SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.51 PM IST

ലഹരി മാഫിയയെ തുരത്തണം

Increase Font Size Decrease Font Size Print Page

photo

സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കാനിരിക്കെ രക്ഷിതാക്കൾ ഏറ്റവും ആശങ്കയോടെ നോക്കിക്കാണുന്നത് പല കലാലയങ്ങളുടെയും പരിസരത്ത് സജീവമായി പ്രവർത്തിക്കുന്ന ലഹരി മാഫിയയെയാണ്. സംസ്ഥാനത്തെ 1140 സ്കൂളുകളിൽ ലഹരിയിടപാട് നടക്കുന്നുവെന്നാണ് സർക്കാരിന്റെ തന്നെ എക്സൈസ് ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇത് 250 ആയിരുന്നുവെന്ന് ഓർക്കണം. ഉത്കണ്ഠ സൃഷ്ടിക്കുന്ന സാഹചര്യമാണിത്. നമ്മുടെ നാടിനെ ശോഭനമാക്കേണ്ട നവതലമുറയിൽപ്പെട്ടവർ വിടരും മുമ്പെ കൊഴിയാനിടയാക്കുന്ന ഈ മാരക വിപത്തിനെ ശാശ്വതമായി തടയേണ്ടിയിരിക്കുന്നു.

ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ എം.ഡി.എം.എ പോലുള്ള സിന്തറ്റിക് ലഹരി മരുന്നുകളുടെയടക്കം സജീവ വിപണിയായി മാറിയിരിക്കുന്നു കേരളം. ഈ നഗ്നയാഥാർത്ഥ്യം അധികൃതർ സമ്മതിക്കുന്നുണ്ടെങ്കിലും അതിനെ അടിച്ചമർത്താനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നില്ല. കൊച്ചുകുട്ടികളെയടക്കം ലഹരിക്കെണിയിൽ പെടുത്താൻ ആസൂത്രിതസംഘങ്ങൾ സ്കൂൾ പരിസരങ്ങളിലുണ്ട്. നമ്മുടെ പൊലീസ് സേന ആത്മാർത്ഥമായി വിചാരിച്ചാൽ ഈ മാഫിയാ സംഘത്തെ കീഴടക്കാൻ പ്രയാസമുണ്ടാകുമെന്നു തോന്നുന്നില്ല. ഒരു തലമുറയെ നശിപ്പിച്ച് ധനസമ്പാദനം നടത്തുന്ന ഈ മാഫിയകൾക്ക് ഒത്താശനൽകി പണം പറ്റുന്നവരിൽ നിർഭാഗ്യവശാൽ പൊലീസ് സേനയിൽപ്പെട്ട ചിലരുമുണ്ട്. ഈ കണ്ണി ഉടൻ മുറിച്ചുമാറ്റണം.

നാടിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്ത് മയക്കുമരുന്ന് വ്യാപനം തന്നെയാണ്. ഇവിടെ നടക്കുന്ന ക്രൂരവും നിന്ദ്യവുമായ കൊലപാതകക്കേസുകളിലെയും അക്രമങ്ങളിലെയും പ്രതികളിൽ ഭൂരിഭാഗം പേരും മയക്കുമരുന്നിന്റെ പിടിയിലകപ്പെട്ടവരാണ്. ഒരു പൊലീസ് സൂപ്രണ്ടിന്റെ രണ്ട് ആൺകുട്ടികളും മയക്കുമരുന്നിന് അടിമകളായി ആ കുടുംബം തകർന്നെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ തുറന്നു പറഞ്ഞത് കേരളം ഞെട്ടലോടെയാണ് കേട്ടത്. റാങ്ക് വ്യത്യാസമില്ലാതെ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾ മയക്കുമരുന്നിന് ഇരകളാകുന്നുവെന്നും തിരുവനന്തപുരത്ത് പൊലീസ് ക്വാർട്ടേഴ്സിനകത്ത് സഹപ്രവർത്തകന്റെ കുട്ടി അങ്ങനെ ആത്മഹത്യചെയ്തെന്നും കമ്മിഷണർ പറഞ്ഞു. മയക്കുമരുന്നു മാഫിയയെ ഉന്മൂലനം ചെയ്യേണ്ടവർ തന്നെ തങ്ങളുടെ നിസഹായത വിശദീകരിക്കുമ്പോൾ സാധാരണ ജനം ഭയപ്പെടാതെ എന്തുചെയ്യും.

മികച്ച അവസരം ലഭിച്ചിട്ടും മകനെ സിനിമയിൽ അഭിനയിക്കാൻ തന്റെ ഭാര്യ വിട്ടില്ലെന്നും മയക്കുമരുന്നിന്റെ മായാവലയത്തിൽ പെട്ടുപോകുമെന്ന പേടികൊണ്ടാണ് അവർ അങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്നും പ്രമുഖ നടൻ ടിനി ടോം ഈയിടെ ഒരു പ്രസംഗത്തിൽ പറഞ്ഞിരുന്നു. യുവതലമുറ നടന്മാരിൽ ചിലരെങ്കിലും ലഹരിയുടെ സമ്മർദ്ദത്തിലകപ്പെട്ട് ചലച്ചിത്രവ്യവസായത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നതായി നിർമ്മാതാക്കളുടെ സംഘടനയും വ്യക്തമാക്കിയിരുന്നു. ഏത് മേഖലയിലും മയക്കുമരുന്നിന്റെ ഭീകരത പ്രകടമാണ്.

കൊച്ചിയിൽ അടുത്തിടെ ദേശീയ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നേവിയും ചേർന്ന് 25000 കോടിരൂപയുടെ മയക്കുമരുന്നുവേട്ടയാണ് നടത്തിയത്. അധികൃതരുടെ പിടിയിലാകുമെന്നു കണ്ടപ്പോൾ ആ കപ്പൽതന്നെ മുക്കിക്കളഞ്ഞതായിട്ടാണ് റിപ്പോർട്ട്. രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന വൻ വ്യവസായമാണ് മയക്കുമരുന്ന് കച്ചവടം. ഭീകരവാദികൾ മറയാക്കുന്നതും മയക്കുമരുന്നു വിപണിയെയാണ്.

സാക്ഷരതയിലടക്കം മുന്നിൽനിൽക്കുന്ന നമ്മുടെ നാട് മയക്കുമരുന്നിന് കീഴടങ്ങാൻ അനുവദിക്കരുത്. ഈ ലോബിയെ തുരത്താൻ മുഖ്യമന്ത്രിതന്നെ മുൻകൈയെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പൊലീസ് -എക്സൈസ് സേനകളെ സജ്ജമാക്കണം. സ്കൂളിലായാലും കോളേജിലായാലും മയക്കുമരുന്ന് ലോബി അനായാസേന കയറിയിറങ്ങുമ്പോൾ ലജ്ജിച്ചു തലതാഴ്ത്തേണ്ടത് ഇവിടുത്തെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾകൂടിയാണ് .

TAGS: NARCOTIC MAFIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY