SignIn
Kerala Kaumudi Online
Friday, 20 September 2024 4.31 AM IST

കൊല്ലുന്ന കളികൾക്കെതിരെ നിയമം വേണം

Increase Font Size Decrease Font Size Print Page

game

ഓൺലൈൻ ഗെയിമുകളുടെ ചതിക്കുഴിയിൽപ്പെട്ട് ഒരു കുട്ടി കൂടി ജീവനൊടുക്കിയ വാർത്ത ഞെട്ടലോടുകൂടിയേ വായിക്കാനാകൂ. ഇരിങ്ങാലക്കുട കൊരുമ്പിശേരി പോക്കർ പറമ്പിൽ ഷാബിയുടെ പുത്രൻ ആകാശ് എന്ന പതിന്നാലുകാരന്റെ ജഡം കൂടൽമാണിക്യം കുട്ടൻകുളത്തിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഓൺലൈൻ ഗെയിം കളിച്ച് അയ്യായിരം രൂപ നഷ്ടപ്പെടുത്തിയ കുട്ടി വിഷമം താങ്ങാനാവാതെ കുളത്തിൽച്ചാടി ജീവനൊടുക്കിയതാകാമെന്നാണ് സംശയിക്കുന്നത്. ഗെയിം കളിച്ച് പണം നഷ്ടപ്പെടുത്തിയ കാര്യം മാതാപിതാക്കൾ അറിഞ്ഞാലുണ്ടാകാവുന്ന ഭവിഷ്യത്ത് പേടിച്ചാകാം ജീവിതം തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. നല്ലതേത് ചീത്തയേത് എന്നു തിരിച്ചറിയാനാകാത്ത പ്രായത്തിൽ ഓൺലൈൻ ഗെയിമുകളുടെ മാസ്‌മരിക ലോകത്തു കുടുങ്ങി ഒടുവിൽ എന്തുചെയ്യണമെന്നറിയാതെ മാതാപിതാക്കൾക്കും കൂടപ്പിറപ്പുകൾക്കും ഉറ്റ ബന്ധുമിത്രാദികൾക്കും തീരാദുഃഖം സമ്മാനിച്ചവരിൽ ആകാശ് മാത്രമല്ല ഉള്ളത്. ഒരാഴ്ചമുമ്പ് തിരുവനന്തപുരം ചിറയിൻകീഴിൽ സാബിത്ത് മുഹമ്മദ് എന്ന പതിന്നാലുകാരനും ജീവനൊടുക്കിയിരുന്നു. ദുഃഖകരമായ ആ സംഭവത്തിനു പിന്നിലും സ്‌മാർട്ട് ഫോണുകളിൽ ലഭ്യമാകുന്ന കില്ലർ ഗെയിമാണെന്നാണു സംശയിക്കുന്നത്. തക്കസമയത്ത് രക്ഷാകർത്താക്കൾക്ക് ഇടപെടാൻ കഴിഞ്ഞാൽ ഇത്തരക്കാരെ രക്ഷപ്പെടുത്താനാകും.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പഠനം ടിവിയിലേക്കും സ്മാർട്ട് ഫോണുകളിലേക്കും മാറിയതോടെ സകല കുട്ടികൾക്കും പഠിക്കാൻ മാത്രമല്ല കളിക്കാനും ഫോണുകൾ അനായാസം ലഭ്യമായിട്ടുണ്ട്. ക്ളാസില്ലാത്ത സമയങ്ങളിലും ഫോണുകൾ കൈവശമുള്ള കുട്ടികൾക്ക് കളിക്കാനുള്ള വകകൾ ഇഷ്ടംപോലെ അതിലുള്ളപ്പോൾ അവയൊക്കെ പരീക്ഷിക്കാൻ ജിജ്ഞാസ തോന്നും. എത്രയൊക്കെ മുന്നറിയിപ്പുകൾ നൽകിയിട്ടും ഇത്തരം കില്ലർ ഗെയിമുകളുടെ വലയിൽ വീഴാൻ ധാരാളം പേർ മുന്നോട്ടുവരുന്നുമുണ്ട്. തിരുവനന്തപുരത്ത് ട്രഷറി ഉദ്യോഗസ്ഥൻ നിക്ഷേപകരുടെ രണ്ടുകോടിയിൽപ്പരം രൂപ തിരിമറി നടത്തി ഓൺലൈൻ റെമ്മി കളിച്ച് സർവീസിൽ നിന്ന് പുറത്തായ വാർത്ത വന്നിട്ട് അധികകാലമായില്ല.സമൂഹത്തെ ആകമാനം ദുരിതക്കയത്തിലാക്കുന്ന വിനാശകരമായ ഓൺലൈൻ കളികൾക്കെതിരെ മുതിർന്നവരിലും കുട്ടികളിലും അവബോധം സൃഷ്ടിക്കുക മാത്രമാണ് ഇതിൽനിന്നു രക്ഷപ്പെടാനുള്ള വഴി. ഇത്തരുണത്തിൽ ഓൺലൈൻ റമ്മി കളി നിരോധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ നിർഭാഗ്യകരമായ വിധിയെക്കുറിച്ചും പറയേണ്ടതുണ്ട്. സാമൂഹ്യനന്മയെക്കരുതിയാണ് സർക്കാർ നടപടി എടുത്തതെന്നു വ്യക്തം.പുതിയൊരു ഓർഡിനൻസ് വഴി നിരോധനം വീണ്ടും കൊണ്ടുവരാൻ സർക്കാരിനു കഴിയും. ഇതേ സാഹചര്യം കർണാടകയിലും ഉണ്ടായപ്പോൾ കർണാടക സർക്കാർ ഓർഡിനൻസ് ഇറക്കിയാണ് കോടതി ഉത്തരവ് മറികടന്നത്. ഇവിടെയും അത്തരമൊരു നിയമ നടപടിയെക്കുറിച്ച് സർക്കാരിന് ഇനിയും ആലോചിക്കാവുന്നതേയുള്ളൂ.

കുട്ടികളുടെ മൊബൈൽ ഉപയോഗം കർശനമായി നിരീക്ഷിക്കാനും ചതിയിൽ വീഴാതെ അവരെ രക്ഷിക്കാനും മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും കർക്കശമായ നിരീക്ഷണം അത്യന്താപേക്ഷിതമാണ്. തെറ്റുകളിലേക്കു വഴുതിവീഴാതിരിക്കാൻ അദ്ധ്യാപകരും കുട്ടികൾക്കാവശ്യമായ മാർഗനിർദ്ദേശങ്ങളുമായി മുന്നോട്ടുവരേണ്ടതുണ്ട്. വിദ്യാലയങ്ങൾ ഭാഗികമായേ തുറന്നിട്ടുള്ളൂ. പകുതിയിലേറെ കുട്ടികളും ഇപ്പോഴും ഓൺലൈൻ മാർഗമാണ് പിന്തുടരുന്നത്. എല്ലാ മാതാപിതാക്കൾക്കും എപ്പോഴും കുട്ടികളുടെ മൊബൈൽ ഉപയോഗം നിരീക്ഷിക്കാൻ സൗകര്യമുണ്ടാകണമെന്നില്ല. വയറ്റുപ്പിഴപ്പിനുള്ള വക തേടിപ്പോകുന്നവരാണ് ഏറെയും. അങ്ങനെയുള്ള ഇടങ്ങളിൽ കുട്ടികൾക്കുള്ള ബോധവത്‌‌കരണം മാത്രമാണ് ഏക രക്ഷാമാർഗം. പാഠ്യവിഷയമായി ഉൾപ്പെടുത്തി ഇതു നിർവഹിക്കാവുന്നതേയുള്ളൂ. അതിനെക്കുറിച്ചും സർക്കാർ ആലോചിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ONLINE GAME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.