മിതികൾ, പ്രത്യേകിച്ചും തൂക്കുപാലം പോലുള്ളവ നിലനിറുത്തുമ്പോൾ അവയുടെ സുരക്ഷിതത്വം പൂർണമായി ഉറപ്പാക്കാനുള്ള ചുമതല സർക്കാരുകൾക്കുണ്ട്. ഒന്നര നൂറ്റാണ്ടോളം പ്രായമായ മോർബിയിലെ തൂക്കുപാലം നിലനിറുത്താനുള്ള തീരുമാനത്തിനൊപ്പം സമീപത്ത് മറ്റൊരു പാലം കൂടി നിർമ്മിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ ദുരന്തം ഒഴിവാക്കാമായിരുന്നു.

ബ്രിട്ടീഷ് കാലത്തെ അവശിഷ്ടങ്ങൾ ഒന്നൊന്നായി തുടച്ചുനീക്കാനുള്ള വിപുല പദ്ധതി നടപ്പാക്കുന്നവർക്ക് ഈ തൂക്കുപാലത്തിന്റെ കാര്യത്തിൽ സവിശേഷ കൗതുകം ജനിച്ചതും അത്ഭുതമാണ്. നീണ്ട ആറുവർഷം ജനങ്ങൾക്കു കയറാനാകാതെ അടച്ചിട്ടിരുന്ന പാലം ഇപ്പോൾ ധൃതിപിടിച്ചു തുറന്നതിനു പിന്നിലും കാണും ദുഷ്‌ടമായ ചില രാഷ്ട്രീയലാക്ക്. ബ്രിട്ടീഷുകാർ നിർമ്മിച്ചതുകൊണ്ടാവാം തൂക്കുപാലം കാലത്തെ അതിജീവിച്ച് ഇത്രയും കാലം നിലനിന്നത്. നിർമ്മാണം നടന്ന് ഏതാനും വർഷം കഴിയുമ്പോൾ തകരുന്ന പാലങ്ങളാണല്ലോ ഇപ്പോഴത്തെ സവിശേഷത. കാസർകോട് നിർമ്മാണത്തിലിരുന്ന അടിപ്പാത നിലം പൊത്തിയത് രണ്ടുദിവസം മുൻപാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MORBI BRIDGE COLLAPSE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.