
രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കുന്നത് സംബന്ധിച്ച ഉത്തരവിൽ വ്യക്തത ഇല്ലാതിരുന്നത് ഒട്ടേറെ സംശയങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച് വന്ന പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ഇടയാക്കി. അതിൽ ഏറ്റവും പ്രധാനം രേഖയും സത്യവാങ്‌മൂലവും നൽകാതെ ബാങ്കിൽ നോട്ട് മാറ്റാനാകില്ലെന്ന വ്യാജ പ്രചാരണമായിരുന്നു. തുടക്കത്തിൽത്തന്നെ വ്യക്തതയുള്ള ഉത്തരവ് ഇറക്കിയിരുന്നെങ്കിൽ ഇത്തരം പ്രചാരണങ്ങൾ ഉണ്ടാകില്ലായിരുന്നു. നോട്ട് പിൻവലിക്കുന്ന ഉത്തരവ് പുറത്തുവന്നതിനുശേഷം രണ്ടുദിവസം കഴിഞ്ഞ് എസ്.ബി.ഐ നോട്ട് മാറുന്നത് സംബന്ധിച്ച് വ്യക്തതയുള്ള നിർദ്ദേശം പുറപ്പെടുവിച്ചത് ജനങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ്. 20,000 രൂപവരെ മൂല്യമുള്ള 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ തിരിച്ചറിയൽ രേഖയും പ്രത്യേക അപേക്ഷാഫോമും ആവശ്യമില്ലെന്ന് എസ്.ബി.ഐ അറിയിച്ചു. ഒരു ദിവസം എത്രതവണ വേണമെങ്കിലും ഈ രീതിയിൽ എസ്.ബി.ഐ ശാഖകളിൽനിന്നു മാറ്റിയെടുക്കാം. ഇതിന് ബാങ്ക് അക്കൗണ്ട് ആവശ്യമില്ല.
രണ്ടായിരത്തിന്റെ 10 നോട്ടുകൾ മാത്രമേ ഒരുതവണ മാറ്റാനാകൂ. വീണ്ടും മാറ്റണമെങ്കിൽ അതേ ക്യൂവിൽ വീണ്ടും നിൽക്കണം. ഇപ്പോൾ ബാങ്കിൽ 50,000 രൂപയ്ക്ക് താഴെയുള്ള തുക ക്യാഷായി നിക്ഷേപിക്കാം. അതിന് പാൻകാർഡും മറ്റ് രേഖകളുമൊന്നും ഹാജരാക്കേണ്ട കാര്യമില്ല. അതുപോലെ 2000 രൂപയുടെ 50,000 രൂപ വരെ മൂല്യമുള്ള നോട്ടുകൾ മാറ്റിയെടുക്കാൻ അനുവദിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് പല തവണ ക്യൂ നിൽക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. മദ്ധ്യവർഗത്തിലുള്ളവരുടെയും അതിന് മുകളിലുള്ളവരുടെയും പക്കലായിരിക്കും ഇത്തരം നോട്ടുകളിൽ ഭൂരിഭാഗവും ഉണ്ടാവുക. തിരക്കുപിടിച്ച ജീവിതം നയിക്കുന്നവരാണ് പൊതുവെ ഈ വിഭാഗത്തിൽ വരുന്നത്. പലതവണ ബാങ്കിൽ ക്യൂ നിന്ന് അവരുടെ വിലപ്പെട്ട സമയം കളയേണ്ടിവരുന്നത് ആശാസ്യമല്ല.
അതുപോലെ, സംസ്ഥാനത്തെ ട്രഷറികൾക്ക് ധനവകുപ്പ് വ്യക്തമായ നിർദ്ദേശം നൽകാത്തതിനാൽ നോട്ട് സ്വീകരിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ശനിയാഴ്ച ട്രഷറി പ്രവർത്തിച്ചെങ്കിലും 2000 രൂപ നോട്ട് ജനങ്ങളിൽ നിന്ന് സ്വീകരിച്ചിരുന്നില്ല. ട്രഷറി 2000 രൂപ നോട്ട് സ്വീകരിക്കാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുള്ളതിനാൽ എത്രയും പെട്ടെന്ന് വ്യക്തതയുള്ള തീരുമാനമുണ്ടാകണം.
കെ.എസ്.ആർ.ടി.സിയിലും ബിവറേജസ് കോർപ്പറേഷനിലും മറ്റും ഈ നോട്ട് സ്വീകരിക്കുന്നതിനാൽ ട്രഷറിയിലും സ്വീകരിക്കേണ്ടതാണ്. കാരണം സർക്കാരിന്റെ മറ്റ് സ്ഥാപനങ്ങളിൽ സ്വീകരിക്കുന്ന നോട്ട് ആത്യന്തികമായി ട്രഷറിയിലും എത്തേണ്ടതാണല്ലോ. നോട്ട് നിരോധനത്തെ തുടർന്ന് 2016-ൽ ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് കണക്കില്ല. നോട്ട് മാറാൻ മണിക്കൂറുകളോളം പലർക്കും അന്ന് ബാങ്കുകളിൽ ക്യൂനിൽക്കേണ്ടിവന്നു. ക്യൂ നിന്നവരിൽ ചിലർ കുഴഞ്ഞുവീണു മരിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചത് വിപണിയിൽ വലിയ ആഘാതമുണ്ടാക്കിയിരുന്നു. ഇത്തരം വലിയ ചലനങ്ങളൊന്നും 2000 രൂപയുടെ പിൻവലിക്കൽ സൃഷ്ടിക്കില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതേസമയം, കൃഷി, ചെറുകിട വ്യവസായം, വ്യാപാരികൾ എന്നിവരെ ആർ.ബി.ഐ തീരുമാനം നേരിട്ട് ബാധിക്കാനിടയുണ്ട്. സ്വർണ്ണവില വീണ്ടും ഉയരാനും ഈ തീരുമാനം ഇടയാക്കിയേക്കാം. നോട്ടുകൾ സംബന്ധിച്ച് ഒരു സ്ഥിരതയില്ലാത്ത സ്ഥിതിയുണ്ടാകുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പൊതുവെ ഗുണകരമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |