തിരുവനന്തപുരം നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ചില റോഡുകൾ അത്യാധുനിക നിലവാരത്തിലേക്ക് ഉയർത്തി സ്‌മാർട്ട് റോഡ് നിർമ്മാണം പൂർത്തിയാക്കിയത് 200 കോടിയോളം രൂപ ചെലവിട്ടാണ്. തിരുവനന്തപുരം നഗരസഭയുടെ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി, സ്‌മാർട്ട് സിറ്റിയും കേരള റോഡ് ഫണ്ടും ചേർന്നാണ് നിർമ്മാണം ഏറ്റെടുത്ത് നടത്തിയത്. ഇത്തരം റോഡുകളിൽ വൈദ്യുതി ലൈനുകളെല്ലാം റോഡിന്റെ അടിയിലൂടെയാണ്. മഴവെള്ളം ഒഴുകിപ്പോകാൻ പ്രത്യേക ഡ്രെയിനേജ് സംവിധാനവും വാഹന യാത്രക്കാർക്കായി ആന്റി ഗ്ളെയർ മീഡിയൻ എന്നിവയും റോഡിന്റെ പ്രത്യേകതകളാണ്. എല്ലാ നെറ്റ്‌വർക്ക് ലൈനുകളുടെയും കേബിളുകൾ റോഡിനടിയിലേക്കു മാറ്റി, ഡ്രെയിനേജ് ലൈനുകൾ പ്രത്യേക ഡക്ട് വഴി കടത്തിവിട്ടതിനാൽ ഇവയുടെ അറ്റകുറ്റപ്പണികൾ റോഡ് കുത്തിപ്പൊളിക്കാതെ നടത്താമെന്നതാണ് ഏറ്റവും വലിയ സവിശേഷതയായി ഉദ്ഘാടന സമയത്ത് റോഡിന്റെ നിർമ്മാതാക്കൾ അവകാശപ്പെട്ടിരുന്നത്.
എന്നാൽ, നഗരത്തിന് അലങ്കാരമായി മാറിയ സ്‌മാർട്ട് റോഡുകളിൽ ഒന്ന് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ തികയുന്നതിനു മുമ്പ് കുത്തിപ്പൊളിക്കേണ്ടിവന്നിരിക്കുന്നു. 33.02 കോടി രൂപ ചെലവഴിച്ച് പുനർ നിർമ്മിച്ച കിള്ളിപ്പാലം - അട്ടക്കുളങ്ങര സ്‌മാർട്ട് റോഡാണ് പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കാനായി പൊളിക്കേണ്ടിവന്നത്. ഇതോടെ സ്‌മാർട്ട് റോഡ് ഒരിക്കലും കുത്തിപ്പൊളിക്കേണ്ടി വരില്ലെന്ന അധികൃതരുടെ അവകാശവാദം കൂടിയാണ് പൊളിഞ്ഞുവീണിരിക്കുന്നത്. കൊത്തുവാൾ തെരുവിന് എതിർവശത്ത് റോഡിന്റെ മദ്ധ്യത്തിൽ പൈപ്പ് പൊട്ടിയത് ദിവസങ്ങളോളം നീണ്ട അറ്റകുറ്റപ്പണിക്കു ശേഷം ജല അതോറിട്ടി പരിഹരിച്ചിട്ടുണ്ട്. റോഡിന്റെ നിർമ്മാതാക്കൾ ജല അതോറിട്ടിയുടെ കാര്യക്ഷമതയില്ലായ്മയാണ് റോഡ് വെട്ടിപ്പൊളിക്കാൻ ഇടയാക്കിയതെന്നാണ് കുറ്റപ്പെടുത്തുന്നത്. റോഡുകൾ നവീകരിക്കുന്നതിനു മുമ്പ് നൽകിയ പണം കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റാനായി ജല അതോറിട്ടി ഉപയോഗിച്ചില്ലെന്ന അവരുടെ ആരോപണം വളരെ ഗുരുതരമാണ്.
ജല അതോറിട്ടിയെ സംബന്ധിച്ചിടത്തോളം റോഡ് വെട്ടിപ്പൊളിച്ച് അറ്റകുറ്റപ്പണി നടത്തുന്നത് ഉദ്യോഗസ്ഥന്മാരുടെ പോക്കറ്റ് നിറയ്ക്കുന്ന ഒരു ചാകര കൂടിയാണ്. അടിയന്തരമായ പണി ആയതിനാൽ അവർക്ക് ഇഷ്ടപ്പെട്ട കരാറുകാരനെ ഏല്പിക്കാം. പണവും ഉടനെ വിതരണം ചെയ്യും. അതിനാൽ റോഡിൽ പൈപ്പ് പൊട്ടുന്നതിന്റെ പേരിൽ ഒരു കാലത്ത് സ്ഥിരം റോഡുകൾ വെട്ടിപ്പൊളിക്കുമായിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയതോടെ വൈദ്യുതി, ജലസേചന, പൊതുമരാമത്ത് മന്ത്രിമാർ പ്രത്യേക യോഗം കൂടി മാർഗനിർദ്ദേശങ്ങൾ നൽകിയതിനു ശേഷം ഇത്തരം പൊളിക്കലുകൾ കുറഞ്ഞിരുന്നതാണ്. ജല അതോറിട്ടിയുടെ അനാസ്ഥയ്ക്കു പുറമെ, വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇത്തരം പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. ഇത് നഗരത്തിലെ താമസക്കാർക്കും വാഹന യാത്രക്കാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.
റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച 12 റോഡുകളിലെ പൈപ്പുകളുടെ അറ്റകുറ്റപ്പണിക്കായി 20 കോടിയും, കോർപ്പറേഷൻ റോഡുകളിലെ പണിക്കായി 10 കോടി രൂപയും ജല അതോറിട്ടിക്ക് മുൻകൂറായി നൽകിയിരുന്നെന്ന് തിരുവനന്തപുരം സ്‌മാർട്ട് സിറ്റി ലിമിറ്റഡ് അധികൃതർ വ്യക്തമാക്കുന്നു. പൊട്ടാൻ സാദ്ധ്യതയുള്ള പൈപ്പുകൾ മാറ്റുന്നതിനും മാൻഹോളുകൾ നിർമ്മിക്കുന്നതിനുമാണ് തുക നൽകിയത്. ഇതിന്റെ പകുതി പോലും ചെലവഴിച്ചിട്ടില്ലെന്ന് അവർ ആരോപിക്കുന്നു. ഇത്തരം നിരുത്തരവാദപരമായ നടപടികൾ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും നടപടിയും എടുക്കാൻ സർക്കാർ തയ്യാറാകണം. പുതിയ സ്‌മാർട്ട് റോഡുകൾക്കടിയിൽ പൊട്ടാൻ സാദ്ധ്യതയുള്ള പൈപ്പുകൾ എവിടെയെല്ലാം കിടപ്പുണ്ടെന്ന് ജല അതോറിട്ടിക്കു മാത്രമേ അറിയാനാകൂ. അവർ മിണ്ടാതിരിക്കുന്നതിനാൽ വീണ്ടും സ്‌മാർട്ട് റോഡിൽ വെട്ടിപ്പൊളിക്കൽ ഉണ്ടായാൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. എല്ലാം അനുഭവിക്കാനാണല്ലോ ജനങ്ങളുടെ വിധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |