SignIn
Kerala Kaumudi Online
Wednesday, 01 May 2024 5.21 AM IST

മ്യൂസിയം സംഭവം നല്ല നിമിത്തമായെടുക്കാം

photo

തിരുവനന്തപുരത്ത് മ്യൂസിയം വളപ്പിൽ പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടറെ ഉപദ്രവിക്കാൻ ശ്രമിച്ച അജ്ഞാതനെ പിടികൂടാൻ പൊലീസിന് ഏഴുദിവസം വേണ്ടിവന്നു. ധാരാളം തെളിവുകൾ മുന്നിലുണ്ടായിട്ടും പ്രതിയിലേക്ക് എത്താൻ എന്തുകൊണ്ടോ പൊലീസിനു കഴിഞ്ഞില്ല. രാജ്യത്തെ മികച്ച പൊലീസ് എന്ന ഖ്യാതി ഇങ്ങനെ ചില സന്ദർഭങ്ങളിൽ കൈമോശം വരികയാണ്. ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉപയോഗിക്കുന്ന സർക്കാർ കാറിന്റെ ഡ്രൈവറാണ് ലൈംഗികാതിക്രമ കേസിലുൾപ്പെട്ട് പൊലീസ് പിടിയിലായിരിക്കുന്ന വ്യക്തി. കുറവൻകോണത്തെ ഒരു വീട്ടിൽ അതിക്രമിച്ചുകടന്ന സംഭവത്തിലും ഇയാളണത്രേ പ്രതി.

പ്രതി പിടിയിലായ സ്ഥിതിക്ക് നിയമം അതിന്റെ വഴിക്കു നീങ്ങിക്കൊള്ളും. പ്രസക്തമായ പ്രധാന വിഷയം അതല്ല. സർക്കാർ വാഹനങ്ങൾ എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിലേക്ക് ഒരിക്കൽക്കൂടി വെളിച്ചം വീശുന്നതാണ് മ്യൂസിയത്തെ സംഭവം. സ്വന്തം വാഹനം പോലെ ഉപയോഗിച്ചിരുന്ന കാറിലെത്തിയാണ് ഡ്രൈവർ ഇക്കണ്ട വിക്രിയകളെല്ലാം നടത്തിയതത്രേ. കേരള സ്റ്റേറ്റ് എന്ന ബോർഡ് മറച്ചുവച്ചാലും സർക്കാർ വാഹനം സർക്കാർ വാഹനം അല്ലാതാവില്ലല്ലോ. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഉപയോഗിക്കാൻ അലോട്ട് ചെയ്ത വാഹനം ഡ്രൈവർ തോന്നുംപടി ഉപയോഗിച്ചെങ്കിൽ മുകളിൽ നിന്നുള്ള മൗനാനുവാദം തീർച്ചയായും ഉണ്ടാകും. അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ ആവശ്യം കഴിഞ്ഞാൽ അന്നത്തെ യാത്രാവിവരങ്ങൾ ബുക്കിൽ രേഖപ്പെടുത്തി കാർ സെക്രട്ടേറിയറ്റിൽ കൊണ്ടുവന്നിടണമെന്നാണു ചട്ടം. എന്നാൽ പലരും ഇതൊന്നും പാലിക്കാറില്ല. ഔദ്യോഗിക വാഹനങ്ങൾ ഔദ്യോഗിക കാര്യങ്ങൾക്കായി മാത്രം ഉപയോഗിക്കണമെന്നാണ് നിബന്ധന. എന്നാൽ ഇതിന്റെ ലംഘനം എത്ര വലുതാണെന്നറിയാൻ പൊതുനിരത്തിൽ അല്പനേരം നിന്നാൽ മതി. തലങ്ങും വിലങ്ങും ചീറിപ്പായുന്ന സ്റ്റേറ്റ് വാഹനങ്ങളിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥർ വല്ലപ്പോഴുമേ കാണുകയുള്ളൂ. അവരുടെ കുടുംബാംഗങ്ങൾ മാത്രമല്ല വളർത്തുമൃഗങ്ങൾക്കുവരെ യഥേഷ്ടം സഞ്ചരിക്കാനുള്ളതാണ് ഇത്തരം വാഹനങ്ങൾ.

സർക്കാർ വാഹനങ്ങളുടെ വരവും പോക്കും രേഖപ്പെടുത്താൻ ലോഗ് ബുക്ക് സൂക്ഷിക്കാറുണ്ട്. ഓരോ യാത്രയുടെയും വിവരങ്ങൾ കൃത്യമായി സമയം വച്ച് അതിൽ രേഖപ്പെടുത്തണമെന്നാണു നിബന്ധന. തീരെ അശാസ്ത്രീയമായ ഒരു ഏർപ്പാടാണിത്. കാരണം വാഹനം എവിടേക്കാണ് കൊണ്ടുപോകുന്നതെന്നറിയാൻ ലോഗ് ബുക്കിലെ വിവരങ്ങൾ അപര്യാപ്തമാണ്. രേഖപ്പെടുത്തുന്ന ദൂരംവച്ചു നോക്കുമ്പോൾ യാത്ര എങ്ങോട്ടുമാകാം. പോയ സ്ഥലം അനായാസം മറച്ചുപിടിക്കാനും കഴിയും. പഴയ ലോഗ് ബുക്ക് സമ്പ്രദായം മാറ്റി ആധുനിക ജി.പി.എസ് സംവിധാനം സർക്കാർ വാഹനങ്ങളിലെല്ലാം ഘടിപ്പിക്കണമെന്ന് സർക്കുലർ ഇറങ്ങിയിട്ട് പത്തുവർഷമെങ്കിലുമായിട്ടുണ്ടാകും. എന്നാൽ ഇപ്പോഴും പഥ്യം കാലഹരണപ്പെട്ട ലോഗ് ബുക്ക് രീതി തന്നെയാണ്. സൗകര്യങ്ങൾ പലതാണ്. യാത്രാവഴികളും ലക്ഷ്യസ്ഥാനവും മറച്ചുവയ്ക്കാൻ ജി.പി.എസ് ഉണ്ടെങ്കിൽ സാദ്ധ്യമല്ല. എവിടെയെല്ലാം പോയെന്ന് കൃത്യമായി രേഖപ്പെടുത്തപ്പെടും. ഉദ്യോഗസ്ഥർക്കും നേതാക്കൾക്കുമെല്ലാം അലോസരം സൃഷ്ടിക്കുന്ന കാര്യമാണത്.

മ്യൂസിയത്ത് വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവം ഒരിക്കൽകൂടി സർക്കാർ വാഹനങ്ങളുടെ ദുരുപയോഗത്തിലേക്കും അവയിൽ അവശ്യം ഉണ്ടായിരിക്കേണ്ട ജി.പി.എസ് സൗകര്യത്തിലേക്കും വിരൽചൂണ്ടുന്നു. പല നല്ല കാര്യങ്ങൾക്കും നിമിത്തമാകാറുള്ളത് ഇതുപോലുള്ള ചില കുറ്റകൃത്യങ്ങളാണ്. കാട്ടാക്കടയിൽ ട്രാൻസ്പോർട്ട് ഡിപ്പോയിൽ കൺസെഷൻ ടിക്കറ്റെടുക്കാനെത്തിയ അച്ഛനെയും മകളെയും ജീവനക്കാർ മർദ്ദിച്ച സംഭവമാണ് കൺസെഷൻ വിതരണം ഓൺലൈനാക്കുന്ന നല്ല തീരുമാനത്തിനു നിമിത്തമായത്. മ്യൂസിയം സംഭവം സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാനുള്ള ശക്തമായ തീരുമാനമെടുക്കാൻ സർക്കാരിനു പ്രേരകമാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUSEUM ASSAULT CASE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.